ഒന്നാം ലോകമഹായുദ്ധവും നായന്മാരും

പടയ്‌ക്കു പിൻപേ, പന്തിക്കു മുൻപേ എന്നാണല്ലോ പഴമൊഴി. മലബാറിലെ നായന്മാർക്ക്‌ ഈ പഴമൊഴി അറിയാഞ്ഞിട്ടൊന്നുമല്ല. പഴഞ്ചൊല്ലിൽ പതിരില്ലെന്നും അവർക്കറിയാം. എന്നാലും മലബാറിലെ നായന്മാർ പന്നും പടയ്‌ക്കു മുന്നിലായിരുന്നുവെന്നതാണ്‌ ചരിത്രസത്യം. ആയോധന കലകളിൽ മലബാറിലെ നായന്മാർക്ക്‌ അത്രയ്‌ക്കേറെ പ്രാവീണ്യമുണ്ടായിരുന്നു. സാമൂതിരിയെ മലബാറിലെ രാജാവായി നൂറ്റാണ്ടുകൾ കൊണ്ടുനടന്നതും നായന്മാരുടെ ഈ പ്രാവീണ്യം തന്നെ. ആറോ ഏഴോ വയസ്സുമുതൽ കളരി അഭ്യാസം തുടങ്ങുന്ന നായർ എല്ലാം തികഞ്ഞ ഒരു യോദ്ധാവായിട്ടേ പുറത്തിറങ്ങാറുള്ളു. കൊച്ചിയും വള്ളുവനാടും മലബാറിലെ നായന്മാരുടെ സമരവീര്യം വേണ്ടുവോളം അനുഭവിച്ചവരാണ്‌. ഹൈദരാലിയും ടിപ്പുവും നായന്മാരുടെ വാളിനെ അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെ മലബാറിന്റെ ചരിത്രം നായന്മാരുടെ സമര വീര്യത്തിന്റെ ചരിത്രവുമാണ്‌. നായന്മാരുടെ ശരീരത്തിൽ എല്ലുകളില്ലേ എന്ന്‌ അത്ഭുതപ്പെടുന്നുണ്ട്‌ ആദ്യകാല സഞ്ചാരികൾ. അത്രയ്‌ക്ക്‌ മെയ്‌വഴക്കമായിരുന്നുവത്രേ നായർപടയാളികൾക്ക്‌. വാളില്ലാത്ത നായരെയും നായരില്ലാത്ത വാളിനെയും കണ്ടുകിട്ടുക പ്രയാസമായിരുന്നുവത്രേ. ആദ്യകാല സഞ്ചാരികളായ ബർബോസ, ന്യൂ ഹേഫ്‌, ബുക്കാനൻ എന്നീ സഞ്ചാരികളൊക്കെത്തന്നെ നായന്മാരുടെ ആയോധന നൈപുണ്യത്തെ വാനോളം പുകഴ്‌ത്തുന്നുണ്ട്‌. യൂറോപ്യൻ ഭാഷകളിൽ ഒട്ടനവധി ഗ്രന്ഥങ്ങൾ മലബാറിലെ നായർ പടയാളികളുടെ ആയോധന സാമർഥ്യത്തെക്കുറിച്ച്‌ രചിക്കപ്പെട്ടിട്ടുണ്ട്‌.

ഇതൊക്കെ പക്ഷേ, പഴയ കഥ. വാളു പോയിട്ട്‌ വാളുറ പോലും കാണാത്തവരാണല്ലോ ഇക്കാലത്തെ നായന്മാർ. ഇതിനൊരു കാരണവുമുണ്ട്‌. ഹൈദരാലിയുടെയും ബ്രിട്ടീഷുകാരുടെയും സൈന്യം മലബാറിനെ കീഴടക്കിയത്‌ ആയോധന കല കൊണ്ടല്ല, മറിച്ച്‌ തോക്കുകളുടെ പിൻബലത്തോടെയാണ്‌ എന്നത്‌ ചരിത്രസത്യം. ചീറിപ്പാഞ്ഞ്‌ അടുക്കുന്ന വെടിയുണ്ടകളുടെ മുന്നിൽ അമർന്ന്‌ വലതു ചവിട്ടി ഇടതുകാലെടുത്ത്‌ അമർന്ന്‌, വലതുകാലു കൂട്ടി ഇടത്തോട്ട്‌ അമർന്ന്‌ നായന്മാർ നിന്നിട്ട്‌ പ്രത്യേകിച്ച്‌ ഒരു വിശേഷവുമില്ലെന്ന്‌ സാമൂതിരിയോടൊപ്പം നായന്മാർക്കും ബോധ്യമായി. ചുരുക്കിപ്പറഞ്ഞാൽ തോക്കുകളുടെ രംഗപ്രവേശത്തോടുകൂടി നമ്മുടെ കളരി അഭ്യാസം നിഷ്‌പ്രഭമായി; ഒപ്പം നായർപടയും.

ബ്രിട്ടീഷുകാർ നായന്മാരുടെ ഈ യുദ്ധവീര്യത്തെ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു. മനസ്സിലാക്കുക മാത്രമല്ല, മുതലാക്കുകയും ചെയ്‌തുവെന്നതാണ്‌ സത്യം. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെയാണ്‌ നായന്മാരുടെ യുദ്ധസാമർഥ്യത്തെ ബ്രിട്ടീഷ്‌ സർക്കാർ മുതലെടുത്തുകാണുന്നത്‌. നായന്മാരുടെ ഒരു റെജിമെന്റ്‌ വേണമെന്ന്‌ ബ്രിട്ടീഷ്‌ സൈന്യം ആത്മാർഥമായി ആഗ്രഹിക്കുകയും അത്‌ നടപ്പിലാക്കുകയും ചെയ്‌തു. മലബാറിലെ ഡിസ്‌ട്രിക്‌ട്‌ മജിസ്‌ട്രേറ്റായിരുന്നു ഇത്തരം ഒരു റെജിമെന്റിനുവേണ്ടി ശുപാർശ ചെയ്‌തത്‌. ഈ ശുപാർശയെ അർജുട്ടന്റ്‌ ജനറൽ ഇൻ ഇന്ത്യ അംഗീകരിക്കുക കൂടി ചെയ്‌തപ്പോൾ  നായർ റെജിമെന്റിന്റെ രൂപവത്‌കരണം സാധ്യമായി. 1915 സപ്‌തംബർ എട്ടിന്‌ കർണാട്ടിക്‌ ഇൻഫെൻട്രി കമാൻഡന്റ്‌ മലബാർ ഡിസ്‌ട്രിക്‌ട്‌ മജിസ്‌ട്രേറ്റിനയച്ച എഴുത്തിൽനിന്ന്‌ നായർ റെജിമെന്റിന്റെ ഏകദേശ രൂപം നമുക്ക്‌ ലഭിക്കും. അതിങ്ങനെ: ‘താങ്കളുടെ ശുപാർശ അഡ്‌ജുട്ടന്റ്‌ ജനറലിന്റെ  അംഗീകാരത്തോടൊപ്പം എനിക്ക്‌ ലഭിച്ചിരുന്നു. ഇതുപ്രകാരം മലബാറിൽ നിന്ന്‌ നായന്മാരെ റിക്രൂട്ട്‌ ചെയ്യുവാൻ നാം തീർച്ചപ്പെടുത്തിയിരിക്കുന്നു. 113 നായർ പടയാളികളെയാണ്‌ നാം ആദ്യമായി റെജിമെന്റിൽ ഉൾപ്പെടുത്തുന്നത്‌. നായന്മാരെ റിക്രൂട്ട്‌ ചെയ്യുവാനുള്ള അധികാരം കർണാട്ടിക്‌ ഇൻഫെൻട്രിക്ക്‌ മാത്രമാണ്‌ സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്‌. നായന്മാർക്ക്‌ പ്രായം ഇരുപത്തിയൊന്നു വയസ്സിൽ കവിയരുത്‌. നല്ല തറവാട്ടിൽ ജനിച്ചവരായിരിക്കണം. രണ്ടുപേരെ ഓഫീസർമാരായി ഉടൻ നിയമിക്കുവാൻ ഉദ്ദേശിക്കുന്നു. ഏതായാലും ഇന്റർവ്യൂ നടത്തുവാൻ ഞാൻ തന്നെയോ സുബേദാർ നരസിംഹ പെരുമാളോ മലബാറിലേക്ക്‌ വരുന്നതായിരിക്കും. നോൺ കമ്മീഷൻഡ്‌ ഓഫീസേഴ്‌സിനെയും നമുക്ക്‌ ആവശ്യമുണ്ട്‌. സിപ്പായിമാരിൽ നായന്മാരുണ്ടെങ്കിൽ അവരെ നമുക്ക്‌ തിരഞ്ഞെടുക്കുന്നതറൽ വിരോധമില്ല. ഒരുകാര്യം പ്രത്യേകിച്ച്‌ ശ്രദ്ധിക്കണം. കച്ചവടക്കാരോ ഗുമസ്‌തന്മാരോ ആയ നായന്മാരെ ഒഴിവാക്കുന്നതായിരിക്കും നല്ലത്‌. കൃഷിക്കാരായ നായന്മാരാണ്‌ തൃപ്‌തികരം. വിദേശത്ത്‌ പ്രതികൂല സാഹചര്യങ്ങളിൽ കഷ്‌ടപ്പെട്ടിട്ടായിരിക്കുമല്ലോ യുദ്ധം ചെയ്യേണ്ടി വരിക. കൃഷിക്കാർക്കുമാത്രമേ ബുദ്ധിമുട്ടുകൾ സഹിക്കാൻ കഴിയൂ എന്ന കാര്യം താങ്കൾ ഓർക്കുമല്ലോ’.

റിക്രൂട്ടിങ്ങിനായി മലബാറിലെത്തിയത്‌ സുബേദാർ നരസിംഹ പെരുമാളാണ്‌. അദ്ദേഹത്തിന്‌ മലബാർ കലക്‌ടർ ഉച്ചയ്‌ക്ക്‌ രണ്ടിനും അഞ്ചിനുമിടയ്‌ക്ക്‌ സന്ദർശനാനുവാദം കൊടുത്തിരുന്നതായി രേഖകളിൽനിന്നും മനസ്സിലാക്കുന്നു. മലബാറിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നായന്മാരുടെ റെജിമെന്റിനെക്കുറിച്ച്‌ പരസ്യം ചെയ്‌തിരുന്നതായി കാണാം. ബ്രിട്ടീഷ്‌ സർക്കാർ വിചാരിച്ചതിലും കൂടുതലായിരുന്നു അപേക്ഷകർ. നായന്മാർ മാത്രമല്ല, ഇതര ജാതിയിലുള്ളവരും മതത്തിലുള്ളവരും ഈ റെജിമെന്റിലേക്ക്‌ അപേക്ഷകൾ അയച്ചിരുന്നതായി രേഖകളിൽനിന്ന്‌ മനസ്സിലാവുന്നു. ചില അപേക്ഷകൾ ഇങ്ങനെ. കോഴിക്കോട്‌ ഹുസൂർ റോഡിലുള്ള കെ മേനോൻ ആൻഡ്‌ കമ്പനിയിലെ കോന്തി മേനോൻ താനൊരു ബിഎക്കാരനാണെന്ന്‌ അവകാശപ്പെടുന്നുണ്ട്‌. എം ഖാൻജി സാഹിബ്‌ എന്നാളുടെ അപേക്ഷ, നായർ റെജിമെന്റിലേക്ക്‌ മാപ്പിളമാരെ എടുക്കുന്നില്ല എന്ന കാരണത്താൽ തള്ളിയതായി കാണാം. എന്നാൽ അദ്ദേഹത്തിനോട്‌ മദ്രാസിലുള്ള സ്‌കിന്നറുടെ ആർമിയിലേക്ക്‌ അപേക്ഷിക്കുവാൻ ഉപദേശിച്ചതായി കാണുന്നു.

കല്ലായി പന്നിയങ്കര പാലക്കൽ വീട്ടിലെ പി കെ രാമുണ്ണി മേനോൻ അയച്ച അപേക്ഷ ഇങ്ങനെയായിരുന്നു: ‘ഞാൻ മരിച്ചുപോയ നിലമ്പൂർ തിരുമുൽപ്പാടിന്റെ മകനാണ്‌. ഞങ്ങളുടെ കുടുംബം സ്ഥാപിച്ച പി രാമൻ മേനോൻ തിരുവനന്തപുരത്ത്‌ പോഷ്‌കാർ ആയിരുന്നു. അതിനാൽ എന്നെ നായർ റെജിമെന്റിലേക്ക്‌ തിരഞ്ഞെടുക്കുക’. ശിവരാമൻ ഗുരുക്കൾ എന്നൊരാളുടെ അപേക്ഷ നായരല്ലാത്തതിനാൽ തള്ളിയതായി കാണുന്നു. മറ്റൊരപേക്ഷ ജി മഹാദേവയ്യർ എന്ന വൈക്കം തെക്കേ നടയിലുള്ള ഒരു ബ്രാഹ്മണന്റേതാണ്‌. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘ഞാൻ പട്ടാളക്കാരനാകാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നു. എന്റെ കാണപ്പെട്ട ദൈവമാണ്‌ ബ്രിട്ടീഷ്‌ ചക്രവർത്തി. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനുവേണ്ടി ഞാൻ മരിക്കാൻ പോലും തയ്യാറാണ്‌. എനിക്കിവിടെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റില്ല. ചക്രവർത്തിക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഈ യുദ്ധത്തിൽ ചക്രവർത്തി ജയിക്കുമാറാകട്ടെ’. എന്നാൽ അയ്യരുടെ അപേക്ഷ പരിഗണിച്ചില്ല. നായർ റെജിമെന്റിലേക്ക്‌ ബ്രാഹ്മണരെ എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ അറിയിക്കുകയാണ്‌ ബ്രിട്ടീഷ്‌ സർക്കാർ ചെയ്‌തത്‌. ഒടുവിൽ 1915‐ൽ നായറ റെജിമെന്റ്‌ നിലവിൽ വന്നു. അങ്ങനെ ഒന്നാം ലോകമഹായുദ്ധത്തിൽ മലബാറിലെ നായന്മാരും സജീവമായി പങ്കെടുത്തു.



(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *