കോയമുഹമ്മദ്
ബോംബെയിലെ വാട്ട്സൺ ഹോട്ടലിന്റെ നിലവറയിൽ ലൂമിയർ സഹോദരന്മാർ ഇന്ത്യയിലാദ്യത്തെ സിനിമ പ്രദർശനം നടത്തി ഒരു ദശകം കഴിഞ്ഞപ്പോഴേക്കും സിനിമ കോഴിക്കോട്ടുമെത്തി. 1906 മധ്യത്തോടെ കോഴിക്കോട് നഗരത്തിലെ മുതലക്കുളം മൈതാനത്ത്, കോയമ്പത്തൂർ സ്വദേശിയായ വിൻസന്റ് പോൾ എന്ന റെയിൽവെ ഉദ്യോഗസ്ഥൻ സംഘടിപ്പിച്ചത് കേരളത്തിലെ തന്നെ ആദ്യത്തെ സിനിമ പ്രദർശനമായിരുന്നു. സൂര്യപ്രകാശത്തെ ആശ്രയിച്ചായിരുന്നു വിൻസന്റിന്റെ ബയോസ്കോപ് ചലച്ചിത്ര പ്രദർശനം.
കോഴിക്കോട്ട് സിനിമ അതിവേഗം തഴച്ചുവളർന്നു. തൃശൂരിലെ കാട്ടൂക്കാരൻ വാറുണ്ണിയുടെ സഞ്ചരിക്കുന്ന സിനിമാ പ്രദർശനശാല വിൻസന്റിന്റേതിനു തൊട്ടുപിന്നാലെ കോഴിക്കോട്ടും എത്തിയിരുന്നു. താൽക്കാലിക ഷെഡുകളിൽ നിന്ന് സ്ഥിരം ഹാളുകളിലേക്ക് പ്രദർശനം ക്രമേണ മാറി. ക്രൗൺ, രാധ, കോറണേഷൻ എന്നിവയായിരുന്നു കോഴിക്കോട് നഗരത്തിലെ ആദ്യത്തെ സ്ഥിരം സിനിമ പ്രദർശനശാലകൾ. ഡേവിസൺ, പുഷ്പ, സംഗം, ബ്ലൂ ഡയമണ്ട് എന്നിങ്ങനെ പിന്നീടു വന്ന തിയേറ്ററുകൾ ഒന്നൊന്നായി അപ്രത്യക്ഷമായെങ്കിലും ആദ്യത്തെ മൂന്നും നവീകൃതമായി മുന്നേറുന്നു. ഇതിനു പുറമെയാണ് പുതിയ തിയറ്റർ കോംപ്ലക്സുകളും വിവിധ മാളുകളിലെ മൾട്ടിപ്ലക്സുകളും.
ശബ്ദം കിട്ടിയതോടെയാണ് സിനിമക്ക് നമ്മുടെ നാട്ടിലും വ്യാപക പ്രചാരമായത്. ഡസനിലേറെ പാട്ടുകളുമായി തമിഴ്, ഹിന്ദി സിനിമകൾ കാണികളെ പിടിച്ചിരുത്തി. ഹോളിവുഡ് ചിത്രങ്ങളും വിശ്വോത്തര ചലച്ചിത്രകാരന്മാരായ സത്യജിത് റേയുടെ മഹാനഗർ, ഇംഗ്മാർ ബർഗ്‌മാന്റെ പഴ്സൊണ, മൈക്കലാഞ്ചലോ ആന്റണിയോണിയുടെ സാബ്രിസ്കി പോയന്റ്, ഫെഡറിക്കോ ഫെല്ലിനിയുടെ
എയ്റ്റ് ആൻഡ് എ ഹാഫ്, വിറ്റോറിയോ ഡിസിക്കയുടെ റ്റു വിമൻ തുടങ്ങിയവയും ക്രൗണിൽ നിന്ന് കോഴിക്കോട്ടുകാർ മിക്കവാറും പ്രാഥമിക റൗണ്ടിൽത്തന്നെ കണ്ടിട്ടുണ്ട്. ഇന്ത്യൻ നവസിനിമയുടെ പ്രാരംഭം കുറിച്ച മൃണാൾ സെന്നിന്റെ ഭുവൻ സോം കോറണേഷനിൽ പ്രദർശിപ്പിച്ചിരുന്നു
മലയാള സിനിമയിലെ നാഴികക്കല്ലായ നീലക്കുയിൽ കോഴിക്കോട് ആകാശവാണിയിലും തൊട്ടുമുന്നിലെ കടപ്പുറത്തുമായാണ് പിറവിയെടുത്തതെന്നു പറയാം. രാമു കാര്യാട്ടിനൊപ്പം ചിത്രത്തിന്റെ സംവിധാനത്തിൽ പങ്കാളിയായ പി ഭാസ്ക്കരൻ, സംഗീത സംവിധായകൻ കെ രാഘവൻ, ഗായകൻ കോഴിക്കോട് അബ്ദുൽ ഖാദർ, തിരക്കഥാകൃത്ത് ഉറൂബ് തുടങ്ങിയവരൊക്കെ ഏതെങ്കിലും വിധത്തിൽ ആകാശവാണിക്കാരായിരുന്നു. ഛായാഗ്രഹണം നിർവഹിച്ചത് പിൽക്കാലത്ത് ഭാർഗവീ നിലയം പോലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരു കോഴിക്കോട്ടുകാരൻ തന്നെ. എ വിൻസന്റ്. രാമു കാര്യാട്ടിനു (ചെമ്മീൻ) ശേഷം ആദ്യമായി മലയാള സിനിമക്ക് സ്വർണമെഡൽ നേടിത്തന്നത് കോഴിക്കോടിനെ എന്നേ സ്വന്തമാക്കിയ എം ടി വാസുദേവൻനായരാണ് (നിർമാല്യം). തിരക്കഥയ്ക്ക് എം ടി യെപ്പോലെ ദേശീയ – സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയവരില്ല. തിക്കോടിയന്റെയും പട്ടത്തുവിള കരുണാകരന്റെയും കൂടെ ഒരുക്കിയ ഉത്തരായണത്തോടെ അരവിന്ദൻ ചലച്ചിത്ര രംഗത്തേക്കു കടന്നതും കോഴിക്കോട്ട് നിന്നു തന്നെ. കണ്ടംബെച്ച കോട്ട്, മൂടുപടം, തുറക്കാത്ത വാതിൽ, അച്ഛനും ബാപ്പയും, കടല്പാലം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ ടി മുഹമ്മദ്, നാടകത്തിൽ നിന്നുതന്നെ വന്ന് അങ്ങാടി, 1921 തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ ജൈത്രയാത്ര നടത്തിയ ടി ദാമോദരൻ തുടങ്ങിയവരെല്ലാം ചിരസ്മരണീയരായുണ്ട്.
ഹരിഹരൻ, ഐ വി ശശി, ലിസ ബേബി, രഞ്ജിത്ത്,
വി എം വിനു, രഘുനാഥ് പലേരി എന്നിങ്ങനെ ചലച്ചിത്രകാരന്മാരുടെ നിര നീളുന്നു.
ഔട്ട്ഡോർ ഷൂട്ടിങ് പരിമിതമായിരുന്ന കാലത്ത് പ്രത്യേകിച്ചും, സിനിമ നിർമാണരംഗത്ത് ഒഴിച്ചുകൂടാൻ വയ്യാതിരുന്ന കലാസംവിധാനത്തിൽ എസ് കോന്നനാട്ടിനെ പോലുള്ളവരുടെ സമർപ്പിത ചിത്തമായ സേവനം അമൂല്യമായിരുന്നു. യു രാജഗോപാൽ, സി രാമചന്ദ്രമേനോൻ, വേണുഗോപാൽ എന്നിങ്ങനെ ഛായാഗ്രണ രംഗത്തുമുണ്ട് എ വിൻസന്റിനെ പോലെ ഒട്ടേറെ പേർ.
എം എസ് ബാബുരാജിന്റെ സംഭാവന ഇന്നും ആരാധനാപൂർവം സ്മരിക്കപ്പെടുന്നു. ചലച്ചിത്ര സംഗീത രംഗത്ത് ബി എ ചിദംബരനാഥ്, ശരത്ചന്ദ്ര മറാഠെ, കൈതപ്രം, രഘുകുമാർ എന്നിവരുടെ സംഭാവനയും എടുത്തു പറയേണ്ടതതാണ്. ഗിരീഷ് പുത്തഞ്ചേരി, പി കെ ഗോപി, കാനേഷ് പൂനൂർ തുടങ്ങിയ ഗാനരചയിതാക്കളും ഈ നാട്ടുകാരാണ്.
ഓപ്പോളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവ് ബാലൻ കെ നായർ, ഈയിടെ മുംബൈയിലെ ജാഗരൺ രാജ്യാന്തര മേളയിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ച പി പി ജയരാജ് തുടങ്ങിയ കോഴിക്കോടൻ ചലച്ചിത്രാഭിനയ പ്രതിഭകൾ കുറച്ചൊന്നുമല്ല. കെ പി ഉമ്മർ, കുതിരവട്ടം പപ്പു, മാമുക്കോയ, നിലമ്പൂർ ബാലൻ, ശാന്താദേവി, നെല്ലിക്കോട് ഭാസ്ക്കരൻ, കുഞ്ഞാണ്ടി, കുഞ്ഞാവ, സത്യജിത്ത്, വിലാസിനി, എൽസി, വിജയലക്ഷ്മി, സീനത്ത്, ചേമഞ്ചേരി നാരായണൻ നായർ, മോനിഷ, ശ്വേത മേനോൻ, നിത്യദാസ്, ടി സുരേഷ് ബാബു, വിക്രമൻ നായർ, നീനാ കുറുപ്പ്, സുധീഷ്, അഗസ്റ്റിൻ, റോഷൻ ബിജലി, കോഴിക്കോട് ശാരദ, വിജയൻ കാരന്തൂർ, ടി സുധാകരൻ, സുരാസു, എൻ ബി കൃഷ്ണക്കുറുപ്പ് ആ പട്ടിക നീണ്ടു പോകുന്നു…
വി അബ്ദുള്ളയുടെ ചിത്ര സാഗർ, സലാം കാരശ്ശേരിയുടെ നവധാര മൂവി മേക്കേഴ്സ്, പി വി ഗംഗാധരൻ നേതൃത്വം നൽകിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്, മാധവൻ നായരുടെ മുരളി ഫിലിംസ്, രാമചന്ദ്രന്റെ മുരളി മൂവീസ്, ചെലവൂർ കുഞ്ഞിക്കണ്ണന്റെ ചെലവൂർ ഫിലിംസ്, അപ്പച്ചന്റെ സർഗചിത്ര, പാവമണിയുടെ ഷീബാ ഫിലിംസ്, ദാമോദരൻ നായരുടെ ജയറാണി ഫിലിംസ് എന്നിവ കോഴിക്കോട്ടെ ചില ചലച്ചിത്ര നിർമാണ രംഗത്തെ സ്ഥാപനങ്ങളത്രെ.
രവീന്ദ്രൻ, സിനിക്ക്, കോഴിക്കോടൻ, അശ്വതി എന്നിവർ
നിരൂപക നിരയിലുണ്ട്. ഇ എം എസ് സ്റ്റേഡിയത്തിനു തെക്കുവശത്തെ പൂതേരി ബിൽഡിങ്ങിലായിരുന്നു ജോർജ് അറങ്ങാശ്ശേരിയുടെ കലാമാല സിനിമാ മാസികയുട ഓഫീസ്.
അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 1960 കളുടെ രണ്ടാം പകുതിയിൽ തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിക്കു തൊട്ടുപിറകെ കോഴിക്കോട്ട് അശ്വിനി ഫിലിം സൊസൈറ്റി രൂപം കൊള്ളുകയും ഫിലിം സൊസൈറ്റി പ്രസ്ഥാനം നഗരത്തിലും പരിസരത്തും പടർന്നു പന്തലിക്കുകയും ചെയ്തു. കവി ആർ രാമചന്ദ്രന്റെയും മറ്റും നേതൃത്വത്തിൽ ആരംഭിച്ച അശ്വിനിയുടെ സെക്രട്ടറി സ്ഥാനം അര നൂറ്റാണ്ടിലേറെയായി അലങ്കരിക്കുന്നത് ചെലവൂർ വേണു ആണ്. എം ടി വാസുദേവൻ നായരും അരവിന്ദനും രവീന്ദ്രനും മറ്റും അശ്വിനിയുടെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചിരുന്നു. കബനീ നദിയോടെ ആരംഭിച്ച നവമലയാള സിനിമയിൽ അശ്വിനിക്ക് സർവതോമുഖമായ സ്വാധീനമുണ്ടായിരുന്നു.


