കോഴിക്കോട്: പലസ്തീനിലെ യുദ്ധ സാഹചര്യത്തിൽ സമകാലികപ്രശ്‌നങ്ങളും ചരിത്രവും വിശദമായി പ്രതിപാദിക്കുന്ന വേണു അമ്പലപ്പടിയുടെ പലസ്തീൻ പ്രശ്നം ഒരു ചരിത്രാന്വേഷണം എന്ന പുസ്തകം നവംബർ 8ന് പുറത്തിറങ്ങും. വൈകിട്ട് 5ന് വെസ്റ്റ്ഹിൽ എം ദാസൻ മന്ദിരത്തിൽ സാഹിത്യകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.
പലസ്തീൻ വിഷയത്തിൽ സംവാദവും നടക്കും. വേണു അമ്പലപ്പടി മോഡറേറ്ററാവും. പലസ്തീൻ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ പ്രസക്തമായ പുസ്തകം പുരോഗമനകലാസാഹിത്യ സംഘം നോർത്ത് മേഖലാ കമ്മിറ്റിയാണ് പുറത്തിറക്കുന്നത്. പലസ്തീനിലെ ഇസ്രയേൽ അധിനിവേശം, മിത്ത്, ചരിത്രം, ദർശനം, പശ്ചാത്തലം, ചെറുത്തുനിൽപ്പ് തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണിത്.
അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയായി പലസ്തീൻ മാറുന്നതെങ്ങനെ, ജനാധിപത്യവാദികൾ സമകാലികലോകത്തെ ഏറ്റവും തീവ്രമായ സ്വാതന്ത്ര്യ പോരാട്ടഭൂമിയാണ് എന്ന് തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചരിത്ര വിദ്യാർത്ഥികൾക്കും രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തകർക്കും പ്രയോജനപ്പെടുന്ന നിലയിൽ തയ്യാറാക്കപ്പെട്ടതാണ് പുസ്തകം. നേരത്തെയുണ്ടായ പതിപ്പിൽ പുതിയ പ്രശ്‌നങ്ങൾ ഉൾചേർത്താണ് പുതിയപതിപ്പ് പുറത്തിറങ്ങുന്നത്.
ഡോ. കെ എം സീതിയുടേതാണ് അവതാരിക. കലാ, സാഹിത്യ, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും.

