പി വിജയൻ
വനനിരകളും പുഴകളും മലകളും നിറഞ്ഞ നാടാണ് ചിക്ക്മഗളൂർ. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലം. ഹൊയ്‌സാല ഭരണാധികാരികൾ തങ്ങളുടെ രാജവംശത്തിന്റെ ആദ്യകാലങ്ങൾ ആരംഭിച്ച പ്രദേശവുമാണ് ചിക്ക്മഗളൂർ. കർണാടകത്തിലെ ഏറ്റവും ഉയരം കൂടിയ മുല്ലയനഗിരി ചിക്കമഗളൂർ മലനിരകളിലാണ്. വെള്ളച്ചാട്ടവും തടാകവുമടക്കമുള്ള ഇമ്പമാർന്ന കാഴ്‌ചകളിലേക്ക് ചെറിയൊരു എത്തിനോട്ടമാണ് ഇവിടെ.
കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തിൽ 1985‐ ’86 എച്ച് ഡി സി(ഹയർ ഡിപ്ലോമ ഇൻ കോ‐ ഓപ്പറേഷൻ) ബാച്ചിന്റെ പ്രഥമ കുടുംബ വിനോദ യാത്രയാണ് ചിക്ക്മഗളൂരിലേക്കുള്ള വഴി തുറന്നത്. മൂന്നുദിവസത്തെ യാത്രയിൽ സഹപാഠികളും കുടുംബവുമടക്കം 29 പേരാണ് പങ്കെടുത്തത്.
മുല്ലയനഗിരി കൊടുമുടി
ചിക്ക്മഗളൂർ മലനിരകളുടെ വശ്യതയും സാഹസികതയും സൗന്ദര്യവും സമന്വയിക്കുന്ന കൊടുമുടിയാണ് മുല്ലയനഗിരി. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. പശ്ചിമഘട്ടത്തിലെ ചന്ദ്ര ദോണ മലനിരകളിലാണ് മുല്ലയന ഗിരി. സമുദ്രനിരപ്പിൽനിന്ന് 1925 മീറ്റർ (6316 അടി ) ഉയരം. പശ്ചിമഘട്ടത്തിലെ 23-ാമത്തെ ഏറ്റവും ഉയർന്ന കൊടുമുടി. മുല്ലയന ഗിരിയുടെ കൊടുമുടിയിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. കൂടാതെ പൊലീസ് റേഡിയോ റിലേ സ്റ്റേഷനുമുണ്ട്.
വെയിലുണ്ടെങ്കിലും തണുത്ത കുളിർകാറ്റാണിവിടെ. നനുത്ത അന്തരീക്ഷത്തിലൂടെയുള്ള മലകയറ്റം അപൂർവ അനുഭവമാണ്. 60 ഉം അതിനോടടുത്തും പ്രായമുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. 500ലധികം പടികൾ കയറിയാണ് കൊടുമുടിയുടെ മുകളിൽ എത്തിയത്. അവിടെ എത്തിയപ്പോഴത്തെ കാഴ്ച അതിമനോഹരമാണ്. വെയിലിനെ തണുപ്പിക്കുന്ന കാറ്റ്. പ്രകൃതിദൃശ്യങ്ങളുടെ ചാരുത. താഴ് വാരത്തേക്കുള്ള കാഴ്ച നല്ല ദൃശ്യാനുഭവമായി.
കേരളത്തിൽ നിന്നുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരവധി വിദ്യാർഥികളെ മലകയറ്റത്തിൽ കാണാനായി. പലരും പാട്ടു പാടിയാണ് മല കയറിയത്. ഒട്ടേറെ വിനോദ സഞ്ചാരികൾ മുല്ലയന ഗിരിയിൽ ദിവസവും എത്തുന്നുണ്ട്.
ബേലൂർ ക്ഷേത്രം
ഹാസൻ ജില്ലയിലാണ് ബേലൂർ. ഇവിടത്തെ ചെന്ന കേശവ ക്ഷേത്രം ആരുടെയും മനം കവരുന്ന കാഴ്ചയാണ്. കൊത്തുപണികളാലും വാസ്തുശിൽപ്പത്തിന്റെ മനോഹാരിതയാലും തലയെടുപ്പുള്ള ക്ഷേത്രം. ഹൊയ്സാല രാജവംശത്തിന്റെ കാലത്താണ് ക്ഷേത്രം പണിതത്. 1100 – 1200 കാലയളവിലാണിത്. ചെന്ന കേശവ ക്ഷേത്രത്തിനടുത്തായി ആറോളം ചെറു ക്ഷേത്രങ്ങൾ വേറെയുമുണ്ട്. ചതുരാകൃതിയിലാണ് എല്ലാ ക്ഷേത്രവും. വലിയ കരിങ്കല്ലുകളാണ് ക്ഷേത്രനിർമാണത്തിന് ഉപയോഗിച്ചത്. 1117 ൽ രാജാവായ വിഷ്ണുവർധന്റെ ഭരണകാലത്ത് പണി കഴിപ്പിച്ചതാണ് ക്ഷേത്രം. 103 വർഷമെടുത്താണ് ക്ഷേത്രനിർമാണം പൂർത്തി യാക്കിയത്. യുദ്ധത്തിൽ നിരവധി തവണ ക്ഷേത്രത്തിന് കേടുപറ്റിയെങ്കിലും പുനർനിർമാണം നടത്തി സംരക്ഷിച്ചു. ഭൂമിയിലെ ആധുനിക സ്വർഗം ( modern vaikunta) എന്നാണ് ബേലൂർ അറിയപ്പെടുന്നത്.
ഹലേബീഡു ഹൊയ്സാലേശ്വര ക്ഷേത്രം
ശിൽപ്പങ്ങളുടെ സൗന്ദര്യത്താൽ പ്രശസ്തമാണ് ബേലൂരിനെപ്പോലെ ഹലേബീഡു ഹൊയ്സാലേശ്വര ക്ഷേത്രവും. മുകളിൽ നിന്ന് നോക്കിയാൽ നക്ഷത്രാകൃതിയിലുള്ള ശ്രീകോവിൽ. സ്റ്റോപ്പ് സ്റ്റോൺ എന്ന പേരുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിർമാണം. ഹൊയ്സാല രാജവംശത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രനിർമാണവും. 1121 ൽ തുടങ്ങിയ ക്ഷേത്രനിർമാണം പൂർത്തിയായത് 1207 ലാണ്.
ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശിൽപ്പങ്ങൾ ഏറെയും രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ദൃശ്യാവിഷ്കാരങ്ങളാണ്. കാളിദാസി എന്നു പേരുള്ള ശിൽപ്പിയാണ് ശിൽപ്പങ്ങൾ കൊത്തിയെടുത്തത് എന്ന് ശിലാശിഖിതത്തിൽ വ്യക്തമാണ്.
ക്ഷേത്രത്തിനു സമീപത്തായി ശിൽപ്പങ്ങൾ പ്രദർശിപ്പിച്ച മ്യൂസിയമുണ്ട്. നൃത്തം ചെയ്യുന്ന ഗണപതി, വീണ കൈയിലേന്തിയ സരസ്വതി, നടരാജനൃത്തം തുടങ്ങി അനേകം ശിൽപ്പങ്ങളുമുണ്ട്. അടുത്തുതന്നെയുള്ള വിശാലമായ പാർക്കും മറ്റൊരു ആകർഷണമാണ്. യുനസ്കോ പൈതൃക പട്ടികയിലും ഹലേബീഡു ക്ഷേത്രം ഇടം നേടിയിട്ടുണ്ട്.
ശൃംഗേരി
ചിക്ക്മഗളൂർ ജില്ലയിലെ പ്രധാന ആകർഷണമാണ് ശൃംഗേരി മഠം. ശങ്കരാചാര്യർ എഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് ശൃംഗേരി. തുംഗ നദീതീരത്താണ് ശൃംഗേരി ശാരദാമഠം.
സന്ധ്യക്കാണ് ഞങ്ങൾ ശൃംഗേരിയിലെത്തിയത്. രാത്രി അന്നദാനം കഴിച്ചായിരുന്നു മടക്കം. 2205 അടി ഉയരത്തിലാണ് ശൃംഗേരി. വനപാതയിലൂടെയാണ് യാത്ര.
ബാബാ ബുധഗിരി ഗുഹാക്ഷേത്രം
ചിക്ക്മഗളൂർ ജില്ലയിലെ മറ്റൊരു പർവതനിരയാണ് ബാബാ ബുധഗിരി. ഇവിടത്തെ പ്രധാന ആകർഷണമാണ് ഗുഹാ ക്ഷേത്രം. ബുധഗിരി കുന്നുകളിലെ മൂന്ന് ഗുഹകൾക്കിടയാണ് ക്ഷേത്രം. സൂഫി സന്യാസിയായ ബാബാ ബുധഗിരി ആരംഭിച്ചതാണിതെന്നാണ് ഐതിഹ്യം. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും തീർഥാടന കേന്ദ്രമാണിത്. ദത്താത്രേയ പീഠവും ഇവിടെയുണ്ട്. ദത്താത്രേയയുടെ അവതാരമാണ് ബാബാ ബുധഗിരി എന്നാണ് വിശ്വാസം. ബാബ സന്യാസത്തിനായി ഗുഹയിൽ എത്തിയെന്നും കൊലപ്പെട്ടെന്നും മറ്റ് രണ്ട് സൂഫികൾക്കൊപ്പം ഇവിടെ അടക്കം ചെയ്തുവെന്നും പറയപ്പെടുന്നു.
ഗുഹയിലൂടെയുള്ള നടത്തം പുതുമയുള്ളതായിരുന്നു. ഫോട്ടോ എടുക്കുന്നത് ഇവിടെ അനുവദനീയമല്ല.
മൂന്നു ദിവസത്തെ ചിക്ക്മഗളൂർ യാത്ര നല്ല അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. തണുത്ത അന്തരീക്ഷത്തിൽ ക്യാമ്പ് ഫയറിലും എല്ലാവരും ഉത്സാഹത്തോടെ പങ്കെടുത്തു.






