കോഴിക്കോട്: കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. കടലുണ്ടിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി അനുഷ ഉദ്ഘാടനം ചെയ്തു. കനറ ബാങ്ക് റീജ്യനൽ മാനേജർ ടോംസ് വർഗീസ് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ടി.എം മുരളീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര പെൻഷൻ മന്ത്രാലയത്തിന്റെ അനുഭവ് പുരസ്കാര ജേതാവായ മോഹനൻ നമ്പിടിയാളിനെ ചടങ്ങിൽ ആദരിച്ചു.
കാർഷിക മേഖലയിൽ ഗുണപ്രദമാകുന്ന ഡ്രോൺ സാങ്കേതികവിദ്യ കർഷകർക്കായി പരിചയപ്പെടുത്തി. കർഷകക്ഷേമ പദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഒളവണ്ണയിലും വികസിത് ഭാരത് സങ്കൽപ് യാത്ര എത്തി. പത്മശ്രീ ചെറുവയൽ രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് മുതല്‍ കുന്നുമ്മല്‍ ബ്ലോക്ക് വരെ ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളിലൂടെ യാത്ര കടന്നുപോകും. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളും പങ്കെടുക്കും.
ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കേന്ദ്രം എന്ന രീതിയില്‍ ദിവസം രണ്ട് ഗ്രാമ പഞ്ചായത്തുകളിലാണ് യാത്ര എത്തുക. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. ജനുവരി 10 വരെയാണ് ജില്ലയിൽ പര്യടനം.

