ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിയത് കച്ചവടക്കാരായിട്ടാണല്ലോ. ആദ്യം സൂറത്തിലും പിന്നീട് മദ്രാസിലും കൽക്കത്തയിലുമൊക്കെയായി അവർ താവളങ്ങൾ കണ്ടെത്തി. പിന്നീട് കച്ചവടക്കാർ ഭരണാധികാരികളായി മാറി. 1830ന്റെ തുടക്കത്തോടെയാണ് ഭാരതത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ വരുന്നത്. 1835ലെ നാണയനിയമ(Coinage Act) പ്രകാരമാണ് അവർ ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു ഏകീകൃത നാണയ വ്യവസ്ഥ ഏർപ്പെടുത്തുന്നത്. അതുവരെ അവർ അടിച്ചിരുന്നത് ഉത്തരേന്ത്യയിൽ മുഗൾ നാണയങ്ങളോടും ദക്ഷിണേന്ത്യയിൽ അതതു നാട്ടുരാജ്യങ്ങളുടെ നാണയങ്ങളോടും സാദൃശ്യമുള്ള നാണയങ്ങളായിരുന്നു.
1835‐ൽ ബ്രിട്ടീഷ് സർക്കാർ അടിച്ചിറക്കിയ നാണയങ്ങളിൽ വില്യം നാലാമന്റെയും പിന്നീട് വിക്ടോറിയാ രാജ്ഞിയുടെയും ഒടുവിൽ ജോർജ് അഞ്ചാമന്റെയും തലകളാണ് മുദ്രണം ചെയ്തിരുന്നത്. സ്വർണത്തിലും വെള്ളിയിലും ചെമ്പിലും ഓടിലുമാണ് നാണയങ്ങൾ അടിച്ചിറക്കിയിരുന്നത്. 1911‐ലാണ് ജോർജ് അഞ്ചാമന്റെ തല മുദ്രണം ചെയ്ത ഒരു രൂപ നാണയം അടിച്ചിറക്കുന്നത്. ഈ നാണയം കുറച്ചൊന്നുമല്ല കുഴപ്പങ്ങൾ ഉണ്ടാക്കിയത്. ജോർജ് അഞ്ചാമന്റെ തല രൂപത്തിൽ ഒരു ആനയുടെ രൂപം കൂടി മാലയായി മുദ്രണം ചെയ്തിരുന്നു. കഷ്ടകാലത്തിന് കമ്മട്ടത്തിലെ പിഴവുകാരണം ആനയ്ക്ക് ആനയുടേതായ ലക്ഷണമൊന്നും ഇല്ലായിരുന്നു. മറിച്ച് ഒറ്റനോട്ടത്തിൽ അതൊരു പന്നിയെപ്പോലെയാണ് തോന്നിയിരുന്നത്. ഉത്തരേന്ത്യയിലെ മുസ്ലിംകളെ ഇത് വളരെ വേദനിപ്പിക്കുകയും അവർ പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഉടനെത്തന്നെ ബ്രിട്ടീഷ് സർക്കാർ ഈ നാണയം പിൻവലിച്ച് മറ്റൊരു ഒറ്റരൂപ നാണയം അടിച്ചിറക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ ഒറ്റരൂപ നാണയത്തിൽനിന്ന് പാവം ആന ‘ഔട്ടാ’യി. ഈ ഒരുരൂപ നാണയത്തെ നാണയ ചരിത്രത്തിൽ ‘പന്നിരൂപ’ (Pig Rupee) എന്നാണ് വിശേഷിപ്പിച്ചുകാണുന്നത്. ബ്രിട്ടീഷ് സർക്കാർ വെള്ളിയിൽ അടിച്ചിറക്കിയ നാണയങ്ങൾ 1 രൂപ, 1\4 രൂപ, 1\8 രൂപഎന്നിവയാണ്. ചെമ്പിൽ അടിച്ചിറക്കിയതാകട്ടെ ഡബിൾ പൈസ, 1 പൈസ, 1\2 പൈസ, 1 പൈ എന്നീ നാണയങ്ങളാണ്. ഓടിൽ 1 പൈസ, 1\2 പൈസ, 1 പൈ എന്നീ നാണയങ്ങളാണ് ഇറക്കിയത്. ഇതിൽനിന്ന് ‘പൈസ’ ഇരുപതാം നൂറ്റാണ്ടിനു മുൻപുതന്നെ നിലവിലുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. മൂല്യത്തിന് വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം.
ഒരണ നാണയം ബ്രിട്ടീഷ് സർക്കാർ അടിച്ചിറക്കിയിരുന്നില്ല. 1904‐ലാണ് ഒരണ അടിക്കാൻ തീർച്ചപ്പെടുത്തിയത്. അതും നിക്കൽ കൊണ്ടുള്ള നാണയം. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ അണ്ടർ സെക്രട്ടറിയായിരുന്ന കേമ്പൽ ജില്ലാ കലക്ടർമാർക്ക് എഴുതിയ ഒരു കത്തിൽനിന്ന് നാണയം അടിച്ചിറക്കുന്നതിന്റെ ഉത്കണ്ഠയും വ്യഥകളും വ്യക്തമാകും. കത്തിങ്ങനെ: ‘നാം നിക്കലിൽ ഒരണയുടെ നാണയം അടിച്ചിറക്കാൻ തീരുമാനിച്ചിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും നിക്കൽ നാണയങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഓടിനെയും ചെമ്പിനെയും അപേക്ഷിച്ച് നിക്കൽ നാണയങ്ങൾക്ക് നല്ല വൃത്തിയും ഉറപ്പുമുണ്ട്. കാണാൻ ഭംഗിയുമുണ്ട്. ഭാരം വളരെ കുറവാണുതാനും. തട്ടിപ്പ് തീരേ ഉണ്ടാവില്ല. ഒരു പരീക്ഷണമെന്ന നിലയിൽ നമുക്ക് ഇന്ത്യയിലും നിക്കൽ നാണയങ്ങൾ അടിച്ചിറക്കാം. ഇന്ത്യയിലിപ്പോൾ ഒരണയുടെ നാണയം നിലവിലില്ല. അതിനാൽ നിക്കലിൽ ഒരണയുടെ നാണയം നാം അടിച്ചിറക്കിയാൽ നിലവലുള്ള നാണയവുമായി ഇടയുമെന്നൊരു പ്രശ്നം ഉണ്ടാവില്ല. വെള്ളിയിലാണ് ഒരണ നാണയം അടിച്ചിറക്കുന്നതെങ്കിൽ അത് വളരെ ചെറുതായിപ്പോകും. ചെമ്പിലാണെങ്കിൽ അത് വളരെ വലുതായിപ്പോകും. നാം നാണയങ്ങൾ അടിച്ചിറക്കിയിട്ട് 20 വർഷത്തോളമായി. അതിനാൽത്തന്നെ ചെറിയ നാണയങ്ങൾക്ക് ഇന്ത്യയിൽ ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. ഒരണയുടെ നിക്കൽ നാണയം വിജയിക്കുന്നപക്ഷം അടിച്ചിറക്കാം. ഒരണയുടെ നാണയത്തിന്റെ ഭാരം 50 ഗ്രൈയിന് ട്രോയിവെയ്റ്റ് ആണ്’.
എല്ലാം എളുപ്പമായിരുന്നുവെന്ന് ധരിക്കരുത്. എന്തായിരിക്കണം ഒരണ നാണയത്തിന്റെ രൂപവും ഭാവവും എന്നതായി അടുത്ത പ്രശ്നം. കേമ്പൽ തുടരുന്നു: ‘നടുവിൽ ദ്വാരങ്ങളുള്ള നാണയങ്ങൾ ഇന്ത്യയിൽ അപൂർവമാണ്. ബെൽജിയത്തിൽ ഇത്തരം നാണയങ്ങൾ അടിച്ചിറക്കിയത് വളരെ വിജയമായിരുന്നു. ചെറിയ നാണയങ്ങളുടെ നടുവിൽ ദ്വാരങ്ങൾ ഉണ്ടായാൽ അത് പാവപ്പെട്ട ജനതയ്ക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഉടുവസ്ത്രങ്ങളിൽ മാലയായി കോർത്തിട്ട് നടക്കാൻ പറ്റും. ചെറു നാണയങ്ങൾ കൈകാര്യം ചെയ്യുന്നത് എപ്പോഴും പാവപ്പെട്ട ജനതയായിരിക്കുമല്ലോ’. അപ്പോഴാണ് അടുത്ത പ്രശ്നം തലപൊക്കിയത്. കേമ്പൽ തുടരുന്നു: ‘നാണയങ്ങളുടെ നടുവിൽ ദ്വാരം വന്നാൽ എവിടെയാണ് നാം രാജാവിന്റെ തല മുദ്രണം ചെയ്യുക. ഇംഗ്ലണ്ടിൽ രാജാവിന്റെ തലയില്ലാതെ നാണയങ്ങൾ അടിച്ചിറക്കുകയെന്നത് സ്വപ്നത്തിൽപ്പോലും നടക്കില്ലല്ലോ. ഇന്ത്യയിൽ നൂറവർഷമായി നമ്മൾ രാജാവിന്റെ തല മുദ്രണം ചെയ്ത നാണയങ്ങളാണ് ഇറക്കിയിട്ടുള്ളത്. അതിനാൽ ആൾരൂപമില്ലാതെ ഒരുരൂപ നാണയം ഇറക്കിയാൽ ഇന്ത്യൻ ജനത സ്വീകരിക്കുമോ? ഇന്ത്യയിലെ മുസ്ലിം ജനതയ്ക്ക് നാണയത്തിലെ രൂപങ്ങളോട് വലിയ താൽപ്പര്യമില്ല. ദ്വാരം എവിടെയായാലും അവർക്ക് പ്രത്യേകിച്ച് വിരോധവുമില്ല. അതിനാൽ നാണയത്തിന്റെ ഒരു അരികിലായി ദ്വാരമിടുന്നത് നന്നായിരിക്കും. അപ്പോൾ തല മുദ്രണം ചെയ്യാൻ പ്രയാസമുണ്ടാവില്ല. ഏതായാലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക’. ഈ കത്തിന് 19. 08. 1904ന് മലബാർ കലക്ടർ ഇങ്ങനെ മറുപടി എഴുതിയതായി കാണുന്നു: ‘താങ്കളയച്ച ഒരു അണയുടെ സ്പെസിമൻ നാണയങ്ങൾ കിട്ടി. മലബാറിൽ ആദ്യകാല ചെമ്പുനാണയങ്ങളിൽ രൂപങ്ങൾ മുദ്രണം ചെയ്തതായി കാണുന്നില്ല. അതിനാൽ നമുക്കും രൂപങ്ങൾ ഒഴിവാക്കാം. എന്നാൽ നടുവിൽ ദ്വാരം വേണമെന്നത് നിർബന്ധമാണ്’.
ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് വെള്ളിക്ക് ക്ഷാമമുണ്ടായപ്പോൾ ഒരു രൂപയുടെയും രണ്ടു രൂപയുടെയും കടലാസ് നോട്ടുകൾ ഇന്ത്യയിൽ ആദ്യമായി ഇറങ്ങി. എല്ലാ നാണയങ്ങളും നിക്കലിൽത്തന്നെ അടിക്കാൻ നിർബന്ധിതരായി. 1950 ആഗസ്ത് 15നാണ് സ്വതന്ത്രഭാരതം അണകളുടെ പരമ്പര അടിച്ചിറക്കാൻ തുടങ്ങിയത്.
(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽനിന്ന്)
ഒരണയുടെ പിറവിയും അൽപ്പം നാണയ ചിന്തകളും

