പ്രതീക്ഷിക്കുന്നത് 2143 കോടിയുടെ നിക്ഷേപവും 6500 തൊഴിലവസരങ്ങളും
കോഴിക്കോട്: ഒരു കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള 58 പുതിയ സംരംഭങ്ങളുമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം.
ഒരു കോടിയോ അതിന്റെ മുകളിലോ നിക്ഷേപം വരുന്ന യൂണിറ്റുകൾക്ക് ഹാൻഡ് ഹോൾഡിങ് സപ്പോർട്ട് നൽകുന്ന ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ പദ്ധതിലാണ് പുതു സംരംഭങ്ങൾ വരുന്നത്. ഇതിൽ ഏഴു യൂണിറ്റുകളുടെ നിർമ്മാണം തുടങ്ങി കഴിഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ ഇതു വഴി ജില്ലയിൽ 2143 കോടി രൂപയുടെ നിക്ഷേപവും 6500 പേർക്ക് തൊഴിലും സാധ്യമാകുമെന്നാണ് കരുതുന്നത്.
പുതിയ സംരംഭങ്ങളിൽ മൂന്ന് മാളുകൾ, രണ്ട് റീട്ടെയിൽ യൂണിറ്റ്, മൂന്ന് ഐടി ഇന്നോവേഷൻ യൂണിറ്റ്, എട്ട് ഭക്ഷ്യസംസ്കരണ യൂണിറ്റ്, എട്ട് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി യൂണിറ്റ്, 22 വിവിധ മാനുഫാക്ചറിങ് യൂണിറ്റ്, മൂന്ന് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റ്, ആറ് ഹെൽത്ത് യൂണിറ്റ്, ഒന്ന് വീതം ഫുഡ് ടെക്നോളജി യൂണിറ്റ്, മെഡിക്കൽ എക്യുപ്മെൻറ്സ് യൂണിറ്റ്, ലോജിസ്റ്റിക്സ് ആൻഡ് പാക്കേജിങ്, പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു.
ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ നിലവിൽ ഒരു കോടിയ്ക്ക് മുകളിൽ നിക്ഷേപമുള്ള 12 ഉൽപാദന സംരംഭങ്ങളും മൂന്ന് ഭക്ഷ്യ സംസ്കരണ സംരംഭങ്ങളും ഉൾപ്പെടെ 15 യൂണിറ്റുകളാണ് ഉള്ളത്. ഇതിന്റെ തുടർച്ചയായാണ് പുതിയതായി 58 സംരംഭക യൂണിറ്റുകളെ തെരഞ്ഞെടുത്തത്.
കോഴിക്കോട് താലൂക്കിൽ ഒന്നും വടകര താലൂക്കിൽ രണ്ടും ആയിട്ടാണ് മൂന്ന് മാളുകൾ വരിക. 58 യൂണിറ്റുകളിൽ 2025 ഓടെ 80 ശതമാനം പൂർത്തീകരിക്കാനും വലിയ പദ്ധതികൾ 2026 ഓടെ പൂർത്തീകരിക്കാനുമാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഐ ഗിരീഷ് പറഞ്ഞു.
ഒരു കോടിയ്ക്ക് മുകളിൽ നിക്ഷേപമുള്ള 58 പുതിയ സംരംഭങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രം

