വേനലവധി അടിച്ചുപൊളിക്കാൻ സർഗാലയയിൽ ‘സമ്മർ സ്പ്ലാഷ്’

പയ്യോളി(കോഴിക്കോട്): വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറുദീസയൊരുക്കാൻ സർഗാലയ. സർഗാലയയിൽ ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായി വേനലവധിപരിപാടികളുമായി മ മെയ് 2 മുതൽ 13 വരെ സംഘടിപ്പിക്കുന്ന ‘സമ്മർ സ്പ്ലാഷ്’ സന്ദർശകർക്ക് അവിസ്മരണീയ അനുഭവമാകും.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വൈവിധ്യമേറിയ വിനോദങ്ങൾ, സ്ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശില്പശാലകൾ, കോലമിടൽ മത്സരം, കേരളീയ ചുമർചിത്ര ശിൽപ്പശാല, കേരളത്തിലെ മികച്ച 50-ൽപ്പരം കലാകാരരുടെ ചിത്രപ്രദർശനം, ബൊഗൈൻവില്ല പ്രദർശനം, ബോൺസായ് പ്രദർശനം, വാണിജ്യസ്റ്റാളുകൾ, കുതിരസവാരി, ഒട്ടകസവാരി, കുട്ടികൾക്കായി സ്കേറ്റിങ്, പട്ടം തയ്യാറാക്കൽ  പോലുള്ള ശില്പശാലകൾ, ആകർഷകമായ ഗെയിംസ് സോൺ, റിമോട്ട് കൺട്രോൾ പട്ടങ്ങളുടെ പ്രദർശനം, ഫുഡ്‌ഫെസ്റ്റ്, വിവിധ കലാപരിപാടികൾ എന്നിങ്ങനെ അതിവിപുലമാണ് പരിപാടികൾ.

നൂറിൽപ്പരം കരകൗശലവിദഗ്ദ്ധരുടെ സ്ഥിരം കരകൗശലനിർമ്മാണ യൂണിറ്റുകൾ, പതിനായിരക്കണക്കിനു കരകൗശലസൃഷ്ടികൾ, സ്ഥിരം വിനോദോപാധികളായ പെഡൽ, മോട്ടോർ ബോട്ടിങ് എന്നിവയ്ക്കു പുറമെയാണിതെല്ലാം. വിദേശ വിനോദസഞ്ചാരികളുൾപ്പെടെ ഒരുലക്ഷത്തിൽപ്പരം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

വനിതകൾക്കായി മെയ് 2, 3 തീയതികളിൽ പ്രശസ്ത നൃത്തപരിശീലകൻ ഗിരിധറിന്റെ നേതൃത്വത്തിൽ നടത്തുന്ന കഥക് ശിൽപശാല, ഡാൻസ് തെറാപ്പി, 3, 4 തീയ്യതികളിൽ എസ്.എസ്. ബാലസുബ്രഹ്മണ്യൻ പാലക്കാടിന്റെ നേതൃത്വത്തിൽ നടത്തുന്ന കോലം ശിൽപശാല, കോലമിടൽ മത്സരം എന്നിവയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് സർഗാലയ ഓഫീസിൽ ബന്ധപ്പെടുക : 9446304222, 8301070205.

Leave a Reply

Your email address will not be published. Required fields are marked *