കോഴിക്കോട്: കെ ടി കുഞ്ഞിക്കണ്ണൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മതം വർഗീയത മൂലധനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും ആഗസ്റ്റ് 17ന് ശനിയാഴ്ച രാവിലെ 10 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക വകുപ്പ് മുൻമന്ത്രി എം എ ബേബി നിര്‍വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങും. കെ പി രാമനുണ്ണി, ഖദീജ മുംതാസ് എന്നിവർ സംസാരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും.
തുടർന്ന് നടക്കുന്ന വിവിധ സെമിനാറുകളിൽ കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ. കെ എം അനിൽ, ഡോ. എ എം ഷിനാസ്, പി എൻ ഗോപികൃഷ്ണൻ, ഡോ. പി പി അബ്ദുൾറസാഖ്, ഡോ. പ്രിയ പി, ഡോ. യു ഹേമന്ത്കുമാർ, ഗുലാബ് ജാൻ, ഡോ. പി എസ് ജിനീഷ് എന്നിവർ പങ്കെടുക്കും. രാവിലെ 10 മുതൽ 5 വരെയാണ് പരിപാടി.
നവലോകക്രമത്തിലെ വംശഹത്യകളെയും അതിന് പിറകിൽ പ്രവർത്തിക്കുന്ന മൂലധനതാൽപര്യങ്ങളെയും മതവംശീയതയിലധിഷ്ഠിതമായ നവഫാസിസത്തിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സുകളെയും വിശകലനം ചെയ്യുന്നതാണീ പുസ്തകം. സമകാലിക മുതലാളിത്തത്തിന്റെ ചലനക്രമ ത്തിനകത്തുനിന്ന് മതതീവ്രവാദത്തെയും വംശീയഭീകരതയെയും അപഗ്രഥനാത്മകമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ലോകമെമ്പാടും സംസ്‌കാരസംഘർഷങ്ങൾ പടർത്തി രക്തപ്പുഴകൾ സൃഷ്ടിക്കുന്ന നവഫാസിസത്തിനെതിരായ പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രമാണ് ഈ പുസ്തകത്തിലെ 14 ലേഖനങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്. 220 രൂപയാണ് പുസ്തകത്തിന്റെ വില.
‘മതം വർഗീയത മൂലധനം’ പുസ്തകപ്രകാശനവും സെമിനാറും 17ന്

