കോഴിക്കോട്: ലോക പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്ഹില്ലിലെ കൃഷ്ണമേനോന് മ്യൂസിയം ആര്‍ട്ട് ഗ്യാലറിയില്‍ വിദ്യാര്‍ഥികള്‍ക്കായി ഗോത്ര കലാ പാരമ്പര്യം സംബന്ധിച്ച ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഗദ്ദിക, മ്യൂസിയം വകുപ്പ് ടാക്സി ഡെര്‍മിസ്റ്റ് കെകെ ഗിരീഷ് ബാബു തയ്യാറാക്കിയ വട്ടക്കളിയെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.
സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എസ്എന്‍ കോളേജ്, ഈസ്റ്റ്ഹില്‍ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ നിന്നായെത്തിയ 120 വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ് പ്രദര്‍ശനം നടന്നത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഗോത്രകലാ പൈതൃകത്തിന്റെ വര്‍ത്തമാനകാല സാമൂഹിക, രാഷ്ട്രീയ പ്രസക്തി വിഷയമായി. മ്യൂസിയം വകുപ്പ് സൂപ്രണ്ട് പിഎസ് പ്രിയരാജന്, പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് അസിസ്റ്റന്റ് കൃഷ്ണരാജ്, ഡോ. ദീപേഷ് കരിമ്പുങ്കര, കെസി സരിത, ഡോ. കെപി അജയ്കുമാര്‍, ആര്‍എം ഷാജു, അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ 19 മുതല്‍ 25 വരെയാണ് പൈതൃകവാരമായി ആഘോഷിക്കുന്നത്.

