മാധ്യമങ്ങള്‍ വിശ്വാസ്യത
കൈവിടരുത്

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണം വ്യാപകമാകുന്ന പുതുകാലത്ത് വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനാകണം മാധ്യമങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
മാധ്യമ രംഗത്തെ മികവിന് കോഴിക്കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലതും മറന്നുപോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്തരം കാലഘട്ടത്തില്‍ നമുക്ക് വഴികാട്ടികളായവരെ ഓര്‍ക്കുക എന്നത് ആത്മവിശ്വാസവും മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നതുമാണ്. ഇന്നത്തെ മാധ്യമപ്രവര്‍ത്തനവും പഴയകാലത്തെ മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ വലിയ അന്തരമുണ്ട്. കാര്യങ്ങള്‍ സത്യസന്ധമായി ജനങ്ങളില്‍ എത്തിക്കുക എന്നതാണ് യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനം. ഗവര്‍ണര്‍മാരുടെ അധികാരപരിധി സംബന്ധിച്ച് സുപ്രീം കോടതി ഈയിടെ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തു എന്നത് ശരി തന്നെ. പക്ഷേ കോടതി വിധി അംഗീകരിച്ച് കേരള ഗവര്‍ണര്‍ തന്റെ നിലപാടുകളില്‍ മാറ്റം വരുത്തണമെന്ന് ഒരു പത്രവും എഴുതിയില്ല. വസ്തുതകളുടെ റിപ്പോര്‍ട്ടിങ്ങിനപ്പുറം ഇത്തരത്തിലുളള ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തേണ്ടതും പത്രധര്‍മമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പി ഉണ്ണിക്കൃഷ്ണന്‍ അവാര്‍ഡ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഡോ. ജി പ്രസാദ് കുമാറും തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ദിനപത്രങ്ങളിലെ മികച്ച ഒന്നാംപേജ് രൂപകല്‍പനക്കുള്ള അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി ഹാരിസും മുഷ്താക്ക് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡ് മെട്രോ വാര്‍ത്ത സ്‌പോര്‍ട്‌സ് എഡിറ്റര്‍ സി കെ രാജേഷ് കുമാറും മുഷ്താക്ക് ഫോട്ടോഗ്രാഫി അവാര്‍ഡ് സുപ്രഭാതം മലപ്പുറം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ പി പി അഫ്താബും ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെയുഡബ്ല്യൂ ജെ സെക്രട്ടറി അഞ്ജന ശശി, കെഡിഎഫ്എ സെക്രട്ടറി ഷാജേഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും ട്രഷറര്‍ പി വി നജീബ് നന്ദിയും പറഞ്ഞു.

കാലിക്കറ്റ് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *