കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് മുഹമ്മദ് ബ്നു അലാ ഇദ്ദീൻ ഹിമ്സി (റ)ൻ്റെ 465ാം ഉറൂസ് മുബാറക് അപ്പവാണിഭ നേർച്ചയുടെ സമാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കലിമ പതാക സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് മൗലാനാ മൂസക്കുട്ടി ഹസ്രത് മഖാം അങ്കണത്തിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി ഉയർത്തി ഇ കെ അബൂബക്കർ മുസ്ലിയാർ മൊറയൂർ ഓത്തിടൽ കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പണ്ഡിത സംഗമം സയ്യിദ് റശീദലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. നാലര നൂറ്റാണ്ട് മുമ്പ് ജീവിച്ച സ്മര്യ പുരുഷന്റെ സന്നിധിയിൽ കോടിക്കണക്കിന് വിശ്വാസികൾ സന്ദർശിക്കാനുള്ള കാരണം അദ്ദേഹം ജീവിച്ച കാലത്തു മുഴുവൻ മനുഷ്യരുടേയും ഇഹപര മോക്ഷത്തിനു വേണ്ടി ജീവിതം സ്വയം സമർപ്പിച്ചതിനാലാണെന്ന് തങ്ങൾ പ്രസ്താവിച്ചു.
മൗലാനാ മൂസക്കുട്ടി ഹസ്റത് അധ്യക്ഷ പ്രസംഗത്തിൽ ആത്മീയതയുടെ അഭാവം അഭിനവ തലമുറയെ അപഥ സഞ്ചാരം ചെയ്യിക്കുന്നുവെന്നും മഹാത്മാക്കളെ അനുസ്മരിക്കലും അവരുടെ ജീവിതരീതി അനുധാവനം ചെയ്യുന്നതും അതിനൊരു പരിഹാരമാകുമെന്നും വിശദീകരിച്ചു.
എ വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, തഖിയുദ്ദീൻ ഹൈതമി, ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുൽ ഗഫ്ഫാർ ദാരിമി, അബ്ദുൽ ഗഫൂർ ഹൈതമി, കുട്ടി ഹസൻ ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.
27 ന് ശനിയാഴ്ച രാവിലെ 10:30 ന് നടക്കുന്ന സമാപന ഖത്മുൽ ഖുർആൻ സംഗമത്തിന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകുന്നതാണ് പണ്ഡിതന്മാരും സാദാത്തുക്കളും പങ്കെടുക്കും.
അപ്പവാണിഭ നേർച്ചക്ക് കൊടിയേറി

