കോഴിക്കോട്: വീൽചെയറുകളിൽ അവരെത്തി; ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന സൗഹൃദ സംഗമത്തിലും മെഡിക്കൽ ക്യാമ്പിലും പങ്കെടുത്തു. വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെയും (ഡബ്ല്യുആർഒ) സോഷ്യൽ വെൽഫെയർ സൊസൈറ്റി താമരശ്ശേരിയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐപിഎം ഇമ്പം ഹാളിൽ നടന്ന സൗഹൃദ സംഗമം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജി എം പി ഷൈജൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനം സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡബ്ല്യുആർഒ പ്രസിഡൻ്റ് മിസ്റ വാവാട് അധ്യക്ഷത വഹിച്ചു. ഡോ. വി എൻ സന്തോഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ. സുധ, വി പി ഉസ്മാൻ, ഐപിഎം വൈസ് ചെയർമാൻ സത്യപാൽ, ഉസ്മാൻ പിചെമ്പ്ര, അഡ്വ. ശ്രീജിത്ത്, ബവിഷ് ബാൽ, അഡ്വ. ടി പി എ നസീർ, വിനോദ് താമരശ്ശേരി, ഫിറോസ് കച്ചേരിയിൽ, വി കെ നഹീം, സന്തോഷ് വലിയപറമ്പ് എന്നിവർ പ്രസംഗിച്ചു.
ഇഖ്റ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ സെമിനാറും നടന്നു. കലാഭവൻ അനിൽ ലാലും സംഘവും നടത്തുന്ന കലാപരിപാടികളും, മെലഡി ഓൺ വീൽസ് ഗായക സംഘത്തിന്റെ ഗാനമേളയും അരങ്ങേറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള വീൽ ചെയറിൽ കഴിയുന്ന നൂറിൽ പരം പേർ പരിപാടിയിൽ പങ്കെടുത്തു. ഡബ്ല്യുആർഒ. സെക്രട്ടറി പി ഇന്ദു സ്വാഗതവും ട്രഷറർ റഷീദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
വീൽ ചെയറുകളിൽ അവരെത്തി; സംഗമത്തിൽ പങ്കാളികളായി

