ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലീകരിക്കും


കോഴിക്കോട്: കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച ചേലക്കോടന്‍ ആയിഷുമ്മയുടെ സ്മരണാര്‍ത്ഥം കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരത മിഷനും ചേര്‍ന്ന് ആരംഭിച്ച ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലമായ രീതിയില്‍ സജ്ജമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല സാക്ഷരത സമിതി യോഗം തീരുമാനിച്ചു.

സമ്പൂര്‍ണ സാക്ഷരതയജ്ഞകാലത്തെ അപൂര്‍വ ചിത്രങ്ങള്‍, ആദ്യകാല സാക്ഷരത പ്രൈമറികള്‍,  പഠനസാമഗ്രികള്‍, കയ്യെഴുത്ത് പ്രതികള്‍, സാക്ഷരത ചരിത്രരേഖകള്‍, തുടങ്ങിയവ  സമാഹരിച്ച് മ്യൂസിയത്തില്‍ സൂക്ഷിക്കും.   അതോടൊപ്പം, നവോത്ഥാന കാലഘട്ടം മുതലുള്ള  സാക്ഷരത തുടര്‍വിദ്യാഭ്യാസ  ചരിത്ര സന്ദര്‍ഭങ്ങള്‍, സാക്ഷതാ തുടര്‍ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ എന്നിവ  രേഖപ്പെടുത്തുന്ന ഫലകങ്ങളും മ്യൂസിയത്തില്‍ സ്ഥാപിക്കും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്  പ്രത്യേക പോജക്ട്  തയ്യാറാക്കും.

സാക്ഷരത മിഷന്‍ നടപ്പാക്കുന്ന ബ്രെയില്‍ സാക്ഷരത പദ്ധതിയില്‍  ജില്ലയിലെ മുഴുവന്‍ കാഴ്ച പരിമിതി ഉള്ളവരെയും ഉള്‍പ്പെടുത്തുന്നതിന്  സര്‍വ്വേ ജൂലൈ 15 വരെ  നടത്തുന്നതിനും തീരുമാനിച്ചു.

പട്ടികജാതി മേഖലയില്‍ നടത്തുന്ന നവചേതന പദ്ധതി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ചങ്ങാതി പദ്ധതി എന്നിവ ഊര്‍ജിതപ്പെടുത്തും. ജില്ലയിലെ അവശേഷിക്കുന്ന  മുഴുവന്‍ നിരക്ഷരരെയും സാക്ഷരരാക്കുന്ന വിധത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം നടപ്പാക്കും. തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കളെ അനുമോദിക്കുന്നതിനായി  ജില്ലാ തലത്തില്‍ വിജയോത്സവം നടത്തും. ഉന്നതവിജയം നേടിയ പഠിതാവിനും ഉന്നത വിജയം നേടിയ  ഏറ്റവും പ്രായ കൂടിയ പഠിതാവിനും  പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.

സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ വി റീന, വി പി ജമീല, നിഷ പി പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ പി സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി ജി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു പി കുഞ്ഞപ്പന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇ വി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *