കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മുതിർന്ന വ്യക്തികളുടെ ശാക്തീകരണത്തിനായി കേരള ഗ്രാമീൺ ബാങ്ക് യുഎൽ കെയർ നായനാർ സദനത്തിലേക്കു സ്പോൺസർ ചെയ്ത ചെറുകിട ഉൽപ്പന്ന നിർമ്മാണ യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ നായനാർ ബാലികാ സദനത്തിൽ പ്രവർത്തിച്ചുവരുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലനകേന്ദ്രമായ യു എൽ കെയർ നായനാർ സദനത്തിലേക്ക് കോക്കനട്ട് സ്ക്രേപ്പിങ്, പേപ്പർ ബാഗ്, മോപ്പ്, ചൂല് എന്നിവയുടെ നിർമ്മാണത്തിനായുള്ള യന്ത്രങ്ങളാണ് കേരള ഗ്രാമീൺ ബാങ്ക് സ്പോൺസർ ചെയ്തത്.
“ഭിന്നശേഷിമേഖലയിൽ മാറ്റം കൊണ്ടുവരാൻ ഇത്തരം മാതൃകാ പദ്ധതികൾക്കാവും. ഭിന്നശേഷിശാക്തീകരണം വാക്കിൽ ഒതുക്കാതെ ഈ പദ്ധതിയിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിച്ച ഗ്രാമീൺ ബാങ്കിന് അഭിനന്ദനം. തുടർന്നും യുഎൽസിസിഎസ് ഫൌണ്ടേഷന്റെ സജീവപിന്തുണയോടെ ഭിന്നശേഷിക്കാർക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താനാകുമെന്ന് ഉറപ്പാണ്.” പദ്ധതി ഉദ്ഘാടനം ചെയ്ത് എംഎൽഎ പറഞ്ഞു.
ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ മുഖ്യാതിഥിയായി. യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ പി രാജേഷ് കുമാർ, കേരള ഗ്രാമീൺ ബാങ്ക് റീജ്യണൽ മാനേജർ രാഹുൽ കുമാർ കെ, വ്യവസായപ്രമുഖൻ രാഹുൽ ബാബുരാജ്, നായനാർ ചിൽഡ്രൻസ് ഹോംസ് സൊസൈറ്റി സെക്രട്ടറി പ്രൊഫ. സി. കെ. ഹരീന്ദ്രനാഥ്, യുഎൽ കെയർ നായനാർ സദനം പ്രൊജക്ട് ഡെവലപ്പ്മെന്റ് ഓഫീസർ എം മൻസൂർ, എന്നിവർ സംസാരിച്ചു. യുഎൽസിസിഎസ് ഫൗണ്ടേഷൻ മാനേജർ എ അഭിലാഷ് ശങ്കർ സ്വാഗതവും യുഎൽ കെയർ നായനാർ സദനം പ്രിൻസിപ്പൽ പി തങ്കമണി നന്ദിയും പറഞ്ഞു.
ഗ്രാമീൺ ബാങ്ക് യന്ത്രങ്ങൾ നല്കി; ഭിന്നശേഷിക്കാർ ഇനി ഉൽപ്പാദകർ

