കോഴിക്കോട്: സ്‌കൂളുകളില്‍ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉരഗ പരിശോധനയുമായി വനം വകുപ്പിന്റെ സര്‍പ്പ വളന്റിയര്‍മാര്‍. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയും തുടരും. സ്‌കൂള്‍ അധികൃതരോ പിടിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന. സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വനം വകുപ്പ് നല്‍കുന്ന സുപ്രധാന സേവനമാണിതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍പ്പ വളന്റിയര്‍മാരുടെ സഹായം ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ അതത് ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗവുമായി ബന്ധപ്പെടണം. സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 4733ല്‍ വിളിക്കാം. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട്: 9447979153.

