” താങ്ക്സ് ഗിവിംഗ് “
വിരുന്നുകളിലേക്ക്

(അമേരിക്കയിലുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി കുഞ്ഞിരാമൻ എഴുതിയ കുറിപ്പ്)

വിശ്രമം കൊതിച്ചാണ് വന്നത്. പക്ഷേ … മനസ്സ് സമ്മതിക്കേണ്ടേ. വെറുതെയിരിക്കുമ്പോഴും കുതറിച്ചാടും . അങ്ങുമിങ്ങും പാഞ്ഞുകൊണ്ടേയിരിക്കും. കുസൃതി കൂടുതലുള്ള കുട്ടിയെപ്പോലെ . രാപകൽ ഭേദമില്ലാതെ. എന്തൊരു വാശിയാണ്. ഉറങ്ങാനും വിടില്ല. ആശ്വാസത്തിന്റെ തുരുത്തുകൾ പരതുകയാവാം. അങ്ങനെയൊരു പ്രകൃതമാണല്ലോ. സൃഷ്ടിയിലേ പിടിതരാത്ത ഒളിഞ്ഞിരിപ്പ് … ഒന്നിലും തൃപ്തിയടയാത്ത അലച്ചിൽ… എന്തുകൊണ്ടാണിങ്ങനെ. കാലാവസ്ഥയിലെ പൊടുന്നനെയുള്ള മാറ്റമാണോ കാരണം. അതോ അടുപ്പമുള്ള പരിസരങ്ങൾ വിട്ട് അകലെ ചേക്കേറിയതിന്റെ കലക്കമോ . അതുമല്ല , ഒതുക്കമില്ലാത്ത ഓർമകളുടെ തിരയിളക്കമോ …
വായനയും എഴുത്തുമായി രസമുള്ള ജീവിതമാണ്. മുമ്പാണേൽ ചില പുസ്തകങ്ങളിലങ്ങ് മുഴുകിപ്പോകുമായിരുന്നു. മറ്റൊന്നും കാണുകയും കേൾക്കുകയുമില്ല. ഇപ്പോൾ അങ്ങനെയല്ല. ഏതവസരത്തിലും തെന്നിപ്പോകും. ചിന്തകൾ കാടുകയറും. പേജുകൾ ആവർത്തിച്ചു മറിച്ചുനോക്കണം. എന്നാലേ തലയിൽ കയറൂ. മുതിർന്ന പൗരനായി പ്രൊമോഷൻ കിട്ടിയതിന്റെ ആലസ്യമാണോ. അത് പാടില്ലാത്തതാണ് … കാരണം ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ” വി എസിന്റെ ആത്മരേഖ ” യാണ് . ഏത് പ്രായത്തിലുള്ളവർക്കും കർമരംഗങ്ങളിൽ പ്രചോദനമാവേണ്ട ജീവിതചരിത്രം . എൺപത്തിരണ്ടാമത്തെ വയസ്സിൽ മുഖ്യമന്ത്രിയായി , തൊണ്ണൂറുകളിലും കേരളത്തിൽ എവിടെയും കുതിച്ചെത്തി ആളുകളെ ആവേശം കൊള്ളിച്ച ജനനായകൻ അച്യുതാനന്ദന്റെ . പ്രായാധിക്യം, തളർച്ച എന്നീ വാക്കുകളേ ആ പൊതുപ്രവർത്തന നിഘണ്ടുവിൽ ഇല്ലല്ലോ. പ്രശസ്ത പത്രപ്രവർത്തകൻ പി ജയനാഥിന്റെ രചനയാവട്ടെ ആ സജീവതയും സാഹസികതയും പൂർണമായി ഒപ്പിയെടുത്തതാണുതാനും. 84-ാം വയസ്സിൽ ശബരിമലയിലെ പതിനെട്ടാം പടിയിലേക്ക് ആറു കിലോമീറ്റർ ഒറ്റ നടപ്പിൽ കയറി, കൂടെയുള്ളവരെ അതിശയിപ്പിച്ച ചുറുചുറുക്ക് ഒന്ന് സങ്കല്പിച്ചുനോക്കൂ…. പ്രായം കൂട്ടി കുത്തിയിരിക്കാൻ പിന്നെ ആർക്കും തോന്നില്ല.
…കിടക്കാൻ പതിവിലേറെ വൈകുന്നുണ്ട്. അതുകൊണ്ടാകാം ലൈറ്റണച്ചൂടേന്ന് ഡാലിയമോൾ വന്നു ചോദിക്കുന്നത്. മരുമകൻ ദിലീപിന് ഒന്നിലും ഒരു പരാതിയുമില്ല.
ഭാര്യയുടെ കാര്യമോ … പ്രിയം കൂടുന്നവർക്ക് പരിഭവം തീരില്ലല്ലോ. എന്നാലും കാഴ്ചയിൽ വലിയ കുഴപ്പമില്ല. പണ്ടത്തെ മാതു ടീച്ചർതന്നെ. ശരീരഭാഷയിലേ സംശയത്തിന് പഴുതുള്ളൂ. അത് തണുപ്പിന്റെ കാഠിന്യംകൊണ്ടാവാം. അല്ലാതെ നോക്കിയാൽ അടൂർസിനിമകളിലെ നായികമാർക്ക് തുല്യം. സംഭാഷണം കുറഞ്ഞാലും ഭാവത്തിൽ മങ്ങലില്ല. തെളിഞ്ഞു കത്തുന്നത് അപൂർവം . എന്നാൽ പ്രകാശത്തിന് കുറവുമില്ല. ശരാശരിയിൽ അല്പം മേലെ. എന്തായാലും നല്ല ഉറക്കം കിട്ടുന്നുണ്ടല്ലോ. രാത്രി മാത്രമല്ല ചിലപ്പോൾ പകലും . സമാധാനത്തിന് മറ്റെന്തു വേണം … ഉള്ളിലെ ശാന്തതയുടെ തെളിവല്ലേ അസൂയ തോന്നിക്കുന്ന ഉറക്കം…
അതിനിടയ്ക്കാണ് ഇവിടെ മെംഫിസിൽ – അമേരിക്കയിലെങ്ങും – വീണ്ടുമൊരു ആഘോഷത്തിന്റെ കേളികൊട്ടുയരുന്നത് – “താങ്ക്സ് ഗിവിംഗ് ” എന്നാണ് അതിന്റെ പേര്. പ്രേതങ്ങളെ വരവേറ്റ, കുട്ടികൾ നിറഞ്ഞാടിയ, കാർഷികസമൃദ്ധി കൊണ്ടാടിയ ഹാലോവിൻ വാര മായിരുന്നു ആദ്യം. അന്യോന്യം കൊടുത്തും വാങ്ങിയും ബാല്യത്തിന്റെ സ്നേഹവാൽസല്യങ്ങൾ കാൻഡികളിൽ (മധുര മിഠായികൾ ) ചാലിച്ചു ചേർക്കുകയായിരുന്നു. പിന്നെ, കോവിഡ് മഹാമാരിക്കാലത്ത് മുടങ്ങിപ്പോയ ക്ഷീണമകറ്റി, പൂർവാധികം ഉത്സാഹത്തോടെ ഇന്ത്യാ ഫെസ്റ്റ് … മിക്കവാറും നമ്മുടെ എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുള്ള മെംഫിസിലെ ഇന്ത്യൻ അസോസിയേഷൻ ഒരുക്കിയ മികച്ച കലാമേള. രാജ്യത്തുള്ളപ്പോൾതന്നെ ഇത്രയും ഭാഷാ സാംസ്കാരിക വൈവിധ്യമാർന്ന പരിപാടി അപൂർമായേ കാണാനായിട്ടുള്ളൂ. അതും കഴിഞ്ഞിട്ട് അധികനാളായിട്ടില്ല.
ഇനി ഈ മാസം നാലാമത്തെ വ്യാഴാഴ്ചമുതലാണ് “താങ്ക്സ് ഗിവിംഗ് ” . അതായത് നന്ദിയർപ്പണം. ഒരാഴ്ച വിദ്യാലയങ്ങൾക്ക് അവധിയാണ്. എങ്ങും ഉൽസാഹനിറവ് ; ഞങ്ങൾക്കും… കൊച്ചുമക്കൾ – പാർത്ഥിപും
മേബലും അത്രയും നേരംകൂടി ഒപ്പമുണ്ടാവുമല്ലോ. വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. നാനാവിധ വിഭവങ്ങൾ പല നാടുകളിൽനിന്നായി എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെയുള്ളത് ടൺ കണക്കിന് ടർക്കി കോഴിയുടെ ഇറച്ചിയാണ്. ആ പാവം പക്ഷികളുടെ മരവിച്ച കൂട്ടവിലാപം തൂക്കിവില്പന തകൃതിയാണ് മാർക്കറ്റിൽ.
ഒരു കുടുബത്തിലെ ഒത്തുചേരലിനുള്ള ഇടത്തരം വലുപ്പമുള്ളതിന് (റോസ്റ്റഡ് ) 65 ഡോളറാണ് വില. ഏതാണ്ട് 5500 രൂപ. വൈകിപ്പോയാൽ താങ്ക്സ് ഗിവിംഗിനുള്ള പ്രത്യേക പേക്കറ്റ് കിട്ടാതാകും. അത്ര ഡിമാന്റാണ്.
യൂറോപ്പിലെ കൃസ്തീയ പുരോഹിതന്മാർ അമേരിക്കൻ വൻകരയിലേക്ക് നടത്തിയ പ്രഥമ തീർത്ഥയാത്രയുടെ ഓർമകളെ വരെ സ്പർശിക്കുന്നതാണ് താങ്ക്സ് ഗിവിംഗ് . തീർത്ഥയാത്രയുടെ ചുവടുപിടിച്ചായിരുന്നു ആദ്യകാലത്തെ ബ്രിട്ടീഷ് കുടിയേറ്റവും. അവർക്ക് സ്വദേശികളായ ഗോത്രജനതയുമായി ചിലേടത്ത് ഏറ്റുമുട്ടേണ്ടിവന്നിരുന്നു. എന്നാൽ പിന്നീട് യോജിപ്പിലെത്തി. കൂട്ടായി കൃഷി തുടങ്ങി. നല്ല വിളവെടുപ്പുമുണ്ടായി. അതിലുള്ള നന്ദിയും ആഹ്ലാദവും പങ്കിടാൻ അവർ ഒരുമിച്ച് ഭക്ഷണം പാചകംചെയ്ത് കഴിച്ചു. പാതിരിമാരാണ്
ഇതിന് മുൻകൈ എടുത്തത്. അവർക്കുള്ള നന്ദി സൂചകമായി വന്ന പേരാണ് താങ്ക്സ് ഗിവിംഗ് . ഇതിന്റെ തുടക്കവുമായി ബന്ധപ്പെട്ട തിയ്യതിയിൽ സ്ഥിരീകരണമായിട്ടില്ല. 1621 ൽ എന്നാണ് ഏതാണ്ട് ആധികാരികതയുള്ള നിഗമനം. 1939, 40, 41 വർഷങ്ങളിൽ യഥാക്രമം 23, 21, 20 തിയ്യതികളിൽ ആദ്യ കുടിയേറ്റസ്ഥലങ്ങളിൽ നടത്തിയ ആഘോഷമാണ് ഒടുവിൽ ഔദ്യോഗികമായി സ്വീകരിച്ചത്. അതിൽനിന്ന് ഏകീകരിച്ച ധാരണയായി നവംബറിലെ നാലാമത്തെ വ്യാഴാഴ്ച എന്ന് തീരുമാനിക്കുകയായിരുന്നു. അമേരിക്കൻ കോൺഗ്രസ് ( പാർലമെന്റ് ) അംഗീകരിച്ച് പ്രഖ്യാപിച്ച ആഘോഷ അവധി ദിനമാണിത്. കുടുംബങ്ങളുടെ ഒത്തുചേരലുകളുടെയും സൗഹൃദ വിരുന്നുകളുടെയും കാലമാണിത്. ഭിന്നതകൾ മറന്നുള്ള ഐക്യപ്പെടലിന്റെയും യോജിച്ച മുന്നേറ്റത്തിന്റെയും സന്ദേശത്തിനാണ് ഊന്നൽ. ഇഷ്ടങ്ങൾ പൊതിഞ്ഞ സമ്മാനങ്ങൾ കൈമാറലും പരസ്പരാശ്ളേഷവും പ്രധാനം. ചില ചർച്ചുകളിലും മറ്റും അനുസ്മരണ ചടങ്ങുകളും ഉണ്ടാകും. സ്ഥാപനങ്ങളിൽ സ്റ്റാഫിന്റെ സംഗമവും പാരിതോഷിക വിതരണവും നടക്കും.
ഒക്ടോബർ മുതൽ ജനുവരി വരെയാണ് യു എസിൽ ഉത്സവകാലം. കർക്കിടകപ്പാതി കഴിഞ്ഞാൽ കേരളത്തിൽ ഓണത്തിന്റെ കാത്തിരിപ്പുവേള യാണല്ലോ. കരിമേഘങ്ങളും ഇടിമുഴക്കവും മാറി ആകാശം തെളിയുന്ന ചിങ്ങപ്പിറവിയിൽ കണ്ണുനട്ട് … ഇവിടെയോ , നവംബർ പകുതി കടന്നാൽ ക്രിസ്മസിന്റെ കൗണ്ട് ഡൗൺ തുടങ്ങുകയായി. ഒരു മാസത്തോളം പിന്നെ ക്രിസ്മസ് – പുതുവത്സര ആഘോഷത്തിമിർപ്പിലാവും. അതൊക്കെയൊന്ന് നിറഞ്ഞു കണ്ട് സന്തോഷത്തിൽ അലിയട്ടെ. അങ്ങനെ കരുതിയാണ് ശൈത്യമാണെങ്കിലും ഇപ്പോൾതന്നെ ഇങ്ങോട്ട് മക്കൾ വിളിച്ചുവരുത്തിയത്. കഴിഞ്ഞ സന്ദർശനം വേറെ സീസണിൽ ആയിരുന്നു.
” താങ്ക്സ് ഗിവിംഗി “ന്റെ ഉൽപ്പത്തി കഥയറിയാൻ ഗൂഗിളിൽ തപ്പിനോക്കിയതാണ്. പക്ഷേ, വിശദമായി ഒന്നുമില്ല. ” പിൽഗ്രിമേജി “ന്റെ ഭാഗത്ത് ചെറിയ പരാമർശമേയുള്ളൂ വിക്കീപീഡിയയിലും..
ഇനി സാഹിത്യ സൃഷ്ടികളിലെ വർണനകൾ കണ്ടെത്താൻ ശ്രമിക്കട്ടെ. താങ്ക്സ് ഗിവിംഗ് അമേരിക്കയിൽ ഏറെ പ്രധാനപ്പെട്ട ആഘോഷമല്ലേ . അതിനാൽ അതിന്റെ ഉൽഭവ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടേ … ചരിത്രഗ്രന്ഥങ്ങളിലെ ചിതലരിച്ച അക്ഷരങ്ങളിൽ ജനജീവിതത്തിന്റെ ഇന്നലെകളിലെ തുടിപ്പും താളവും തിരഞ്ഞാൽ കിട്ടില്ലല്ലോ. കേരളീയ സമൂഹത്തിന്റെ യഥാർത്ഥ നില വേണ്ട വിധത്തിൽ വിവരിക്കുന്ന ഏത് ചരിത്രരചനയാണുള്ളത്. തകഴിയുടെയും കേശവദേവിന്റെയും എസ് കെ പൊറ്റെക്കാട്ടിന്റെയും ബഷീറിന്റെയും ഉറൂബിന്റെയും എം ടി യുടെയും എൻ പി യുടെയും ചെറുകാടിന്റെയും ലളിതാംബികയുടെയും വൽസലയുടെയും മുകുന്ദന്റെയും മറ്റും നോവലുകകളിലെ ജീവിതക്കാഴ്ചകൾ തരുന്ന സാംസ്കാരിക വൈവിധ്യം വേറെ എവിടെനിന്ന് ഉൾക്കൊള്ളാനാവും … ടി പത്മനാഭൻ , മാധവിക്കുട്ടി മുതലായവരുടെ വിലപ്പെട്ട സൃഷ്ടികൾ … കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും തൊട്ടിങ്ങോട്ട് നാടിന്റെ നെടുവീർപ്പുകൾ ഒപ്പിയെടുത്ത
കവികളുടെ അമൂല്യ സംഭാവനകൾ … ഓരോ കാലഘട്ടത്തിന്റെയും കണ്ണാടിയായ എഴുത്തും വരയും നാടകവും ചലച്ചിത്രവും ഉൾപ്പെടെയുള്ള കലാവിഷ്കാരങ്ങൾ… അതെത്ര അപാരമാണ് ! അതിൽനിന്നെല്ലാം ആർജിക്കേണ്ട ഹൃദയവിശാലത ഇളംതലമുറകൾ “മിസ് ” ചെയ്യുന്നുണ്ടോ … കേവലമായ അറിവു തേടലിനപ്പുറമുള്ള
ആസ്വാദനത്തിന്റെ മേച്ചിൽപ്പുറങ്ങൾ. അങ്ങനെയെങ്കിൽ അതൊരു നികത്താനാവാത്ത നഷ്ടംതന്നെ.

Leave a Reply

Your email address will not be published. Required fields are marked *