കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പേരാമ്പ്ര ജോബ് ഫെസ്റ്റിൽ റിപ്പോർട്ട് ചെയ്തത് 1250 ഒഴിവുകൾ. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷൻ, പട്ടികജാതി വികസന വകുപ്പ്, ഒഡേപെക് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
റജിസ്റ്റർ ചെയ്ത 40 ൽ അധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. എസ്എസ്എൽസി മുതൽ പ്രഫഷണൽ കോഴ്സ് വരെയുള്ളവർക്കുള്ള ഒഴിവുകളാണ് റിപ്പോർട്ടു ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി കെ പ്രമോദ്, സി കെ ശശി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ സജീവൻ, ശശി കുമാർ, പി കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ സി സുരേഷ്, താലൂക്ക് വ്യവസായ ഓഫീസർ പി വി സുഷമ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ പാത്തുമ്മ ടീച്ചർ സ്വാഗതവും ജോയിന്റ് ബിഡിഒ പി കെ സുജീഷ് നന്ദിയും പറഞ്ഞു.

