കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി കുഞ്ഞിരാമൻ എഴുതിയ ‘ഒരേ ഒരാൾ വി എസ് ‘ പുസ്തകം പ്രകാശനം ചെയ്തു. കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നോവലിസ്റ്റ് സുഭാഷ് ചന്ദ്രനാണ് പ്രകാശനം ചെയ്തത്. എ കെ ശ്രീധരൻ മാസ്റ്റർ ഏറ്റുവാങ്ങി.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടൊപ്പം പാരിസ്ഥിതിക അവബോധവും ഉയർത്തിപ്പിടിച്ച ഒരേ ഒരാൾ വി എസാണെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. കമ്യൂണിസ്റ്റ് മൂല്യങ്ങൾ അദ്ദേഹം കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ്റ് ബോധത്തിന് നിരക്കാത്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ച വി എസ് സ്വാതന്ത്ര്യ സമരകാലത്ത് ജീവിക്കുകയും പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കുകയും ചെയ്ത, അവശേഷിക്കുന്ന അപൂർവം വ്യക്തിത്വങ്ങളിലൊരാളാണെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എ സജീവൻ അധ്യക്ഷത വഹിച്ചു. അഡ്വ. ചേമ്പിൽ വിവേകാനന്ദൻ പുസ്തകം പരിചയപ്പെടുത്തി. ജാനമ്മ കുഞ്ഞുണ്ണി, എം ഫിറോസ് ഖാൻ, കെ പി രമേഷ് എന്നിവർ സംസാരിച്ചു. കെ വി കുഞ്ഞിരാമൻ മറുപടി പറഞ്ഞു.
കെ അജിതയുടേതാണ് അവതാരിക. വി എസ്സുമായി എൻ സുബ്രഹ്മണ്യൻ നേരത്തേ നടത്തിയ അഭിമുഖവും പുസ്തകത്തിലുണ്ട്. പുസ്തക പ്രസാധക സംഘമാണ് പ്രസാധനം നിർവഹിച്ചത്.
‘ഒരേ ഒരാൾ വി എസ് ‘ പ്രകാശനം ചെയ്തു

