നാഗരികം

ജനകീയോത്സവമായി എം ഭാസ്കരൻ സ്മാരക
പകൽവീട് വാർഷികം

കരുവിശ്ശേരി: കോഴിക്കോട് കോർപറേഷന്റെ വയോജന നയത്തിന്റെ ഭാഗമായി സ്ഥാപിതമായ എം ഭാസ്കരൻ സ്മാരക പകൽവീടിന്റെ ഒന്നാം വാർഷികാഘോഷം ഏഴാം വാർഡിന്റെ ജനകീയോത്സവമായി. പകൽവീട് അംഗങ്ങൾ ശനിയാഴ്ച പകൽ കരുവിശ്ശേരി പാർക്കിൽ വിവിധ കലാപരിപാടികളിൽ മുഴുകി. സംഘമായും ഒറ്റയ്ക്കും നൃത്തം വെച്ചു. ഓർമച്ചെപ്പുതുറന്ന് ഗൃഹാതുര സ്മരണകളുണർത്തി മനംനിറഞ്ഞു പാടി. വാർഡിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള കുട്ടികളും, പാട്ടും നൃത്തവുമായി ആഹ്ലാദത്തിൽ ഒപ്പംചേർന്നു.

പല തവണ കോർപറേഷൻ കൗൺസിലറും 2005 മുതൽ 2010 വരെ മേയറുമായിരുന്ന എം ഭാസ്കരന്റെ നാമധേയത്തിൽ ആരംഭിച്ച പകൽവീട് 2022 ആഗസ്ത് 27നാണ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തത്. അക്കൊല്ലം ഡിസംബർ ഒന്നിന് പ്രവേശനോത്സവത്തോടെ  രജിസ്ട്രേഷൻ ആരംഭിച്ച ശേഷം 170 പേർ അംഗങ്ങളായി ചേർന്നു. . സ്ഥിരം അംഗങ്ങളായി 40 പേരുണ്ട്. മറ്റുള്ളവർ ഇടയ്ക്കിടെ വരുന്നു. എം ഭാസകരന്റെ മകനും വാർഡ് കൗൺസിലറുമായ വരുൺ ഭാസ്കറാണ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ. ജില്ല – കോർപറേഷൻ വയോജനോത്സവങ്ങളിൽ ഈ  പകൽവീടിന്റെ  സജീവ പങ്കാളിത്തമുണ്ട്.

വാർഷികാഘോഷം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ മുഖ്യാതിഥിയായിരുന്നു. മാനേജ്മെൻറ് കമ്മിറ്റി കൺവീനർ കെ പി സോമൻ റിപ്പോർട് അവതരിപ്പിച്ചു. സിഡിപിഒ തങ്കമണി, വാർഡിലെ റസിഡൻ്റ്സ് അസോസിയേഷനുകളുടെ അപെക്സ് കമ്മിറ്റി ചെയർമാൻ സി ജെ തോമസ്, മുൻ കൗൺസിലർമാരായ മഞ്ജു ചന്ദ്രൻ, എം എം ലത, കലിക്കറ്റ് നോർത്ത് സർവീസ് സഹ. ബാങ്ക് ഡയറക്ടർ എൻ എം അഷ്റഫ്, ഡോ. ലക്ഷ്മി, എഡിഎസ് ചെയർപേഴ്സൺ ഷിജുല, കരുണ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആലിസ്, ആറാം വാർഡ് കൗൺസിലർ കെ റീജ എന്നിവർ സംസാരിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി വൈസ് ചെയർമാൻ ചന്ദ്രൻ സ്വാഗതവും ട്രഷറർ കെ ഭാർഗവൻ നന്ദിയും പറഞ്ഞു.

പകൽവീട് വാർഷികാഘോഷത്തിൽ അവതരിപ്പിച്ച ചിരട്ടപ്പാട്ട്

Leave a Reply

Your email address will not be published. Required fields are marked *