കോഴിക്കോട്: മലബാറിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ വികാസങ്ങൾ ചർച്ച ചെയ്ത് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു. സാർവ്വദേശീയമായ സാമൂഹിക-സാംസ്കാരിക മൂല്യങ്ങളാൽ സമ്പന്നമാണ് മലബാർ എന്ന് പ്രശസ്ത ചരിത്ര പണ്ഡിതൻ എങ്ങ്‌സെങ്ങ് ഹോ അഭിപ്രായപ്പെട്ടു. മലബാറിന്റെ പൊതു ജീവിതത്തിലും സാംസ്കാരിക അടയാളങ്ങളിലും അറബ്-ദക്ഷിണേഷ്യൻ സ്വാധീനം ഇന്നും കാണാമെന്നും ഇതിന്റെ കാരണം വിവിധ മേഖലകളിൽ നില നിന്ന പാരസ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ദേശീയത എന്നത് കളവാണെന്നും മനുഷ്യ സമൂഹം മുഴുവനും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും ഹോ പറഞ്ഞു.
വൈകീട്ട് നടന്ന സമാപന ചടങ്ങിൽ എഴുത്തുകാരൻ അജയ് പി മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. എങ്ങ്‌സെങ്ങ് ഹോ ഉദ്ഘാടന പ്രഭാഷണം നടത്തി. മുൻ എംഎൽഎ വി ടി ബൽറാം, എം എൽ എഫ് ഡയറക്ടർ ഡോക്‌ടർ എം ബി മനോജ് എന്നിവർ സന്നിഹിതനായിരുന്നു.
എം എൽ എഫ് സമാപന ദിനം മൂന്ന് വേദികളിലായി 28 സെഷനുകളിൽ എഴുത്തുകാർ, കലാ-സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ‘വൈക്കം വിപ്ലവവും രാജവാഴ്ചയുടെ തകർച്ചയും നൂറ്റാണ്ടിനിപ്പുറമുള്ള കാഴ്ചകൾ’ എന്ന സെഷനിൽ ഡോക്ടർ അമൽ സി രാജൻ സംസാരിച്ചു. മലയാള ബ്രാഹ്മണ്യർ എന്നത് ദേവസ്വം ബോർഡിന്റെ പുതിയ വ്യാഖ്യാനമാണെന്നും ഇന്ത്യയിൽ ഇന്നും നിലനിന്നു പോവുന്ന അടിസ്ഥാന രഹിതമായ രാജകുടുംബ വാഴ്ച്ച വിമർശന വിധേയമാവേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘വിളയിൽ ഫസീല, റംലാബീഗം, ഇശൽ പൂത്തകാലം’ എന്ന സെഷനിൽ ഫൈസൽ എളേറ്റിൽ, ഒ എം. കരുവാരക്കുണ്ട്, ഇന്ദിര ജോയ്, ഇഷ്റത്ത് സബ തുടങ്ങിയവർ സംസാരിച്ചു. ‘ചർക്കയുടെയും പനിനീർ പൂവിന്റെയും വർത്തമാനം’ എന്ന സെഷനിൽ അഡ്വ. എം. സുരേഷ് ബാബു പങ്കെടുത്തു. ഗാന്ധിയെ കൂടുതൽ ഭയന്നതും, ഇപ്പോഴും ഭയക്കുന്നതും ഹിന്ദുത്വവാദികളാണെന്ന് അഡ്വ. എം. സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ഡോ. പി രമേശൻ മോഡറേറ്റ് ചെയ്ത ചർച്ചയിൽ ഡോ. ജോബിൻ ചാമക്കാല, ഡോ. ആദർശ് സി സംസാരിച്ചു. ഇന്ത്യാ ചരിത്രത്തിലെ മഹാനായ അക്ബർ ചക്രവർത്തിയുടെ ഒരു പരിച്ഛേദമാണ് ജവഹർ ലാൽ നെഹ്റുവെന്ന് ഡോ. ബെറ്റി മോൾ മാത്യു സെഷനിൽ അഭിപ്രായപ്പെട്ടു.
അധിനിവേശവിരുദ്ധ പോരാട്ടങ്ങൾ തീവ്രവാദമായി തീവ്രവാദമായി മുദ്രകുത്തേണ്ടത് അധിനിവേശകരുടെ ആവാശ്യമാണെന്ന് ഡോ.പി ജെ വിൻസെന്റ് അഭിപ്രായപ്പെട്ടു. ‘പുഴ മുതൽ കടൽ വരെ; ഫലസ്തീൻ അതിജയിക്കുമോ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹിംസാ മാർഗത്തിൽ സ്വാതന്ത്രസമരം നയിച്ച മഹാത്മ ഗാന്ധിയുടെ ബ്രിട്ടീഷുകാരോടുള്ള ‘ക്വിറ്റ് ഇന്ത്യ’ എന്ന ആക്രോശം അധിനിവേശശക്തികൾക്കെതിരെയുള്ള പോരാട്ടവാദങ്ങൾ തീവ്രമാകണമെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ പ്രതിരോധവും പാശ്ചാത്യ അധിനിവേശ ബോധങ്ങളും പ്രൊപ്പഗണ്ടാ മാധ്യമപ്രവർത്തനങ്ങളും ചർച്ചയായ വേദിയിൽ സജി മാർക്കോസും സി ദാവൂദുമായിരുന്നു മറ്റു പാനലിസ്റ്റുകൾ. ജൂത സയണിസ്റ്റുകളേക്കാൾ അപകടകാരികളാണ് ക്രിസ്ത്യൻ സയണിസ്റ്റുകളെന്നും അമേരിക്കൻ ജൂതലോബിക്ക് പിന്നിൽ ഇക്കൂട്ടാരാണെന്നും സജി മാർക്കോസ് പറഞ്ഞു. ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇത്തരത്തിലുള്ള തീവ്ര ക്രിസ്ത്യൻ സയണിസ്റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മനുഷ്യഭാവനകൾകൊണ്ട് മനസ്സിലാക്കാൻ സാധിക്കാത്ത ക്രൂരതകളാണ് കാലങ്ങളായി പലസ്തീനികൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സി ദാവൂദ് പറഞ്ഞു.
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിൻ വേട്ടക്കാരൻ മാത്രമല്ല ഇര കൂടിയാണെന്ന് കെ ഇഎൻ അഭിപ്രായപ്പെട്ടു. ‘കളമശ്ശേരി കഥകൾ: മലയാളി പൊതുബോധം മറനീക്കുമ്പോൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ കയ്യടക്കിക്കൊണ്ടിരിക്കുന്ന ആധിപത്യപരമായ ദേശീയതയുടെ ഇരയാണ് മാർട്ടിൻ. പൊതുബോധം അപനിർമിക്കപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും മുഖ്യധാരയുടെ സംഗ്രഹമാണ് പൊതുബോധമെന്നും അദ്ദേഹം പറഞ്ഞു. പി കെ സാദിക് മോഡറേറ്ററായ സെഷനിൽ കെ ടി കുഞ്ഞിക്കണ്ണൻ, കെ കെ ബാബുരാജ് എന്നിവരും പങ്കെടുത്തു.


