(അമേരിക്കയിലുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി കുഞ്ഞിരാമൻ എഴുതുന്നു)
കാഴ്ചകൾക്ക് നല്ല തെളിച്ചവും കുളിർമയും …വസന്തം വിടവാങ്ങുകയാണ്. ശിശിരത്തിന്റെ ഉടയാടമാറൽ തുടങ്ങുന്നു. പരക്കെ തണൽ വിരിച്ചുനിന്ന പച്ചപ്പിന്റെ സടകൊഴിച്ചിൽ . പകരം മഞ്ഞയും ചുവപ്പുമണിഞ്ഞ് തലതാഴ്ത്തുന്ന വൃക്ഷലതാദികൾ. കണ്ണിനും കരളിനും നേരിട്ട് ഒപ്പിയെടുക്കാവുന്ന ഋതുപ്പകർച്ച . കാലാവസ്ഥാമാപിനിയിൽ തണുപ്പിന്റെ അളവ് കൂടുന്നു.
ജീവിതത്തിന്റെ കലണ്ടറിൽ ഒരു കൊല്ലംകൂടി പിന്നിലേക്ക് മറയുകയാണ്. ഇനി രണ്ടുമാസം ബാക്കി. ആസ്വാദ്യമായതെല്ലാം പ്രദർശിപ്പിച്ചും ഒളിക്കേണ്ടതുമാത്രം മറച്ചുവെച്ചും ഇമ്പം പരത്തുന്ന നാട്ടുനടപ്പ്. പ്രകൃതിയും ഇവിടെ ഈ രീതിയോട് ലയിച്ചുചേർന്നപോലെ. കാലം കനിഞ്ഞുനൽകുന്ന ഒരവസരവും അതേമാതിരി പിന്നെ ആവർത്തിച്ചു കിട്ടണമെന്നില്ല. അതുകൊണ്ടാണ് ശൈത്യത്തിലും യാത്രയാവാമെന്ന് തീരുമാനിച്ചത്. വടക്കേ അമേരിക്കയിലെ ടെന്നസിയിൽ മെംഫിസിന് സമീപം കോളിയർ വില്ലെ ടൗണിൽ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. അതിനിന്ദ്യമായ വർണവിവേചനത്തിനെതിരേ സന്ധിയില്ലാസമരം നയിച്ച് ലോകചരിത്രത്തിൽ ഇടംനേടിയ മാർട്ടിൻ ലൂഥർ കിംഗ് വെടിയേറ്റു മരിച്ച സ്ഥലമാണ് മെംഫിസ് . പത്ത് വർഷത്തോളമായി മൂത്ത മകൾ ഡാലിയ ഇവിടെയാണ് ; അവളുടെ പ്രിയൻ ദിലീപും. അവർക്ക് രണ്ടു മക്കൾ – പാർത്ഥിപും മേബലും . അച്ഛാച്ചന്റെയും അമ്മാമ്മയുടെയും വരവ് കുട്ടികൾ മനംനിറഞ്ഞ് കൊണ്ടാടുന്നു. വന്ന അന്നുമുതലേ അതിരറ്റ ആഹ്ലാദത്തിമിർപ്പിലാണവർ. ബാല്യസഹജമായ സ്നേഹവാത്സല്യങ്ങളുടെ തിരയടി വാക്കുകൾക്ക് വഴങ്ങില്ല. എന്നാലും, നാലുമാസത്തോളം നാട് വിട്ടുനിൽക്കുന്നതിന്റെ ആധി ഞങ്ങൾക്ക് ചെറുതല്ലല്ലോ. ചിരപരിചിതമായ ചുറ്റുപാടുകളിനിന്ന് അകന്നു മാറുമ്പോൾ നവോന്മേഷത്തിന്റെ നിറവുകൾ ആരെയും അനുഗ്രഹിക്കുമെന്നത് ശരി. അത്തരം പുതുമകൾ തരുന്ന സുഖവും സംതൃപ്തിയും സ്വാഭാവികം. അതിന്റെ ലഹരികൂടി നുണയുമ്പോൾ …
ആദ്യനാളിൽ ഹാലോവിൻ ഫെസ്റ്റിന്റെ ആരംഭമായിരുന്നു. മലബാറിലെ തുലാപ്പത്ത് കണക്കെ കാർഷിക വിളവെടുപ്പുമായി ബന്ധപ്പെട്ട ആചാരപരമായ ഒരു ഉത്സവമാണിത്. പണ്ടെന്നോ മൺമറഞ്ഞുപോയ പ്രതാപികളായ ബന്ധുജനങ്ങൾക്ക് കോളിയർവില്ലെ ടൗൺ ഗ്രൗണ്ടിൽ ഓർമപ്പൂക്കൾ … അലങ്കാരങ്ങളിൽ മുൻപന്തിയിൽ വലിയ മത്തൻ കുമ്പളങ്ങ. വിശ്വാസപരമായ ചടങ്ങുകൾക്കു പുറമെ കൗമാര കൗതുകങ്ങളും വഴിഞ്ഞൊഴുകിയ വേദി. പിറ്റേന്ന് മെംഫിസിലെ ഹിന്ദുക്ഷേത്രത്തിൽ (സ്വാമി നാരായണ മന്ദിർ ) നവരാത്രി ആഘോഷത്തിന് കൊടിയേറ്റം. ആട്ടവും പാട്ടുമായി നിറപ്പകിട്ടാർന്ന പരിപാടികൾ . ഒപ്പം വിഭവസമൃദ്ധമായ നിവേദ്യ ദാനവും. തെലുങ്കരുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് അമ്പല നടത്തിപ്പുകാർ.
ഏതായാലും “കർട്ടൻ റെയ്സർ ” കസറി. തുടക്കം നന്നായാൽ പാതി ജയിച്ചു എന്നാണല്ലോ. ഇനി ഈ വരുന്ന ശനിയാഴ്ച മെംഫിസിൽ “ഇന്ത്യാ ഫെസ്റ്റാ”ണ്. നമ്മുടെ രാജ്യത്തെ മിക്ക സംസ്ഥാനക്കാരുടെയും പ്രവാസി സംഘടനകൾ പങ്കെടുക്കുന്ന കലാമത്സരങ്ങളും ഭക്ഷ്യമേളയുമുണ്ട്. മറ്റെല്ലാ വേർതിരിവുകൾക്കും അതീതമായ കൂട്ടായ്മയാണ് ഇതിന്റെ ഒരുക്കത്തിൽ എങ്ങും തെളിയുന്നത്. ഭാഷതന്നെയാണ് ഇവിടെ എല്ലാവരെയും കൂട്ടിയിണക്കുന്ന സാംസ്ക്കാരിക അന്തർധാര. തികഞ്ഞ സാഹോദര്യത്തിന്റെ ആർദ്രമധുരമായ മാനവിക സൗന്ദര്യമാണ് മലയാളി അസോസിയേഷനിലെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തിലും തുടിച്ചുനിൽക്കുന്നത്. ഭാരതമെന്നും കേരളമെന്നും കേൾക്കുമ്പോൾ “അഭിമാനപൂരിതമാകു” ന്ന ഇവരുടെ അന്തരംഗങ്ങളിൽ സങ്കുചിതത്വം നന്നേ കുറവാണെന്നതിൽ വലിയ സന്തോഷം തോന്നുന്നു. അന്ധവും അധമവുമായ അരുതാത്ത വിചാര വികാരങ്ങൾ അവരെ ഒരിക്കലും സ്വാധീനിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
യു എസിൽ വരുന്നവർക്ക് സ്കൂൾ സന്ദർശനം വ്യത്യസ്തതകൾ ഏറെയുള്ള അനുഭവമാകും ; പ്രത്യേകിച്ച് താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന കൊച്ചുമക്കളുള്ള നവ വൃദ്ധർക്ക് . ഇളംതലമുറയ്ക്ക് സമൂഹവും സർക്കാരും ഇവിടെ നൽകുന്ന പരിഗണന കണ്ടറിയുകതന്നെ വേണം. മാത്രമല്ല, എലിമെന്റ്റി സ്കൂളിൽ (ഒന്നുമുതൽ അഞ്ചുവരെ ) ഗ്രാൻഡ് പാരന്റ്സ് ഡേ പ്രത്യേകമായി നടത്താറുണ്ടുതാനും. വിവാഹബന്ധം വേർപിരിയൽ ഈ നാട്ടുകാരിൽ സാധാരണമാണല്ലോ. അതുകൊണ്ട് പലപ്പോഴും ആദ്യ ദാമ്പത്യത്തിലെ കുട്ടികൾ വലിയച്ഛന്മാരുടെയോ വലിയമ്മമാരുടെയോ സംരക്ഷണത്തിലായിരിക്കും. ചെറിയ മക്കളുടെ പഠനകാര്യങ്ങൾ നോക്കുന്നതും അവരാകും. അക്കാരണത്താലാണ് അവരെ വിദ്യാലയാധികൃതർ നേരിട്ട് വിളിച്ചുചേർക്കുന്നത്. ഞങ്ങളുടെ ഉണ്ണി എന്ന പാർത്ഥിപ് പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ ഗ്രാൻഡ് പാരന്റ്സ് ഡേയിൽ ഞാനും ഭാര്യ മാതു ടീച്ചറും പങ്കെടുത്തിരുന്നു.
ഇപ്രാവശ്യം ഹൈസ്കൂളും പ്രീ കെ ജിയും (ഡേ കെയർ സെന്റർ ) കാണാനായിരുന്നു താല്പര്യമധികം. അതിനാൽ ഒന്നാമത്തെ ആഴ്ചയിലെ അജൻഡയിൽ അതും ഉൾപ്പെടുത്തി. മൂന്നു വയസ്സ് പിന്നിട്ട മേബൂട്ടി എന്ന മേബൽ ” ഗോദാർദ് സ്കൂൾ ഫോർ ചൈൽഡ് ഹുഡ് ഡെവലപ്മെന്റി “ലാണ് പോകുന്നത്. കാലത്ത് ഒൻപത് മണിക്ക് അവിടെ എത്തണം. വീട്ടിൽനിന്ന് വളരെ അടുത്താണ് സ്ഥാപനം. പക്ഷേ, കാറിലാണ് പോക്കും വരവും. കാൽനട ഇവിടെ കുട്ടികൾക്കെന്നല്ല മുതിർന്നവർക്കും പതിവില്ല. കടുത്ത തണുപ്പിനെ വകഞ്ഞുമാറ്റി വേണം അങ്ങോട്ടെത്താൻ. അവിടെ ചെന്നാൽപിന്നെ തിരിഞ്ഞുനോട്ടമില്ലാതെ മേബൽ ക്ലാസിലേക്കൊരു കുതിപ്പാണ്.
കുട്ടികളെ അതീവ ശ്രദ്ധയോടെയാണ് അവിടെ പരിചരിക്കുന്നത്. മൂന്നുമാസം മുതൽ മേല്പോട്ട് പ്രായമുള്ള മക്കളുണ്ട്. ഓരോ പ്രായഗ്രൂപ്പിനും വെവ്വേറെ മുറി. അതനുസരിച്ച് ടീച്ചർമാർ. കളിപ്പാട്ടങ്ങൾ . കളിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വേണ്ടത്ര സൗകര്യം. ഓരോ കുട്ടിയുടെയും സവിശേഷതകൾ തിരിച്ചറിഞ്ഞുള്ള പരിപാലനവും. കൂടാതെ അത്യാവശ്യ സന്ദർഭങ്ങളിൽ വൈദ്യസേവനവും കൗൺസെലിങ്ങും ലഭ്യമാക്കുന്നു. ഫീസ് നിരക്ക് ഉയർന്നതാണെങ്കിലും ഒന്നിനും പോരായ്മയില്ല. വൃത്തിയും വെടിപ്പുമൊത്ത മനോഹരമായ പരിസരം. നേരം പോവുന്നതറിയാതെ ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ കുട്ടികൾക്കവിടെ കളിച്ചുല്ലസിച്ച് കഴിയാം. 15 ക്ലാസിലായി ഇരുന്നൂറിൽപരം കുരുന്നുകളുണ്ട്. സ്ഥാപനം സ്വകാര്യ മാനേജ്മെന്റിന് കീഴിലാണ്. എങ്കിലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫീസ് ഈടാക്കുന്നില്ല.
പ്രീ കെ ജിയിൽ നാലുവർഷം പിന്നിടുന്നതോടെയാണ് പ്രീ- പ്രൈമറിയിൽ പ്രവേശനം. പിന്നെ ലോവറും അപ്പറുമായി രണ്ടു കൊല്ലം. അതും കഴിഞ്ഞ് ആറുവയസ് പൂർത്തിയാവുമ്പോഴേ ഒന്നാം ക്ലാസിൽ ചേർക്കൂ. എഴുത്തും വായനയും പഠിപ്പിക്കുന്നത് അവിടെ മാത്രം. അതുവരെ മാനസിക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വിനോദത്തിനുമുള്ള കളിസാമഗ്രികളേ നൽകൂ .
പാർത്ഥിപിന്റേത് ഹൈസ്കൂളാണ് – 9, 10, 11, 12 ക്ലാസുകൾ . മിഡിൽ സ്കൂളിൽ എട്ടാം ക്ലാസ് കഴിഞ്ഞശേഷമാണ് ഇവിടെ എത്തിയത്. ഇപ്പോൾ ഒൻപതിന്റെ ആദ്യ പാതിയിലാണ് അവൻ. കോളിയർവില്ലെ ടൗണിൽ ഒരു ഹൈസ്കൂളേയുള്ളൂ. ഇവിടെ 2885 കുട്ടികൾ പഠിക്കുന്നു . അമേരിക്കയിലെ മികച്ച പബ്ലിക് സ്കൂളുകളിൽ ഒന്നാണിത്. 158 ഏക്കറാണ് ക്യാമ്പസിന്റെ വിസ്തൃതി. നൂറിലധികം പഠനാനുബന്ധ പരിപാടികളുണ്ട് ; 32 സ്പോർട്സ് ആൻഡ് ഗെയിംസ് ടീമുകളും. അക്കാദമിക് നിലവാരത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തിന് വാഷിങ്ടൺ പോസ്റ്റ് ദിനപത്രത്തിന്റെയും ന്യൂസ് വീക്കിന്റെയും നാമനിർദേശത്തിൽ പെട്ടിരുന്നു. രാവിലെ 7-30 മുതൽ 2-30 വരെയാണ് അധ്യയനം . പഠനേതര കാര്യങ്ങളിലടക്കം ഉപദേശ നിർദേശങ്ങൾക്ക് ആശ്രയിക്കാൻ കൗൺസെലറുണ്ട്. അക്കാദമിക് പിന്തുണയ്ക്ക് ക്ലാസ് ടീച്ചർക്കു പുറമെ മെന്ററും .
സ്കൂൾ ബസ്സിൽ യാത്ര ഉൾപ്പെടെ പഠനസൗകര്യം മുഴുവൻ സൗജന്യം. വന്നപ്പോഴേ അങ്ങോട്ട് പോകാൻ ഉദ്ദേശിച്ചതാണ്. പക്ഷേ, കഴിഞ്ഞില്ല. സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഉണ്ണി രണ്ടുദിവസം ഇതേ ജില്ലയിലെ നാഷ് വില്ലെ നഗരത്തിൽ ഒരു ക്യാമ്പിലായിരുന്നു. സ്കൂളിലെ സ്പീച്ച് ആൻഡ് ഡിബേറ്റ് ക്ലബ്ബിൽ സജീവാംഗമാണ് അവൻ . വിവിധ വിഷയങ്ങളിലായി ഇടയ്ക്കിടെ സ്കൂളിൽ ചർച്ചകൾ സംഘടിപ്പിക്കാറുണ്ട്. നല്ല വായനാഭിരുചിയും ആശയവിനിമയ ശേഷിയുമുളള വിദ്യാർത്ഥികൾക്കാണ് ഇതിൽ മാറ്റുരയ്ക്കാൻ അവസരം ലഭിക്കുക.
ഉപരിപഠനത്തിനും ഉദ്യോഗത്തിനുമുള്ള ഇന്റർവ്യൂകളിൽ ഗ്രൂപ്പ് ചർച്ചകൾ പ്രധാനമാണല്ലോ. അതുകൊണ്ടാണ് സ്പീച്ച് ആൻഡ് ഡിബേറ്റ് ക്ലബ്ബിന് പഠനേതര പ്രവർത്തനത്തിൽ മുൻഗണന കൊടുക്കുന്നത്. ഇതിന് നേതൃത്വം വഹിക്കാൻ പ്രത്യേക ചുമതലയുള്ള അധ്യാപകരുണ്ട് ; തുടർച്ചയായ പ്രോത്സാഹന പരിപാടികളും. പല നിലയ്ക്കും അനുകരണീയമാണ് ഈ മാതൃക. കേരളത്തിലേക്കും പറിച്ചുനടാവുന്ന ഇനങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്ത് പലതുമുണ്ടിവിടെ. അധ്യാപന മേഖലയിലേക്ക് യോജിച്ച പ്രതിഭാശാലികളെ സർക്കാർ നന്നായി ശ്രദ്ധിച്ച് ആകർഷിക്കുന്നു. അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങൾ കേരളത്തിലേതിലും ഉയർന്നതാണ് എല്ലാ തലത്തിലും . അതുകൊണ്ടുകൂടിയാകാം ശമ്പളത്തിലും മറ്റാനുകൂല്യങ്ങളിലും നല്ല വർധന ഉണ്ടുതാനും.

