അതിരപ്പിള്ളിയുടെ വശ്യത

പുതുമന വിജയൻ


അതിരപ്പിള്ളി വെള്ളച്ചാട്ടം കാണണമെന്ന് കുറെ നാളായി മനസ്സിലുദിച്ച മോഹമാണ്. ഇപ്പോൾ സമയവും സൗകര്യവും ഒത്തുകിട്ടി. കണ്ടു. ആസ്വദിച്ചു.
നമ്മുടെ സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിന് ഒട്ടേറെ സാധ്യതകൾ ഉണ്ട്. അതിൽ പ്രധാനമാണ് അതിരപ്പിള്ളി എന്ന് അവിടം സന്ദർശിച്ചപ്പോൾ മനസ്സിലായി. നമ്മളിൽ പലരും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലും പോകുമ്പോഴാണ് അതിരപ്പിള്ളിയുടെ സൗന്ദര്യം നാം അറിയാതെ പോകുന്നത്.

എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന വെള്ളച്ചാട്ടം. അതിന്റെ മാസ്മരികത ഒന്നു വേറെത്തന്നെ. കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ വെള്ളച്ചാട്ടം. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി.

അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നിഗൂഢമായൊരു ശാന്തി നമ്മളെ വന്നുപൊതിയും. ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിധ്യമാണ് അതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഡ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ വന്യജീവികളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം.

അതിരപ്പിള്ളിയിൽനിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്കെങ്കില്‍ ആരെയും മയക്കുന്ന മദാലസ ഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനുഗൃഹീതമാണ് ചുറ്റുവട്ടം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി നിരവധി വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്.

വാഴച്ചാൽ ജലപാതത്തിന് 400 മീറ്റർ മുകളിലായി ജലവൈദ്യുതോർജ ഉൽപ്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ട് ഉൾപ്പെടെയുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി, നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്.

മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്‌ അതിരപ്പിള്ളി. മണിരത്നത്തിന്റെ ‘രാവൺ’ സിനിമയിലെ പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്‌. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിന്റെ സഹായത്തോടെ വിപുലീകരിച്ചവയാണ്.

വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി കുറെ പേരുടെ- കൂടുതലും യുവാക്കളുടെ – ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള റോഡ് നല്ലതാണ്. അതുകൊണ്ടുതന്നെ യാത്ര സുഗമം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറ വഴി വാൽപ്പാറ കണ്ട് മടങ്ങുകയാണ് യാത്രാലക്ഷ്യത്തിലുള്ളത്. മലക്കപ്പാറ വരെ കുറച്ച് ദൂരം കുഴപ്പമില്ലാത്ത റോഡ്. പിന്നെ റോഡ് മോശമാണ്. അടുത്തു തന്നെ റോഡ് നന്നാക്കുമെന്നാണ് അറിഞ്ഞത്. എത്രയും വേഗം നന്നാവട്ടെ.
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാത സുഗമമാക്കാൻ അടിയന്തര നടപടി ആവശ്യമാണ്. പല സ്ഥലങ്ങളിലും ഇതിന്റെ കുറവുണ്ട്. ഇത്തരം പാതകൾ നന്നാക്കാൻ ഭരണാധികാരികൾ മുൻഗണന നൽകുന്നത് ശുഭോദർക്കമാണ്. അതുപോലെ നന്നാക്കിയ റോഡുകൾ മനോഹരമായി നിലനിർത്താൻ തുടർ നടപടികളും വേണം.

വാൽപ്പാറയുടെ സൗന്ദര്യം

മലക്കപ്പാറ കഴിഞ്ഞാൽ തമിഴ്നാട് അതിർത്തിയായി. വാൽപ്പാറ വരെ നല്ല റോഡാണ്. പ്രകൃതി കനിഞ്ഞരുളിയ ദൃശ്യഭംഗിയാണ് വാൽപ്പാറയിലേക്കുള്ള യാത്ര. റോഡിനിരുവശവും തേയിലത്തോട്ടങ്ങൾ. വനങ്ങളും മലകളും പിന്നിട്ട് വാൽപ്പാറയിലേക്ക്. ഷോളയാർ ഡാമും കടന്നാണ് വാൽപ്പാറയിലെത്തുക. വനപാതയിൽ വന്യജീവികൾ ഇറങ്ങുമെന്ന മുന്നറിയിപ്പ് ബോർഡുകൾ ഇടവിട്ടിടവിട്ട് കാണാം. വൈകിട്ട് ആറുവരെയേ ഇതിലൂടെ വാഹനങ്ങൾ കടത്തിവിടുകയുള്ളു.

കോയമ്പത്തൂർ ജില്ലയിലെ ഹിൽസ്റ്റേഷനാണ് വാൽപ്പാറ. 3500 അടിയോളം ഉയരത്തിൽ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ. സസ്യ- പക്ഷി – ജന്തു വിഭാഗങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം.

വാൽപ്പാറ നഗരസഭയാണ്. മലയാളികളായ വിനോദ സഞ്ചാരികളാണ് കൂടുതൽ എത്തുന്നത്. എന്നാൽ സൗകര്യകളുടെ കാര്യത്തിൽ പിന്നിൽ. ഹോം സ്റ്റേകളുണ്ട്. വൃത്തി കുറവാണ്. പക്ഷേ കഴുത്തറപ്പൻ ചാർജ് . നല്ല ഹോട്ടലുകളുടെ അഭാവം മറ്റൊന്ന്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ല. വാൽപ്പാറയിൽ കുറച്ചു നേരം ചുറ്റി പൊള്ളാച്ചി വഴി മടക്കം.

വാൽപ്പാറ- പൊള്ളാച്ചി യാത്ര അപൂർവ അനുഭവമാണ്. കാറിലായിരുന്നു യാത്ര. 40 ഹെയർപിൻ വളവുകൾ പിന്നിട്ടാണ് പൊള്ളാച്ചിയിൽ എത്തുക. വനപാതയാണ്. നല്ല റോഡ്. മലകളും ആളിയാർ ഡാമും കാണാം. കോടമഞ്ഞും തണുത്ത കാറ്റും. മാറിമറിയുന്ന കാലാവസ്ഥയായിരുന്നു ഹെയർപിൻ വളവുകളിലൂടെയുള്ള യാത്രയിൽ. പകൽ നേരത്ത് ഇങ്ങനെയൊരു യാത്ര നടത്തിയില്ലെങ്കിൽ അതൊരു കനത്ത നഷ്ടം തന്നെയാകുമായിരുന്നു. നമ്മുടെ വയനാടിനെ ഓർമപ്പെടുത്തുന്ന ഹെയർപിൻ വളവുകൾ മനം കവരുന്നതാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടം
അതിരപ്പിള്ളി വെള്ളച്ചാട്ടം
വാൽപ്പാറ
അതിരപ്പിള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *