കേരളത്തിലെ ജനസംഖ്യയിൽ 16.5 ശതമാനത്തോളം പേർ 60 വയസ്സിനുമേൽ പ്രായമുള്ളവരാണ്. 2031 ഓടെ പ്രായമായവരുടെ സംഖ്യ 20 ശതമാനത്തിൽ അധികം വരുമെന്ന് കണക്കാക്കിയിരിക്കുന്നു. വയസ്സേറുന്നതുമായി ബന്ധപ്പെട്ട് നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിഷാദരോഗം, ഉൽക്കണ്ഠ രോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങളും പ്രായമായവരിൽ വളരെ കൂടുതലാണ്. ഡിമെൻഷ്യ പോലുള്ള ബുദ്ധിപരമായ പ്രശ്നങ്ങളും വലിയൊരു വിഭാഗം ആളുകളിലുണ്ട്. അതുപോലെ പ്രത്യേക പരിഗണന ആവശ്യമുള്ള കിടപ്പിലായ രോഗികളും പരസഹായമില്ലാതെ നടക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും പറ്റാത്തവരായി നിരവധി പേരുണ്ട്. വാർധക്യ കാലത്തെ ആത്മഹത്യാ നിരക്ക് സാധാരണ ജനങ്ങളിലേക്കാൾ കൂടുതലാണ്. വൃദ്ധരായവരെ പരിചരിക്കുന്ന ബന്ധുക്കളും വലിയ തോതിൽ മാനസിക സമ്മർദം അനുഭവിക്കുന്നവരും മാനസിക പിന്തുണ ആവശ്യമുള്ളവരുമാണ്.
ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള കാലോചിതമായതും നൂതന സാങ്കേതിക വിദ്യകളുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നതുമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. വയോജന സൗഹൃദമായ രീതിയിൽ വീടുകളിലെയും പൊതു ഇടങ്ങളിലെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതുപോലെ വയോജനങ്ങളുമായി ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ, പൊലീസ് ഓഫീസർമാർ, മറ്റു സേവന ദാതാക്കൾ തുടങ്ങിയവരിലൊക്കെ വയോജന സൗഹൃദമായ സമീപനം വളർത്തിയെടുക്കുക എന്നതും വളരെ പ്രധാനമാണ്.
ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് നഗരം വയോജന സൗഹൃദമാക്കാനുള്ള സമഗ്ര പദ്ധതിക്ക് നഗരസഭ രൂപം നൽകുന്നത്. കോഴിക്കോട് ജില്ലയിലും പുറത്തുമുള്ള സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെയും പൊതു സമൂഹത്തിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 10 മുതൽ 15 വരെ വയോജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, വയോജന സംഗമം, ശിൽപ്പശാലകൾ, വയോജന സൗഹൃദ ഉപകരണങ്ങളുടെ പ്രദർശനം എന്നിവ നഗരസഭ സംഘടിപ്പിക്കും.
വയോജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്ന കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ പങ്കെടുക്കും. അഞ്ചു ദിവസത്തെ ചർച്ചകളെ ആസ്പദമാക്കി നഗരത്തിലെ എല്ലാ പ്രദേശങ്ങളും വയോജന സൗഹൃദമായി മാറ്റുന്നതിന് സഹായകമായ മാർഗരേഖ പ്രസിദ്ധീകരിക്കും. അതുപോലെ വയോജനങ്ങൾക്കായുള്ള ഒരു കോഴിക്കോട് പ്രഖ്യാപനത്തിന് രൂപം നൽകുകയും ചെയ്യും.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
1. കോഴിക്കോട് നഗരത്തിലെ ഭൗതിക സാഹചര്യങ്ങൾ (ഉദാഹരണത്തിന് റോഡുകൾ, നടപ്പാതകൾ, മൈതാനങ്ങൾ, മറ്റു പൊതു ഇടങ്ങൾ, വീടിനുള്ളിലെ സാഹചര്യം) വയോജന സൗഹൃദമാക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ചകൾ സംഘടിപ്പിക്കുകയും അതിൽനിന്ന് ഉരുത്തിരിയുന്ന മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിന് പ്രായോഗിക പരിപാടിക്ക് രൂപം നൽകുകയും ചെയ്യുക.
2. നഗരം വയോജന സൗഹൃദമാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയെയും പുതിയ അറിവുകളെയും ഉപയോഗിക്കുന്നതിന് പ്രായോഗിക മാർഗരേഖ തയ്യാറാക്കുക.
3. വയോജനങ്ങളുടെ ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും വയോജനങ്ങളുടെ ഇടയിലും പൊതുജനങ്ങളുടെ ഇടയിലും അവബോധം വളർത്തുക.
4. വയോജനങ്ങളുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ചും ഡിമെൻഷ്യ പോലെ ബുദ്ധിപരമായ പ്രവർത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചും സാധാരണ ജനങ്ങളുടെ ഇടയിലും വയോജനങ്ങളുടെ ഇടയിലും അവബോധം വർധിപ്പിക്കുക.
5. വയോജനങ്ങളിൽ ശാരീരിക- മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിനുതകുന്ന ജീവിതചര്യകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക.
6. വയോജനങ്ങളോടും വാർധക്യത്തോടുമുള്ള പൊതുജനങ്ങളുടെ സമീപനത്തിൽ ആരോഗ്യകരമായ മാറ്റമുണ്ടാക്കുക, അതിനുതകുന്ന രീതിയിൽ വയോജനങ്ങളുടെ ദൈനം ദിന ജീവിതത്തിൽ ഇടപെടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, സേവന ദാതാക്കൾ എന്നിവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
7. വയോജനങ്ങളെ പരിചരിക്കുന്ന ബന്ധുക്കളുടെ ശാരീരിക-മാനസിക പ്രശ്നങ്ങളും മറ്റു സാമൂഹ്യ പ്രശ്നങ്ങളും ലഘൂകരിക്കുന്നതിനുള്ള പ്രായോഗിക പരിപാടികൾക്ക് രൂപം നൽകുക.
8. വയോജനങ്ങളെ വീട്ടിൽ പരിചരിക്കുന്ന ഹോം നഴ്സ് പോലുള്ള സേവന ദാതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തുക.
9. വയോജനങ്ങളുടെ ഇടയിൽ നിയമ സാക്ഷരത ഉണ്ടാക്കുകയും അതുവഴി വയോജന ചൂഷണം ഇല്ലാതാക്കുകയും ചെയ്യുക.
10. ആരോഗ്യത്താടെ വയസ്സാകുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയിലും വയോജനങ്ങളുടെ ഇടയിലും അവബോധം വർധിപ്പിക്കുക.
11. കേരളത്തിന് അനുയോജ്യമായ വയോജന നയം രൂപപ്പെടുത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും പ്രായോഗിക പരിപാടികളും ആവിഷ്കരിക്കുക.
കോഴിക്കോട് – വയോജന സൗഹൃദ നഗരം

