കോവിഡിനുശേഷം ചർമ രോഗങ്ങൾ കൂടിയെന്ന് വിദഗ്ധർ

കോഴിക്കോട്: കോവിഡിനു ശേഷം രോഗപ്രതിരോധ ശേഷിയിൽ വന്ന വ്യത്യാസം ചർമരോഗങ്ങളും സാംക്രമിക രോഗങ്ങളും വർധിക്കാനിടയാക്കിയതായി വിദഗ്ധർ. മൂന്നു ദിവസമായി കോഴിക്കോട്ട് നടന്നുവന്ന ചർമ രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സമ്മേളനത്തിലാണ് വിലയിരുത്തൽ.
ചർമത്തെ ബാധിക്കുന്ന സാംക്രമികരോഗങ്ങളെക്കുറിച്ചും വിവിധ ചർമരോഗങ്ങളെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോവിഡാനന്തരം പൊതുസമൂഹത്തിൽ ലൈംഗിക രോഗങ്ങളിൽ വൻ വർധനവുണ്ടായതായി കണ്ടെത്തി. സിഫിലിസ്‌, ഗൊണോറിയ എന്നിവയുടെ വർധനവ് ആശങ്കയുണ്ടാക്കുന്നു. ഇതിനെതിരെ ജാഗ്രത പുലർത്തണം.
പുതുതായി റിപ്പോർട്ട് ചെയ്ത കുരങ്ങുപനി പോലുള്ള രോഗങ്ങളെപ്പറ്റിയും ചർച്ചചെയ്തു.
2030 ഓടുകൂടി കുഷ്‌ഠരോഗനിർമാർജനം എന്ന ലോകാരോഗൃ സംഘടനയുടെ ലക്ഷൃത്തിലേക്കെത്താനുള്ള വിവിധ പദ്ധതികൾ അവലോകനം ചെയ്തു. ഡെർമറ്റോ സർജറി വിഭാഗത്തിലെ വിവിധതരം ചികിത്സാരീതികളെക്കുറിച്ച് 3 ദിവസവും ശിൽപശാല നടത്തി.
വ്യാജചികിത്സകരിൽനിന്ന് മുക്തരാവുക,
സ്റ്റീറോയിഡ് ക്രീമുകളുടെ ദുരുപയോഗം അവസാനിപ്പിക്കുക , സ്വയം ചികിത്സ ജീവന് അപകടം
എന്നീ മുദ്രാവാക്യങ്ങളുയർത്തി ബോധവൽക്കരണ റാലിയുമുണ്ടായി.
സൗന്ദര്യവർധക ചികിത്സാ രംഗത്തെ വ്യാജന്മാരുടെ കടന്നുകയറ്റം തിരിച്ചറി യാൻ ജനങ്ങളെ ബോധവൽക്കരിക്കാനും വ്യാജചികിത്സകരെ പ്രതിരോധിക്കാനും സമ്മേളനം തീരുമാനിച്ചു. ചീഫ് പാട്രൺ ഡോ. പി സുഗതൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സെക്രട്ടറി ഡോ. ദിനേശ് കുമാർ ദേവരാജ്, ഡോ. ടി രേണുക, ഡോ. ലക്ഷ്‌മി വി നായർ , ഡോ. എം ഫൈസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *