നവകേരളം സ്ത്രീപക്ഷമാകണം: മന്ത്രി വീണാ ജോർജ്

കോഴിക്കോട്: നവകേരളം സ്ത്രീപക്ഷകേരളം ആക്കുകയാണ് ലക്ഷ്യമെന്ന് വനിത-ശിശുവികസന, ആരോഗ്യ മന്ത്രി വീണാ ജോർജ്. തൊഴിലിടങ്ങളിലെ അവകാശങ്ങൾ പോലെതന്നെ സ്ത്രീകളുടെ തൊഴിൽ നേടാനുള്ള അവകാശവും സംരക്ഷിക്കുന്നതാകണം നാം സൃഷ്ടിക്കുന്ന നവകേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഊരളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ‘സൃഷ്ടി, സ്വാതന്ത്ര്യം: പ്രതിസന്ധികളും അവസരങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വനിതാസെമിനാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

“വിദ്യാഭ്യാസരംഗത്തെ സ്ത്രീപ്രാതിനിദ്ധ്യം തൊഴിൽരംഗത്തില്ല. ഗൗരവമുള്ള ഈ പ്രശ്നത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. ഐ ടി സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന യുവതികൾ പ്രസവത്തിനായി അവധിയെടുത്താൽ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. അവധി കഴിഞ്ഞു വീണ്ടും തൊഴിലിനു ശ്രമിക്കുമ്പോൾ വലിയൊരു വിടവ് ഉണ്ടാകുന്നു. ഇതടക്കം പല കാരണങ്ങളാലും, തൊഴിൽ ഉണ്ടായിരുന്നവരെക്കൂടി തൊഴിൽരഹിതരാക്കുന്ന സാഹചര്യമാണുള്ളത് ”- നിയമസഭാസമിതി അംഗമെന്ന നിലയിൽ മനസിലാക്കിയ കാര്യങ്ങൾ അനുസ്മരിച്ച് മന്ത്രി പറഞ്ഞു.

ജോലിയിലേക്കു തിരികെ വരാൻ ശ്രമിക്കുന്നവർക്കും മറ്റുള്ളവർക്കും പലതരം നൈപുണ്യപരിശീലനങ്ങളും വൈദഗ്ദ്ധ്യങ്ങൾ കാലികമാക്കലും (upskilling and updating) ആത്മവിശ്വാസം വളർത്തലും ആവശ്യമാണ്. സ്വന്തം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ധനപിന്തുണയും കൈത്താങ്ങും നിയമപിന്തുണ അടക്കമുള്ള മറ്റു പിന്തുണകളും ഉറപ്പാക്കണം. ആഗോളമായി അടയാളപ്പെടുത്തപ്പെട്ട പ്രസ്ഥാനമായ ഊരാളുങ്കൽ സൊസൈറ്റിക്ക് ഈ രംഗത്തു ഗണ്യമായ സംഭാവന ചെയ്യാനാകുമെന്നും വീണാ ജോർജ് പറഞ്ഞു.

ആരോഗ്യസൂചികകളിൽ കേരളത്തെ ഒന്നാമതാക്കുന്നതിൽ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, സ്ത്രികളുടെ ആയുർദൈർഘ്യം തുടങ്ങിയവയും ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവും പ്രധാനപങ്കു വഹിക്കുന്നുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി ചൂണ്ടിക്കാട്ടി. എന്നാൽ, തൊഴിൽപങ്കാളിത്തത്തിൽ ആ പദവി സ്ത്രീകൾക്കില്ല. നെഞ്ചുവിരിച്ചു നില്ക്കാനാവാതിരുന്ന ഒരു കാലത്ത് അദ്ധ്വാനിച്ചു സ്വന്തം കാലിൽ നിവർന്നുനില്ക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് രൂപംകൊണ്ട ഊരാളുങ്കൽ സൊസൈറ്റി സ്ത്രീകളുടെ തൊഴിലവസരങ്ങളുടെയും അവകാശങ്ങളുടെയും കാര്യത്തിൽ മുൻകൈ എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

കാനത്തിൽ ജമീല എംഎൽഎ, വിഴിഞ്ഞം പേർട്ട് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, വടകര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പദ്മശ്രീ പള്ളിവളപ്പിൽ എന്നിവർ സംസാരിച്ചു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അതിഥികൾക്ക് ഉപഹാരങ്ങൾ നല്കി. ഡയറക്ടർമാരായ ശ്രീജ മുരളി സ്വാഗതവും ലുബിന നന്ദിയും പറഞ്ഞു. തുടർന്ന് പി സതീദേവി, ഡോ. ദിവ്യ എസ് അയ്യർ, വിധു വിൻസെന്റ്, ആർ രാജശ്രീ, ശീതൾ ശ്യാം എന്നിവർ പങ്കെടുത്ത സെമിനാർ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *