മാനം മുട്ടിനിൽക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ. തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകളും ബസ്സുകളും. തൻകാര്യം മാത്രം നോക്കുന്ന ടൂ വീലറുകൾ, മത്സരിച്ചുള്ള ഹോണടികൾ, പെട്രോളിന്റെയും ഡീസലിന്റെയും സമ്മിശ്ര ഗന്ധം. ചുരുക്കത്തിൽ വൃദ്ധരുടെ ദുശ്ശാഠ്യം പോലെ നമ്മെ അലോസരപ്പെടുത്തുന്നതാണ് ഇന്നത്തെ നഗരക്കാഴ്ച. യുവതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ നമുക്കീ ചിത്രത്തെ ഒന്നു ഡിലീറ്റ് ചെയ്യാം. എന്നിട്ട് മനസ്സെന്ന മോണിറ്ററിലേക്ക് പഴയകാല കോഴിക്കോടിന്റെ ഒരു ചിത്രം നമുക്കൊന്ന് പേസ്റ്റ് ചെയ്യാം. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചുരുക്കം കെട്ടിടങ്ങൾ. ഭൂരിഭാഗവും ഓല മേഞ്ഞവ. നാടകൾ പോലെ വീതി കുറഞ്ഞ റോഡുകൾ. ജനക്കൂട്ടമില്ലാത്ത നിരത്തുകളിൽ ആധിപത്യം പുലർത്തുന്ന കുതിരവണ്ടികൾ. കുതിരക്കുളമ്പടി കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന നഗരവാസികൾ. അതെ, ഒരുകാലത്ത് കോഴിക്കോട് നിരത്തുകളിൽ കുതിരവണ്ടികൾ ആധിപത്യം പുലർത്തിയിരുന്നു. യാത്രകൾക്കായി നഗരവാസികളുടെ ഏക ആശ്രയം കുതിരവണ്ടികളായിരുന്നു. ഇവിടെ ചികയുന്നത് നഗരത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന കുതിരവണ്ടിനിയമത്തെക്കുറിച്ചാണ്.
കുതിരവണ്ടിനിയമത്തിന് Hackney Carriage Act എന്നായിരുന്നു പേര്. മദ്രാസ് സർക്കാരിന്റെ ചീഫ് സെക്രട്ടറി മലബാർ കലക്ടർക്കയച്ച ഒന്നുരണ്ട് കമ്പി(Telegram)കളിൽനിന്ന് നമുക്കിതിനെക്കുറിച്ച് ചില വിവരങ്ങൾ മനസ്സിലാവുകയും ചെയ്യും. 24‐ 07‐ 1914ന് ചീഫ് സെക്രട്ടറി മലബാർ കലക്ടറോട് പ്രസ്തുത നിയമം സപ്തംബർ ഒന്നുമുതൽ കോഴിക്കോട്ട് നടപ്പിലാക്കാൻ നിർദേശിക്കുന്നുണ്ട് എന്നുമാത്രമല്ല, അതിനുവേണ്ട ചട്ടങ്ങളും കുതിരവണ്ടി നിരക്കുകളും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുവാനും നിർദേശിക്കുന്നു. കോഴിക്കോട് ജില്ലാ പ്രസിൽനിന്ന് ഇതിന്റെ നിയമാവലിയും മറ്റും അച്ചടിക്കുന്നുണ്ടെന്നും എത്രയും വേഗം തീരുമെന്നും കലക്ടർ സെക്രട്ടറിയെ ധരിപ്പിക്കുന്നുമുണ്ട്. രണ്ടണ സർക്കാറിലേക്കടച്ചാൽ ഏതൊരു കോഴിക്കോട്ടുകാരനും ഈ നിയമത്തിന്റെ കോപ്പി കൊടുക്കുവാൻ കമ്മീഷണർക്ക് കലക്ടർ നിർദേശം കൊടുത്തിരുന്നു. തെക്കൻ മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്നു ഇതിന്റെ ചുമതല വഹിച്ചിരുന്നത്.
കുതിരവണ്ടിയുടെ നിലവാരമനുസരിച്ച് ഇവയെ ഒന്നാംക്ലാസെന്നും രണ്ടാം ക്ലാസെന്നും തരം തിരിച്ചിരുന്നു. കുതിരക്കാരന് ലൈസൻസ് കൊടുത്തിരുന്നത് ചില യോഗ്യതകളുടെ അടിസ്ഥാനത്തിലായിരുന്നു. 14 വയസ്സിൽ കുറയരുതെന്ന് പ്രത്യേകം നിഷ്കർഷിച്ചിരുന്നു. കമ്മീഷണറുടെ മുമ്പാകെ കുതിരവണ്ടിക്കാരൻ വണ്ടിയോടിച്ച് കാണിച്ചുകൊടുക്കേണ്ടിയിരുന്നു. തീർന്നില്ല, കോഴിക്കോട് നഗരത്തിലെ റോഡുകളുടെ പേരും സ്ഥലങ്ങൾ എവിടെയാണെന്നതും കുതിരക്കാരന് അറിവുണ്ടായിരിക്കണമായിരുന്നു. ഇത്രയുമായാൽ ലൈസൻസ് പ്രതീക്ഷിക്കാം.
കുതിരയും കുതിരവണ്ടിയും രജിസ്റ്റർ ചെയ്തുകിട്ടണമെങ്കിൽ മറ്റു ചില കടമ്പകൾകൂടി കടക്കാനുണ്ടായിരുന്നു. കുതിരയും വണ്ടിയും കുറ്റമറ്റതാകണം. ചക്രം കറകറ ശബ്ദമുണ്ടാക്കുന്ന തരത്തിലാകരുത്, മേൽക്കൂര ചോരുന്നതായിരിക്കരുത്, ജനൽവാതിലുകൾ തുറക്കാനും അടയ്ക്കാനും എളുപ്പം കഴിയണം. സീറ്റിനുപയോഗിക്കുന്ന ലിനൻതുണി വൃത്തിയുള്ളതും കീറാത്തതുമായിരിക്കണം. രണ്ടു വിളക്കുകൾ വണ്ടിയിലുണ്ടായിരിക്കണം. അത് കത്തുന്നതുമായിരിക്കണം. ഹാവൂ, ആശ്വാസമായി എന്നു കരുതരുത്. ഇനിയാണ് അടുത്ത കടമ്പ. കുതിര നല്ല ആരോഗ്യമുള്ളതായിരിക്കണം. ആരോഗ്യമില്ലാത്ത കുതിരകളാണെങ്കിൽ ഒരു മാസത്തേക്ക് ഇവയെ അധികാരികൾക്കു വിൽക്കാം. ഒരുമാസം കഴിഞ്ഞ് ഹാജരാക്കുമ്പോൾ കുതിരയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവയെ എന്നന്നേക്കുമായി നഗരത്തിൽ വിലക്കും. വണ്ടിക്കാരന് ഇവയെ കൈമാറ്റം ചെയ്യാം. പക്ഷേ, ആർക്കാണ് കൈമാറിയതെന്നും അയാളുടെ പൂർണ മേൽവിലാസവും അധികാരികളെ കുതിരക്കാരൻ അറിയിക്കേണ്ടതാണ്.
കുതിരവണ്ടിക്കാരൻ താൽക്കാലികമായോ അല്ലാതെയോ കോഴിക്കോട് നഗരം വിടുന്നപക്ഷം തന്റെ ബാഡ്ജ് നഗരം പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കണം. മടങ്ങിവരുമ്പോൾ സ്റ്റേഷനിൽനിന്ന് ബാഡ്ജ് തിരിച്ചെടുക്കാം. കമ്മീഷണർക്കോ ഷെഡ് കോൺസ്റ്റബിളിന്റെ മീതെ റാങ്കുള്ള പൊലീസ് ഓഫീസർക്കോ കുതിരവണ്ടിയെ പരിശോധനയ്ക്കായി കൈകാട്ടി നിർത്താം. അതുപോലെ ഇവർക്ക് കുതിരവണ്ടികൾ നിർത്തിയിടുന്ന സ്ഥലവും ഏതുസമയത്തും പരിശോധിക്കാമായിരുന്നു. കുതിരവണ്ടികൾ രാത്രിയിലും സേവനം നടത്തിയിരുന്നു. പക്ഷേ, രണ്ടു വിളക്കുകൾ കുതിരവണ്ടികളിൽ ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിച്ചിരുന്നു. എന്നാൽ, നിലാവുള്ള രാത്രികളിൽ വിളക്കുകൾ കത്തിക്കേണ്ടതില്ലെന്നും ഇതേ നിയമംതന്നെ ഇളവ് കൊടുത്തിരുന്നതായും കാണാം.
ഇനി നമുക്ക് അക്കാലത്തെ കുതിരവണ്ടികളുടെ യാത്രാനിരക്ക് ഒന്ന് പരിശോധിക്കാം. ഇതിൽനിന്ന് അക്കാലത്ത് കോഴിക്കോട് നഗരത്തിലെ അറിയപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയായിരുന്നുവെന്ന് ഒരു ഏകദേശ രൂപം ലഭിക്കും. കോഴിക്കോട് തീവണ്ടി ആപ്പീസിൽനിന്നാണ് ദൂരം കണക്കാക്കിയിട്ടുള്ളത്. അതിങ്ങനെ:

ഇന്ന് നഗരത്തിൽനിന്ന് കുതിരയും കുതിരവണ്ടിക്കാരനുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ രാഷ്ട്രീയക്കാരുകെ കുതിരക്കച്ചവടവും നഗരവാസികളുടെ ‘കുതിരക്കണാരൻ’ എന്ന പ്രയോഗവും ഇപ്പോഴും ബാക്കി നിൽക്കുന്നു. ഗതകാലസ്മരണകളുടെ ബാക്കിപത്രമായി.
(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽനിന്ന്)

