എന്നെ നാടകം കാണാൻ ശീലിപ്പിച്ച സഹദേവൻ

കോയമുഹമ്മദ്  
  
കോഴിക്കോട്- വയനാട് റോഡിൽ മലാപ്പറമ്പിനും വെള്ളിമാട്കുന്നിനും ഇടയ്ക്ക് പാറോപ്പടി എന്ന സ്ഥലത്തെ എന്റെ ചെറുപ്പകാലത്ത് നാടകം കാണലിന് കൊല്ലത്തിൽ ഒന്നോ രണ്ടോ അവസരമാണ് വന്നുപെട്ടിരുന്നത്. മലാപ്പറമ്പിലെ ദേശോദ്ധാരിണി വായനശാലയുടെ, അല്ലെങ്കിൽ അവിടെ ക്രൈസ്റ്റ് ഹാളിനോടനുബന്ധിച്ചുള്ള സഹൃദയ റീഡിങ് ക്ലബ് & ലൈബ്രറിയുടെ വാർഷികാഘോഷ വേളയിലായിരുന്നു അത്. കെ ടി രവിയുടെ ‘ഞാനും നാലണ മെമ്പറാണ് ‘ പോലുള്ള നാടകങ്ങളുടെയും മറ്റും ഉച്ചഭാഷിണി പ്രചാരവേലയൊക്കെ ശ്രദ്ധയിൽപ്പെടാറുണ്ടായിരുന്നെങ്കിലും അന്വേഷിച്ചുചെല്ലാൻ മാത്രമുള്ള നാടകക്കമ്പമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല താനും. പാറോപ്പടിയിലെ ചോലപ്പുറത്ത് യു പി സ്കൂൾ മുറ്റത്തുതന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ച്‌ അവതരിപ്പിക്കപ്പെട്ടതു പോലുള്ള നാടകങ്ങൾ (കമ്യൂണിസ്റ്റുബന്ധമുപേക്ഷിച്ച ഡോ. ഉസ്മാൻ ഒരു പ്രധാന കഥാപാത്രമായിരുന്നു അത്തരമൊരു  നാടകത്തിൽ എന്നാണോർമ) വൈകുന്നേരം കൂടണഞ്ഞു ശീലമില്ലാഞ്ഞതുകൊണ്ടുമാത്രം കാണാനിടയായെന്നേ പറയാനാവൂ.

ജെ ഡി ടി ഇസ്ലാം ഹൈസ്കൂളിൽ പഠിക്കുമ്പോൾത്തന്നെ എന്നെക്കൊണ്ട് തന്റെ രചനകൾ വായിപ്പിച്ച് അഭിപ്രായമാരാഞ്ഞിരുന്ന നാട്ടുകാരനായ തച്ചാംകോട്ടുമ്മൽ എ സഹദേവനാണ് പിന്നീട് നാടകങ്ങൾ സമീപത്തെവിടെയെങ്കിലുമുണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തുകയും കാണാൻ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തുപോന്നത്. ‘സഹദേവൻ പാറോപ്പടി’ എന്ന പേരിൽ (എ എസ് ദേവ് എന്ന് ഇടക്കാലത്തു സ്വീകരിച്ച പേര് അധികം വൈകാതെ ഉപേക്ഷിച്ചു) എന്റെ സുഹൃത്ത് നാടകങ്ങളും ചെറുകഥകളും എഴുതി ആകാശവാണിക്കും വിവിധ പ്രസിദ്ധീകരണങ്ങൾക്കും അയച്ചുകൊടുക്കാറുണ്ടായിരുന്നു.  അധികമൊന്നുമില്ലെങ്കിലും, അച്ചടിച്ചുവന്നതിനേക്കാളേറെ സഹദേവന്റെ സൃഷ്ടികൾ പ്രക്ഷേപണം ചെയ്യപ്പെടുകയാണുണ്ടായത്. 1960-70  കളാണ് കാലം. അവ പ്രക്ഷേപണം ചെയ്യുന്ന സമയത്ത് നാടകകൃത്തും സഹോദരൻ ടി കെ ദിവാകരനും കെ പി ചന്ദ്രനെപ്പോലുള്ള സുഹൃത്തുക്കളും  അടക്കം ഞങ്ങളൊരു സംഘം പാറോപ്പടിയിൽ സൗകര്യപ്രദമായ റേഡിയോ ഉള്ള ഇടം തേടിയൊരു പരക്കംപാച്ചിലുണ്ട്. റേഡിയോ സ്റ്റേഷൻ അധികൃതർ അറിയിച്ച ദിവസം നാടകം പ്രക്ഷേപണം ചെയ്യാതെപോയ അനുഭവമുണ്ടായിരുന്നതുകൊണ്ട് അന്നന്നത്തെ പത്രം നോക്കി ഉറപ്പു വരുത്തിയ ശേഷമേ  അടുത്ത കൂട്ടുകാരോടു പോലും ”ഇന്ന് എന്റെ നാടകമുണ്ട് ” എന്ന് സഹദേവൻ വെളിപ്പെടുത്താറുണ്ടായിരുന്നുള്ളു. 

നാടക മത്സരത്തിന് സ്ക്രിപ്റ്റയച്ച് ഈയടുത്തകാലംവരെയും പുതിയ അവസരം തേടിപ്പോന്ന സഹദേവന്റെ ‘നിന്റെ നിഴൽ എന്റെയും’, ‘ബന്ധനം’, ‘ആവരണം’, ‘വെളിച്ചം’ എന്നിങ്ങനെ ഏതാനും നാടകങ്ങൾ അന്നു ഞങ്ങൾ ഇങ്ങനെ ആഘോഷിച്ചിട്ടുണ്ട്.

ഇലക്ട്രിക്കൽ വയറിങ് കോൺട്രാക്ടറായി പ്രവർത്തിച്ചിരുന്ന സഹദേവന് കോഴിക്കോട് കോട്ടപ്പറമ്പിലെ
ലൈറ്റ്  ഇലക്ട്രിക്കൽസ് എന്ന സ്ഥാപനവുമായി നല്ല ബന്ധമുണ്ടായിരുന്നു. കെ ടി മുഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രൊഫഷണൽ നാടകസംരംഭമായ ‘സംഗമം’ തിയറ്റേഴ്സിന്റെ നായകരിലൊരാളായിരുന്ന പി എം ആലിക്കോയയുമായും അദ്ദേഹത്തിന്റെ മകൻ പ്രശസ്ത നാടകകൃത്ത് പി എം താജുമായും അങ്ങനെ എന്നേക്കാൾ എത്രയോ നേരത്തെ സഹദേവന് അടുപ്പമുണ്ടായിരുന്നുവെന്ന് പിന്നീടാണെനിക്കു മനസ്സിലായത്.

മദിരാശിയിൽ കുറെക്കാലം പ്രവർത്തിച്ചിരുന്ന സഹദേവൻ നാട്ടിൽ വരുമ്പോഴെല്ലാം തൻ്റെ പുതിയ  രചനകളെക്കുറിച്ചെന്ന പോലെ ജയകാന്തന്റെ ‘ഉന്നൈ പോലൊരുവൻ’, സേതുമാധവന്റെ ‘ദാഹം’ പോലുള്ള ചലച്ചിത്രങ്ങളെക്കുറിച്ചും അവയുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. റിലീസാകുന്ന സിനിമകൾ  ഒന്നൊഴിയാതെ കാണുകയും അവയുടെയൊക്കെ പോരായ്മകൾ എണ്ണിയെണ്ണി പറയുകയും ചെയ്യുമായിരുന്നു. സഹദേവൻ മികവു പറഞ്ഞ സിനിമകൾ ഏറെയൊന്നുമുണ്ടായിരുന്നില്ല. കുറെക്കാലം ചില തിരക്കഥാ മോഹങ്ങൾ കൊണ്ടുനടക്കുകയും ചെയ്തിരുന്നു.

നാട്ടിലേക്കു മടങ്ങി  തൊഴിൽ ആവശ്യാർഥം കടലുണ്ടിയിൽ തങ്ങിയപ്പോഴാണ് സഹദേവൻ തന്റെ നാടകങ്ങൾക്ക് പ്രധാനമായും വേദി കണ്ടെത്തിയത്. പാറോപ്പടിയിലെ  ചോലപ്പുറത്ത് യു പി സ്കൂൾ അങ്കണത്തിൽ ഇടയ്ക്കൊക്കെ അരങ്ങേറായ്കയല്ല. അതിനെയെല്ലാം അപേക്ഷിച്ച് കടലുണ്ടിയിൽ സഹദേവന് സഹൃദയരുടെ നല്ല പിന്തുണ ലഭിച്ചു. ആ നാടകസംരംഭങ്ങൾക്കു സാക്ഷിയാവാൻ കടലുണ്ടിയിലേക്കും തിരിച്ചും നടത്തിയ ലോക്കൽ ട്രെയിൻ യാത്രകൾപോലും ആ സഹൃദയത്വത്താൽ മധുരോദാരമായി ഞങ്ങൾ സുഹൃത്തുക്കൾക്ക് ഭവിച്ചിരുന്നു. 1972 ൽ അത്തരമൊരു കടലുണ്ടി യാത്രയിൽ പി എം താജും ഒപ്പമുണ്ടായിരുന്നു.

കടലുണ്ടിയിൽനിന്ന് പോന്നശേഷം സഹദേവൻ എഴുതിയ നാടകങ്ങളിലൊന്നാണ് ‘വെളിച്ചം’. പാറോപ്പടി ബസാറിൽ ഒരു പീടിക മുകളിൽ അക്കാലത്ത് ‘ഇതു മറുപടിയല്ല’ എന്ന നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോയതും ഓർമയുണ്ട്.

ഇടയ്‌ക്ക് സഹദേവൻ കാരപ്പറമ്പിൽ വീടന്വേഷിച്ചുവന്നത് നാടകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനായിരുന്നു. അനുകൂലമായൊരു വാക്കുപോലും എനിക്കന്നു പറയാൻ കഴിഞ്ഞിരിക്കുമെന്നു തോന്നുന്നില്ല. ഏറെക്കാലത്തിനു ശേഷം, കോവിഡിനു കുറെ മുമ്പുതന്നെ, പാറോപ്പടിയിൽ വീണ്ടും കണ്ടുമുട്ടിയപ്പോഴും പുതിയൊരു നാടകത്തെക്കുറിച്ച് സഹദേവൻ സംസാരിച്ചു. ഏറ്റവും അടുത്തു ലഭിക്കുന്ന അവസരത്തിൽ ഒരുപാട് നാടകവർത്തമാനങ്ങളുമായി എത്താമെന്ന് പാറോപ്പടിയിലെ സുഹൃത്തുക്കളും പഴയ അയൽവാസികളുമായ ടി കെ മാമുക്കോയയും കെ പി ചേക്കുവും സംഘടിപ്പിച്ചു തന്ന നമ്പറിൽ 2022 ആദ്യപാദത്തിൽ ഒരു നാൾ വിളിച്ചന്വേഷിച്ചപ്പോൾ സഹദേവൻ ഉറപ്പുതന്നു. പിന്നെയൊരു തിരക്കഥയുമായാണ് വന്നത്. പഴയകാല സുഹൃത്തുക്കളിലാർക്കോ അതിൻ്റെ പ്രമേയത്തിൽ വീണ്ടും താല്പര്യം ജനിച്ചിരിക്കുന്നു എന്നാണ് അന്നു പറഞ്ഞത്. അതു തിരിച്ചു വാങ്ങാൻ രണ്ടു ബസ്സു കയറി കാരപ്പറമ്പിലെ കുപ്രസിദ്ധമായ ട്രാഫിക്ക് ബ്ലോക്ക് നൂണ്ടുകടന്ന് വരാൻ നിൽക്കേണ്ടെന്നു കരുതി എത്രയുംവേഗം വായിച്ചു നോക്കി പാറോപ്പടിയിൽ കൊണ്ടുപോയി കൊടുക്കുകയാണ് ഞാൻ ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 30 ന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സഹദേവൻ അവസാനം വിളിച്ചത്. ദിവാകരൻ്റെ വിവരം അറിഞ്ഞോ, ആലുവക്ക് പോകുന്നുണ്ടോ എന്നു ചോദിക്കാൻ. ഒരു മണിക്കൂർ മുമ്പ് സതീശൻ വിളിച്ചു എന്ന് ഞാൻ പറഞ്ഞു.
ഇന്നലെ വൈകീട്ടും സതീശനാണ് ആദ്യം വിവരമറിയിച്ചത്. എന്നെ നാടകം കാണാൻ ശീലിപ്പിച്ച സഹദേവൻ പോയി എന്ന വിവരം.

കോയമുഹമ്മദ്

Leave a Reply

Your email address will not be published. Required fields are marked *