ജൂൺ 11ന് വിളംബര ജാഥയും ഫുട്ബോൾ പ്രദർശന മത്സരങ്ങളും
കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശം നഗരത്തിലേക്ക് എത്തിക്കുന്നതിനായി റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർസിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 11ന് (വ്യാഴാഴ്ച) വിപുലമായ ഫുട്ബോൾ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് 3 ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് ലോകകപ്പ് വിളംബര ജാഥ ആരംഭിക്കും. കെ. ജയന്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്ന ജാഥയിൽ വിവിധ രാജ്യങ്ങളുടെ പതാകകളുമായി ഡബിൾ ഡെക്കർ ബസ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും.
തുടർന്ന് വൈകുന്നേരം 4.30 മുതൽ അരയിടത്തുപാലത്തെ ഗ്രാൻഡ് സോക്കർ ടർഫിൽ ഫുട്ബോൾ പ്രദർശന മത്സരങ്ങൾ നടക്കും.
മേയർ ഒ. സദാശിവൻ പരിപാടി ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, റോട്ടേറിയൻസ്, കുട്ടികൾ എന്നിവർ പങ്കെടുക്കുന്ന മത്സരങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
കേരള ഡിസ്ട്രിക്ട് പോലീസ്, റോട്ടറി സൈബർസിറ്റി, കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട് പ്രസ് ക്ലബ്, ഇൻഫ്ലുവൻസേഴ്സ് ടീം, വിവിധ റോട്ടറി ക്ലബുകൾ എന്നിവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾ. കൂടാതെ കാണികൾക്കായി ലൈവ് ഷൂട്ട് ഔട്ട് മത്സരവും ഒരുക്കിയിട്ടുണ്ടെന്ന്
കോ-ഓർഡിനേറ്റർ റോട്ടേറിയൻ രഞ്ജിത്ത് എം.പി. അറിയിച്ചു.

