കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു.
രണ്ടാം ഘട്ടത്തിൽ സാക്ഷരത പരീക്ഷ വിജയിച്ചവരുടെയും പദ്ധതിയുടെ ഭാഗമായി സന്നദ്ധ അദ്ധ്യാപകരായി സേവനം ചെയ്തവരുടെയും സർട്ടിഫിക്കറ്റുകളാണ് ജില്ലാ സാക്ഷരതാ മിഷൻ മുഖേന വിതരണം ചെയ്യുന്നത്.
ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രേരക് ഗീത എം സി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിഷ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ എം വിമല, മുക്കം മുഹമ്മദ് , സെക്രട്ടറി ടി ജി അജേഷ്, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ് എന്നിവർ പങ്കെടുത്തു. 2023 ഡിസംബർ 10 ന് നടത്തിയ മികവുത്സവത്തിൽ പങ്കെടുത്ത 3605 പഠിതാക്കളിൽ 3565 പേരാണ് സാക്ഷരതാ സർട്ടിഫിക്കറ്റിന് അർഹരായത്. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 28 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തുടർന്ന് നടപ്പാക്കും.

