കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുക; രോഗികളെ മാറ്റി

മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനു സമീപമുള്ള യുപിഎസ് റൂമില്‍ പുക ഉയർന്നു. അത്യാഹിത വിഭാഗത്തിൽ വലിയ തോതിൽ പുക വ്യാപിച്ചതിനെത്തുടർന്ന് രോഗികളെ മാറ്റി. ബീച്ച് ആശുപത്രിയിലേക്കും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് മാറ്റിയത്.

രാത്രി ഏഴരയോടെയാണ് സംഭവം. വൈദ്യുതി നിലച്ചതിനെത്തുടർന്ന് രോഗികളടക്കമുള്ളവർ പരിഭ്രാന്തരായി. ജീവനക്കാരുടെയും ഡോക്ടർമാരുടെയും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ രോഗികളെ മാറ്റി. നിരവധി ആംബുലൻസികളിലായാണ് മാറ്റിയത്.

ഫയർ ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കി.

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

ഇതുമായി ബന്ധപ്പെട്ട് ബീച്ച് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു ഹെൽപ്പ് ഡെസ്ക് നമ്പർ- 7356657221.

Leave a Reply

Your email address will not be published. Required fields are marked *