‘പലസ്തീൻ രാജ്യം അപഹരിപ്പിക്കപ്പെട്ട ജനത’ വായനക്കാരിലേക്ക്


പ്രകാശനം 11 ന്

കോഴിക്കോട്: യുഎസ് പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതിയുടെയും അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ ‘പലസ്തീൻ രാജ്യം അപഹരിപ്പിക്കപ്പെട്ട ജനത’ പുസ്തകം വായനക്കാരിലേക്ക്. നവംബർ 11 ന് കോഴിക്കോട് സരോവരം കലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രകാശനം ചെയ്യും.

ആയിരക്കണക്കിന് പലസ്തീനികൾ ഇസ്രയേലിന്റെ റോക്കറ്റാക്രമണങ്ങളിലും ഷെൽവർഷങ്ങളിലും ഗാസ മുനമ്പിൽ കൊല്ലപ്പെട്ടുകഴിഞ്ഞു. അതിൽ മൂവായിരത്തിലേറെ കുഞ്ഞുങ്ങളാണ്. വ്യോമാക്രമണം മാത്രമല്ല കരയുദ്ധവും നടക്കുകയാണ്. പലസ്തീനികൾക്കെതിരായ വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള സയണിസ്റ്റ് ആക്രമണമാണ് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്.

പലസ്തീൻ ജനതയ്ക്കും ഗാസ ഗവൺമെന്റിനുമെതിരെ നുണകൾ പ്രചരിപ്പിച്ചുകൊണ്ടാണ് സയണിസ്റ്റ്‌ വംശീയവാദികൾ അവരുടെ ലോകമെമ്പാടുമുള്ള കൂട്ടാളികളും പലസ്തീനിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നത്. ഹമാസിന്റെ ഭീകരാക്രമണമാണ് ഇസ്രയേൽ യുദ്ധത്തിന് കാരണമായതെന്നും ഭീകരരെ അമർച്ചചെയ്യാനുള്ള യുദ്ധമാണ് നടക്കുന്നത് എന്നൊക്കെയുള്ള നുണപ്രചാരണങ്ങളാണ് നടക്കുന്നത്.

പലസ്തീൻ ജൂതരുടെ അധിവാസമേഖലയായിരുന്നുവെന്നും ജൂതസമൂഹത്തെ അടിച്ചോടിച്ച് അറബ് മുസ്ലീങ്ങൾ പലസ്തീൻ ഭൂപ്രദേശങ്ങൾ അധീനപ്പെടുത്തുകയായിരുന്നു എന്നതുപോലുള്ള ചരിത്രവിരുദ്ധവും വസ്തുതകളുടെ യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത നുണപ്രചാരണങ്ങളാണ് നടക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് പലസ്തീൻപ്രശ്‌നത്തിന്റെ ചരിത്രപരമായ അടിവേരുകളെയും ഇസ്രയേൽ ഭീകരതയെയും അതിന് പിറകിലുള്ള സാമ്രാജ്യത്വ മൂലധനതാൽപര്യങ്ങളെയും തുറന്നുകാണിക്കുന്ന ചരിത്രപരമായ വിശകലനം പ്രസക്തമാകുന്നത്. ആ ഒരു ദിശയിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

പലസ്തീനികളുടെ ജന്മഭൂമി നഷ്ടപ്പെടുത്തിയ ഇസ്രയേൽ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളെയും അതിന് നേതൃത്വംകൊടുത്ത വിമോചനപ്രസ്ഥാനങ്ങളെയും ഈ പുസ്തകം ചർച്ചചെയ്യുന്നുണ്ട്.

പലസ്തീൻ പ്രശ്‌നത്തിന്റെ ചരിത്രപരമായ അടിവേരുകൾ, വാർന്നൊലിക്കുന്ന ചോരയിൽ മുങ്ങിമരിക്കുന്ന ഗാസ, ഹമാസും പിഎൽഒ വും യുഎസ് -ഇസ്രയേൽ അധിനിവേശവും, ഇസ്രയേൽ വിധേയരുടെ ചരിത്രനിഷേധം, ഗാസയിലെ കൂട്ടക്കുരുതികളും ഐക്യരാഷ്ട്രസഭയുടെ കുറ്റകരമായ നിസ്സംഗതയും, ഇസ്രയേൽ ഭീകരതയുടെയും പലസ്തീനികളുടെ പ്രതിരോധത്തിന്റെയും നാൾവഴികളിലൂടെ എന്നീ ആറ് ഭാഗങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *