കോഴിക്കോട്: വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്കു പറുദീസയൊരുക്കി സർഗാലയ. സർഗാലയയിൽ ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായി വേനലവധിപരിപാടികളുമായി മെയ് 13 വരെ സംഘടിപ്പിക്കുന്ന ‘സമ്മർ സ്പ്ലാഷ്’ സന്ദർശകർക്ക് അവിസ്മരണീയ അനുഭവമാകും. പരിപാടികൾക്ക് വൻ ജനാവലിയോടെ തുടക്കമായി.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വൈവിധ്യമേറിയ വിനോദങ്ങൾ, സ്ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശില്പശാലകൾ, കോലമിടൽ മത്സരം, കേരളീയ ചുമർചിത്ര ശിൽപ്പശാല, കേരളത്തിലെ മികച്ച 50-ൽപ്പരം കലാകാരരുടെ ചിത്രപ്രദർശനം, ബൊഗൈൻവില്ല പ്രദർശനം, ബോൺസായ് പ്രദർശനം, വാണിജ്യസ്റ്റാളുകൾ, കുതിരസവാരി, ഒട്ടകസവാരി, കുട്ടികൾക്കായി സ്കേറ്റിങ്, പട്ടം തയ്യാറാക്കൽ പോലുള്ള ശില്പശാലകൾ, ആകർഷകമായ ഗെയിംസ് സോൺ, റിമോട്ട് കൺട്രോൾ പട്ടങ്ങളുടെ പ്രദർശനം, ഫുഡ്‌ഫെസ്റ്റ്, വിവിധ കലാപരിപാടികൾ എന്നിങ്ങനെ അതിവിപുലമാണ് പരിപാടികൾ.
നൂറിൽപ്പരം കരകൗശലവിദഗ്ദ്ധരുടെ സ്ഥിരം കരകൗശലനിർമ്മാണയൂണിറ്റുകൾ, പതിനായിരക്കണക്കിനു കരകൗശലസൃഷ്ടികൾ, സ്ഥിരം വിനോദോപാധികളായ പെഡൽ, മോട്ടോർ ബോട്ടിങ് എന്നിവയ്ക്കു പുറമെയാണിതെല്ലാം. വിദേശ വിനോദസഞ്ചാരികളുൾപ്പെടെ ഒരുലക്ഷത്തിൽപ്പരം സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്.
വനിതകൾക്കായി 2025 മെയ് 2, 3 തീയതികളിൽ പ്രശസ്ത നൃത്തപരിശീലകൻ ഗിരിധറിന്റെ നേതൃത്വത്തിൽ നടക്കുന്ന കഥക് ശിൽപശാല, ഡാൻസ് തെറാപ്പി, 3, 4 തീയ്യതികളിൽ എസ്.എസ്. ബാലസുബ്രഹ്മണ്യൻ, പാലക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന കോലം ശിൽപശാല, കോലമിടൽ മത്സരം എന്നിവയോടെയാണു തുടക്കം. ഈ ശില്പശാലകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഉള്ളതാണ്. വിവരങ്ങൾക്ക്: 9446304222, 8301070205.

