രോഗാതുരയായ ഇന്ത്യ; പരിഹാര പക്ഷത്താര്?

ഡോ. ഖദീജ മുംതാസ്


ഫാസിസ്റ്റുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം പൊതുസമൂഹത്തിന്‍റെ ഭാഗമാവാനുള്ള വിവിധ ജനവിഭാഗങ്ങളുടെ പരിശ്രമങ്ങള്‍കൂടി കൂടിച്ചേര്‍ന്നതാണ്. എല്ലാ മേഖലകളിലേക്കും കടന്നുകയറുന്ന മൂലധനവും ന്യൂനപക്ഷ സാമൂഹ്യവിഭാഗങ്ങളുടെ പാര്‍ശ്വവല്‍ക്കരണവും ശ്രേണീവല്‍ക്കരണവും ഫാസിസ്റ്റ് കാലത്തിന്‍റെ മുഖമുദ്രയാണ്. അത്തരമൊരു കാലത്തിലൂടെ കടന്നുപോവുന്ന ഈ കാലത്ത് നമ്മുടെ രാഷ്ട്രീയം സാമൂഹ്യ അസമത്വത്തെപ്പറ്റിയും വാചാലമാവേണ്ടതല്ലേ? അത്തരമൊരു പരിശ്രമത്തെക്കുറിച്ച്…


ഇക്കഴിഞ്ഞ ജൂൺ 9-ന് കോഴിക്കോട് ടൗൺ ഹാളിൽ ഒരു സെമിനാർ നടന്നു. (മത)ന്യൂനപക്ഷങ്ങളും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്നതായിരുന്നു വിഷയം. ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുമെന്നു പ്രതീക്ഷിക്കാനാവാത്ത  ഗൗരവമാർന്ന ചർച്ച. ഇന്ത്യയിലെ അപകടകരമായ  രാഷ്ട്രീയാന്തരീക്ഷത്തിൽ ആഴമേറിവരുന്ന വിഭാഗീയതകൾക്കെതിരെ മാനവികമായി ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ദേശീയ മാനവിക വേദിയുടേതു പോലൊരു പ്ലാറ്റ്ഫോമിൽ മാത്രം സംഭവിക്കാവുന്ന ഒന്ന്!

എന്തൊക്കെപ്പറഞ്ഞാലും, രാജ്യം ഭരിക്കുന്ന വർഗീയ വലതുപക്ഷകക്ഷിക്ക്  സാംസ്കാരികമായും, രാഷ്ട്രീയപരമായും  ബാലികേറാമലയായി ഇന്നും നിലനിൽക്കുന്നുണ്ട് കേരളം.  ന്യൂനപക്ഷങ്ങളെക്കൂടി കൂട്ടുപിടിച്ചുകൊണ്ടു തന്നെയാണ് ഭരണകക്ഷിയുടെ നയങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കുമെതിരെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഇവിടെ ഇടതും വലതുമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടു പോരുന്ന രണ്ടു രാഷ്ട്രീയ ചേരികളും ആവിഷ്കരിക്കാറുള്ളതും. ആക്രമിക്കപ്പെടേണ്ട ശത്രുപക്ഷമായി ഹിന്ദുത്വ ശക്തികൾ ചൂണ്ടിക്കാട്ടുന്നത് ആദ്യം മുസ്ലിങ്ങളെയും കേരളത്തിലെങ്കിലും പ്രബലരായ ക്രിസ്ത്യൻ സമുദായത്തെയുമാണെന്നതിനാൽ താന്താങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിലെങ്കിലും അവരെ കൂടെ നിർത്താൻ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രയാസവുമില്ല. മറ്റൊന്നുള്ളത്, തീവ്രവലതുപക്ഷ സ്വഭാവം കാണിക്കുന്ന ഭരണകക്ഷിയെ  ഇപ്പോൾ എതിർത്തുകൊണ്ടിരിക്കുന്ന പാർട്ടികളെല്ലാം വിശാല തലത്തിൽ ഇടതു പക്ഷമായിത്തന്നെ കണക്കാക്കപ്പെടേണ്ടതാണ് എന്ന യാഥാർഥ്യമാണ്.

ദീർഘകാലം ഭരണത്തിലിരുന്നതുകൊണ്ടു മാത്രം ഗാന്ധിയുടെ അനുയായികളെ വലതുപക്ഷം എന്നു വിളിക്കുന്നതിൽ ഒരു പൊരുത്തക്കേടുണ്ട്. ഭരണകാലത്ത് പതുക്കെ ഉരുത്തിരിഞ്ഞു വന്ന മതത്തിൻ്റെ, ജാതിയുടെ, ഭാഷയുടെ പേരിലുള്ള അസമത്വങ്ങൾ, സമ്പത്ത് ചിലരിൽ മാത്രം കുമിഞ്ഞുകൂടുന്ന അവസ്ഥ, അഴിമതിയുടെ ആധിക്യം, ആദിവാസി വേട്ട  തുടങ്ങിയവ അത്തരമൊരു പാർട്ടിയെ വലതുവൽക്കരിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല താനും.  അപ്പോൾ ചോദ്യമുയരുക, ഇടതുപക്ഷമായിരിക്കേണ്ട പാർട്ടി ഇപ്പോൾ യഥാർഥത്തിൽ ഇടതുപക്ഷം തന്നെയോ എന്നതാണ്. പൊതുവായി ഇതിനെല്ലാം ഉത്തരമൊന്നേയുള്ളു, തീവ്രമത ഫാസിസത്തെ എതിർക്കുന്ന പാർട്ടികളെല്ലാം സ്വയം ഇടതുവൽക്കരിച്ചേ മതിയാവൂ. മർദ്ദിതൻ്റെ, പീഡിതൻ്റെ, പ്രകൃതിയുടെ ഭാഗത്തു നിൽക്കുന്നവരാണ് ഇടതുപക്ഷം.  പ്രത്യയശാസ്ത്രപരമായി ആ ആശയം സ്വന്തമായ മാർക്സിസ്റ്റ് പാർട്ടിയായാലും, വാക്കിലും പ്രവൃത്തിതലത്തിലും അതിനായി നിഷ്കർഷിച്ച ഗാന്ധിജിയുടെ അനുയായികളെന്നവകാശപ്പെടുന്നവരായാലും അങ്ങനെ തന്നെ ആയിരിക്കേണ്ടതുമുണ്ട്. അല്ലാതെയുള്ള പ്രതിരോധങ്ങളെ രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളായി ജനം വൈകാതെ തിരിച്ചറിയുകയുംചെയ്യും.

ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതാണ് ഒരു രാജ്യത്തിൽ ജനാധിപത്യം നിലനിൽക്കുന്നതിൻ്റെ അളവുകോൽ.
പ്രൊ.കെ.സച്ചിദാനന്ദൻ്റെയും കെ.ഇ.എൻ്റെതുമായി ഒരുമയുടെ ഓർമകള്‍ ചരിത്രത്തിൽനിന്നു പെറുക്കിയെടുത്തും ചരിത്രസ്മാരകങ്ങളെ ചൂണ്ടിക്കാണിച്ചും വർത്തമാന പ്രതീകങ്ങളായ മനുഷ്യരെ സ്പർശിച്ചും ദാർശനിക നിലവാരമുള്ള രണ്ടു പ്രഭാഷണങ്ങളാൽ അതിരിട്ട സെമിനാറിൽ പി.ടി.കുഞ്ഞിമുഹമ്മദ്, സെബാസ്റ്റ്യൻ പോൾ, ഡോ.ഫസൽ ഗഫൂർ എന്നിവർ കേരള രാഷ്ട്രീയത്തിൻ്റെ അടരുകളിലേക്ക് കടന്നു കയറി വിഷയത്തെ പ്രായോഗികതലത്തിൽ സമഗ്രമായിത്തന്നെ  ചർച്ചചെയ്തു. ക്രോഡീകരണവും വിശകലനവും നടത്തിയയാൾ എന്ന നിലയിൽ പ്രധാനമായി ഉരുത്തിരിഞ്ഞ ആശയങ്ങൾ ഇവിടെ അവലോകനം ചെയ്യുകയാണ്.

നവ മാർക്സിസ്റ്റ് ചിന്തകൻ ഴാക് റാൻസിയെയുടെ ജനാധിപത്യത്തിൻ്റെ മരണം (Democracies Die) എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ച് സച്ചിദാനന്ദൻ പറയുന്നു, ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതാണ് ഒരു രാജ്യത്തിൽ ജനാധിപത്യം നിലനിൽക്കുന്നതിൻ്റെ അളവുകോൽ എന്ന്. അദൃശ്യരായവരെ ദൃശ്യരാക്കുന്ന പ്രവൃത്തിയാണ് അത്. ഏറ്റവും ചെറിയതിനെയും കൈ പിടിച്ചുയർത്താൻ കെൽപുള്ള ശ്രേഷ്ഠമായ ഭരണഘടനയുള്ള ഇന്ത്യയിൽ ദളിതരും ആദിവാസി ജനതയും മാത്രമല്ല, മതന്യൂനപക്ഷങ്ങളും പല തരത്തിൽ ഇന്നും രാഷ്ട്രീയമായ അവഗണനയും പങ്കാളിത്ത നിഷേധവും അനുഭവിക്കേണ്ടി വരുന്നത് വൈരുധ്യമാണ്. പ്രതീകാത്മക പങ്കാളിത്തമല്ലാതെ ജനസംഖ്യാനുപാതികമായ പങ്കാളിത്തം പാർട്ടികളുടെയും ഭരണസംവിധാനങ്ങളുടെയും അടിത്തട്ടു മുതൽ പരിശോധിച്ചാൽ തികച്ചും പരിതാപകരമെന്നു കണ്ടെത്താനാവും. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? പാർട്ടികളിൽ, ന്യൂനപക്ഷ സമുദായാംഗങ്ങളിൽ? മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നോട്ടു വന്നവരാണ് കേരളജനസംഖ്യയിൽ 27 ശതമാനത്തോളം (26.56%, 2011 സെൻസസ് പ്രകാരം ദേശീയ തലത്തിൽ 14.22%) വരുന്ന മുസ്ലിങ്ങളും 18.38% വരുന്ന ക്രിസ്ത്യൻ സമുദായവും (ദേശീയ തലത്തിൽ 4 ശതമാനം). പൊതുവേ ഇവരുടെ സംഘടനകളും പാർട്ടികളും കമ്യൂണിസ്റ്റിതര മുന്നണിയോടൊപ്പം നിൽക്കാനുള്ള പ്രവണതയാണ്  കാണിക്കാറുള്ളതെന്നുകാണാം. കമ്യൂണിസ്റ്റ് ആവിർഭാവ കാലത്തുണ്ടായിരുന്ന കടുത്ത മതവിരുദ്ധതയാണോ മത വിഭാഗങ്ങൾക്ക് അങ്ങനെയൊരു അകൽച്ചയുണ്ടാക്കിയത്?  മതപൗരോഹിത്യങ്ങൾ അത്തരമൊരാരോപണം പലപ്പോഴും ഉയർത്താറുണ്ടെന്നതും ശരി. വാസ്തവത്തിൽ കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസികളെ അകറ്റി നിർത്തേണ്ടതിൻ്റെയോ ആവശ്യകതയില്ലെന്ന് കാറൽ മാർക്സിൻ്റെ  ദരിദ്രനും വേദനിക്കുന്നവനും മതം എന്ത് എന്ന വിശദീകരണം വൃക്തമാക്കുന്നുണ്ടല്ലോ. ആത്മാവില്ലാത്ത ലോകത്തിൻ്റെ ആത്മാവാണ് മതം എന്നു പറയുമ്പോഴും വേദനിക്കുന്നവന് കറുപ്പ് (Opium) ആണ് മതം എന്നു പറയുമ്പോഴും അത് സുവ്യക്തമാണ്.

ഇസ്ലാം ഒരു അടഞ്ഞ മതമാണെന്നും മുസ്ലിങ്ങൾ ജ്ഞാനഹീനരും മത നേതാക്കളാൽ പറ്റങ്ങളായി, വിശ്വാസിക്കൂട്ടങ്ങളായി തെളിക്കപ്പെടുന്നവരുമാണെന്ന പൊതുബോധത്തെ പി.ടി.കുഞ്ഞിമുഹമ്മദ് ഇസ്ലാമിക ചരിത്രത്തിലേക്കുകൂടി ആണ്ടിറങ്ങി ഖണ്ഡിക്കുന്നുണ്ട്. കുരിശുയുദ്ധകാലം വരെ എല്ലാത്തരം വൈജ്ഞാനിക രംഗങ്ങളിലും, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഫിസിക്സ് തുടങ്ങി തത്വശാസ്ത്ര രംഗത്തും സംവാദങ്ങളും ഏറെ സംഭാവനകളും നൽകിയ ഈ മതത്തിൻ്റെ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള സുവർണ കാലത്തെ ഇരുണ്ട യുഗം (Dark age) ആയി തള്ളിക്കളഞ്ഞ യൂറോപ്യൻ ചരിത്രകാരന്മാർ അക്കാലം മുതൽ തുടങ്ങിയ ഇസ്ലാം അപരവൽക്കരണത്തിൻ്റെ പ്രായോജകർ തന്നെയാണ്. പോർച്ചുഗീസ് അധിനിവേശ കാലം മുതൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിൻെറ ഭാഗമായി മുസ്ലിങ്ങളെ കൊള്ളരുതാത്തവരും അപരരുമായി ചിത്രീകരിച്ച കൊളോണിയൽ ശക്തികളെല്ലാം ഇന്ത്യയെ കൊള്ളയടിച്ചു. പോർച്ചുഗീസ് അധിനിവേശത്തിൻ്റെ 15-ാം നൂറ്റാണ്ടു മുതൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്ന ദേശീയ പ്രസ്ഥാനത്തിൽ വരെ,  പങ്കാളിത്തവും ത്യാഗോജ്ജ്വലമായ പ്രതിരോധോർജ്ജവും പ്രകടിപ്പിച്ചവരായിരുന്നു മുസ്ലിങ്ങൾ. മലബാർ കലാപം ഉൾപ്പെടെയുള്ള കീഴാള കർഷക സമരങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ കൊളോണിയൽ ശക്തികളും അക്കാലത്ത് തന്നെ ഉയർന്നുവന്ന ഹിന്ദുത്വയുടെ വക്താക്കളും സൂക്ഷ്മത പുലർത്തി എന്നതും പുതിയ കാലത്ത് ഇസ്ലാമോഫോബിയക്ക് ഇന്ധനമാവാൻ അവയെല്ലാം ഉപയോഗിക്കപ്പെടുന്നു എന്നതും നഗ്നയാഥാർഥ്യങ്ങൾ. മുസ്ലിങ്ങളെപ്പറ്റിയുള്ള ഈ പ്രതിലോമചിത്രങ്ങളുടെ സ്വാധീനം ജനാധിപത്യ പാർട്ടികൾ എന്നു വിളിക്കപ്പെടുന്ന പാര്‍ട്ടികളുടെ നേതാക്കളിലും താഴെത്തട്ടിലുള്ള അണികളിലും അബോധതലത്തിലെങ്കിലും പ്രവർത്തിക്കുന്നുണ്ടാവാം. കുരിശുയുദ്ധകാലം മുതൽ (12-ാം നൂറ്റാണ്ട്) സാംസ്കാരികവും സാമ്പത്തികവുമായി അടിയേറ്റു വീണ സമുദായം വിശ്വാസ സങ്കുചിതത്വത്തിലേക്ക് ഏറെക്കാലം ചുരുങ്ങിപ്പോയെങ്കിലും  പെട്രൊ ഡോളറിൻ്റെ ആഗമനത്തോടെ ഒരു വീണ്ടെടുപ്പുണ്ടാവുകയാണ്.

കേരളത്തിലും നവോത്ഥാന മുന്നേറ്റങ്ങളോടൊപ്പം തന്നെ,  ഗൾഫ് കുടിയേറ്റം മെച്ചപ്പെടുത്തിയ മുസ്ലിമിൻ്റെ സാമ്പത്തിക അടിത്തറയും അവരുടെ സാസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് പ്രേരകമായി. തങ്ങൾക്കു കിട്ടാതെ പോയ വിദ്യാഭ്യാസം തങ്ങളുടെ മക്കൾക്കെങ്കിലും കിട്ടണമെന്നാഗ്രഹിച്ചവർ ഉണ്ടാക്കിയെടുത്ത വിദ്യാഭ്യാസ മുന്നേറ്റം, അതിനെ കൂടുതൽ ഉജ്ജ്വലമാക്കിയ  സ്കൂൾ – കോളേജ് സ്ഥാപനങ്ങളുടെ രൂപീകരണം, സാംസ്കാരിക, വൈദ്യ ചികിത്സാരംഗത്തെ പങ്കാളിത്തം ഒക്കെ പുതിയൊരു തലമുറയെ വാർത്തെടുത്ത അവസ്ഥയെ രാഷ്ട്രീയ കക്ഷികൾ എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട്? അവരുടെ കണ്ണിൽ ഇപ്പോഴും മുസ്ലിങ്ങൾ ആട്ടിൻ പറ്റങ്ങൾ തന്നെ എന്നതിൻ്റെ പ്രതിഫലനമാണ് മുസ്ലിം സംഘടനാ നേതാക്കൾക്ക് ഫാസിസ്റ്റ് വിരുദ്ധ വേദികളിൽ ലഭിക്കുന്ന പങ്കാളിത്തവും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സമുദായ പാർട്ടികളെ കൂടെ നിർത്താനുള്ള പാർട്ടി നേതൃത്വങ്ങളുടെ വ്യഗ്രതയും. വാസ്തവത്തിൽ  വിദ്യാസമ്പന്നരും ബുദ്ധിജീവികളും ജനാധിപത്യവാദികളും കലാകാരരും എഴുത്തുകാരുമായ ആൺ പെൺ സാന്നിധ്യമുള്ള ഈ സമുദായത്തിലെ എത്ര ശതമാനം പേർ ഈ സമുദായ പാർട്ടികളിലുണ്ട്? എത്ര പേർ മതമൗലികവാദികളായ പൗരോഹിത്യത്തിൻ്റെ തിട്ടൂരങ്ങൾക്കനുസരിച്ച് ജീവിക്കുന്നുണ്ട്? സ്ത്രീ വിരുദ്ധമായ ആശയ പ്രചരണങ്ങളും വ്യക്തിനിയമ പരിഷ്കരണത്തിനെതിരെയുള്ള പുരുഷ പൗരോഹിത്യത്തിൻ്റെ ഇടപെടലുകളും സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ള സ്ത്രീകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നതു ശരി. സച്ചിദാനന്ദൻ മാഷ് ചൂണ്ടിക്കാണിച്ച, മതത്തിനകത്തു നിന്നു തന്നെ വരേണ്ട, വിമോചന ദൈവശാസ്ത്രത്തിൻ്റെയും നവീകരണത്തിൻ്റെയും പ്രസക്തി അവിടെയാണ്. സ്ത്രീകളുടെ ശബ്ദത്തിന് പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തെ പക്ഷേ, മാർക്സിസ്റ്റുകൾ ഉൾപ്പെടെയുള്ള ജനാധിപത്യ പാർട്ടികൾ പരിഗണിക്കുന്നത് ഏതു നിലയിലാണ്? ചരിത്രപരമായും വർത്തമാന അവസ്ഥകൾ ഉൾക്കൊണ്ടും മുസ്ലിങ്ങളെ പഠിക്കാൻ ശ്രമിക്കുകയും പാർട്ടിയുടെ താഴെത്തട്ടു മുതലുള്ള ഇസ്ലാമോഫോബിക് പ്രവണതകളെ ആശയപരമായി നിയന്ത്രിച്ച് പാർട്ടിപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്  അവർ ചെയ്യേണ്ടത്. മാർക്സിസ്റ്റ് പാർട്ടിയെ അങ്ങനെ വളർത്താൻ കഴിഞ്ഞ നിരീക്ഷണ പാടവമുള്ള പഴയ നേതാക്കളായി  ഇമ്പിച്ചിബാവ, കെ.ദാമോദരൻ, ബേബി ജോൺ, ശിവദാസമേനോൻ എന്നിവരോടൊപ്പം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും തൻ്റെ എം.എൽഎ കാലാനുഭവങ്ങൾ  മുൻനിർത്തി  പി.ടി.കുഞ്ഞിമുഹമ്മദ് വിശേഷിപ്പിക്കുന്നു. അനുയായികൾ ശ്രദ്ധിക്കട്ടെ!

ഇസ്ലാമിലെ സമത്വാശയങ്ങൾ പോലെ തന്നെ ക്രിസ്തുവിൻ്റെ ആശയങ്ങളും, മാർക്സിൻ്റെ സ്ഥിതിസമത്വാശയങ്ങളോടും മർദ്ദിതപക്ഷ വിമോചനത്തോടും കൈകോർക്കുന്നതു തന്നെ. മാർക്സ് ക്രിസ്തുവിൻ്റെ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ അവർ ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നേനെ എന്ന് സെമിനാറിൽ സംസാരിക്കവെ ഉദ്ഘാടകനായ സെബാസ്റ്റ്യൻ പോൾ. എന്നിട്ടുമെന്തേ മുസ്ലിങ്ങളേക്കാൾ കൂടുതൽ ക്രിസ്ത്യൻ സമൂഹം വലതുപക്ഷ ചായ് വുള്ളവരായിരിക്കുന്നു? അല്ലെങ്കിൽ, ലോക വ്യാപകമായിത്തന്നെ കമ്യൂണിസ്റ്റ് വിരുദ്ധ പക്ഷത്ത് എപ്പോഴും ഈ സമുദായം നിൽക്കുന്നു? ഇന്ത്യയിൽ ചിലപ്പോഴെങ്കിലും തീവ്രവലതുപക്ഷമായ സംഘ പരിവാർ തണലിൽ ചേക്കേറാൻ അവർ ശ്രമിക്കുന്നു? ഉത്തരം ഒന്നേയുള്ളു. യഥാർഥ ക്രിസ്തു സന്ദേശങ്ങിൽ നിന്നകന്ന, ആദിമ ക്രൈസ്തവ സമൂഹത്തിൻ്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ കളഞ്ഞു കുളിച്ച, സാമ്രാജ്യത്വ മുതലാളിത്ത താൽപര്യങ്ങളുള്ള ഒരു സമൂഹമായി കൃസ്ത്യൻ സമുദായം കാലമേറെ മുമ്പേ മാറിക്കഴിഞ്ഞു എന്നതു തന്നെ. ക്രിസ്തുവിൻ്റെ ആഹ്വാനം കേട്ട് തൽക്കാലം ഉറയിലിട്ട പത്രോസിൻ്റെ ന്യായവാളിൻ്റെ കൂടി അവകാശികൾ, അഴിമതിക്കാർക്കെതിരെ ചാട്ടവാറെടുത്ത  യേശുവിൻ്റെ  അനുയായികൾ, ആഗോള മൂലധനശക്തികൾക്കെതിരെ നിൽക്കേണ്ട ഉത്തരവാദിത്തമുള്ളവർ, ഇന്ന് സമാനാശയങ്ങളുള്ള കമ്യൂണിസ്റ്റ് പാർട്ടിക്കെതിർപക്ഷത്തെങ്കിൽ അതിൻ്റെ കാരണം ആദ്ധ്യാത്മികമല്ല, വെറും ഭൗതികതാൽപ്പര്യങ്ങളാണ്. ദീപിക പത്രം മാത്രം വായിച്ചും പള്ളിയിലെ അച്ചന്മാരുടെ പ്രസംഗങ്ങൾ  കേട്ടും വളർന്ന തൻ്റെ തന്നെ ബാല്യകൗമാരകാലത്തെപ്പറ്റി ഉദ്ഘാടകൻ സ്മരിക്കുകയുണ്ടായി. റഷ്യയിലും പൂർവയൂറോപ്പിലും നടക്കുന്ന മതപീഡനത്തെപ്പറ്റി കേട്ടും സന്ധ്യാപ്രാർഥനകളിൽ റഷ്യർക്കാർക്ക് മാനസാന്തരം വരാൻ പ്രാർഥിച്ചും വളർന്ന സമൂഹത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധത രക്തത്തിൽ തന്നെ കലരുന്നതിൽ അത്ഭുതമില്ല. അതു കൊണ്ടുതന്നെ വിമോചന സമരത്തിന് ഒരുക്കങ്ങൾ നടത്തിയത് സഭയാണെന്നതിൽ ഒരപാകതയും അവർ കണ്ടില്ല. പക്ഷേ, ഇന്ന് സമുദായം ഏറെ മാറിയിരിക്കുന്നു. വമ്പിച്ച ഭൂസ്വത്തിൻ്റെ ഉടമകളായിരിക്കുന്ന സഭയുടെ പല നിലപാടുകളിലെയും കാപട്യം അവർ തിരിച്ചറിയുന്നു.  തങ്ങളുടെ അപാരമായ ഭൂസ്വത്തിൻ്റെ സംരക്ഷണ താൽപര്യങ്ങളും അജഗണത്തിൻ്റെ മേലുള്ള സ്വാധീനം നഷ്ടപ്പെടാതിരിക്കാൻ വേണ്ട കരുതലുകളും എന്ന നിലയിലാണ് സഭാധ്യക്ഷന്മാരുടെയും കർദ്ദിനാൾമാരുടെയും പല രാഷ്ട്രീയ നിലപാടുകളും സഖ്യങ്ങളുമെന്ന സത്യം  തിരിച്ചറിയുന്ന സമുദായാംഗങ്ങളെ മാർക്സിസ്റ്റ് ആശയങ്ങളിലേക്ക്, പാർട്ടിയിലേക്ക് ആകർഷിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന അന്വേഷണമാണ് പി.ടി.യെപ്പോലെ സെബാസ്റ്റ്യൻ പോളും നടത്തുന്നത്.

കമ്യൂണിസ്റ്റ് ഭരണം ഇന്ന് ലോകത്ത് 5 രാഷ്ട്രങ്ങളിൽ മാത്രമാണുള്ളത്. ഇന്ത്യയിലെ സ്ഥിതിയും ഏറെ പരിതാപകരം. പക്ഷേ,  കമ്യൂണിസം എന്ന ആശയം ലോകത്തില്ലാതാവില്ല. കാരണം മാർക്സിയൻ തത്വങ്ങൾ ഏറെ മാനവികമാണ്. കൈവിലങ്ങുകൾ ഇല്ലാതാവുന്നത് എല്ലാവർക്കും അവകാശപ്പെട്ട ആശയമാണ്. വലതു വൽക്കരണം അതിദ്രുതം നടന്നു കൊണ്ടിരിക്കുന്ന ലോകത്ത് അതല്ലാതെ മറ്റെന്തുണ്ട് പ്രതിവിധി? വിശ്വാസികളും വിപ്ലവകാരികളും ആ വഴിയിൽ ഒന്നിക്കുക തന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ് ഉദ്ഘാടകന്.

പക്ഷേ, മാർക്സിയൻ ആശയങ്ങൾ സാധാരണ ജനങ്ങളിലേക്ക്, ന്യൂനപക്ഷസമുദായാംഗങ്ങളിലേക്ക് എത്തുന്നില്ല എന്നതിനെ എങ്ങനെ മറികടക്കും? മാർക്സിയൻ തത്വശാസ്ത്രങ്ങളെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുക. കുട്ടനാട്ടിലെ കർഷകത്തൊഴിലാളി സ്ത്രീകൾ കമ്യൂണിസത്തെ മനസ്സിലാക്കിയതും അണിചേർന്നതും എങ്ങനെയാണ്? നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന ഒറ്റ  ശീലിലൂടെ അവർ തങ്ങളുടെ നേരെ നടക്കുന്ന അനീതികളെപ്പറ്റി, ശത്രുവാരെന്നതിനെപ്പറ്റി മനസ്സിലാക്കുകയാണ്. പുതിയ കാലത്തെ വിദ്യാസമ്പരിലേക്കെത്താൻ ഇപ്പോൾ വഴികളെത്ര സുഗമം! ഗാഡ്ജറ്റുകളെത്ര! ഭാവനാസമ്പന്നർ അതുപയോഗിക്കണം എന്നു മാത്രം. പൗരോഹിത്യ സ്വാധീനം കൃസ്ത്യൻ സമൂഹത്തിൽ എന്നേ അയഞ്ഞു പോയിരിക്കുന്നു! മലയോര കർഷകരുടെ പാർട്ടിയായ, സീറോ മലബാർ സഭക്കാർക്കു സ്വാധീനമുള്ള കേരള കോൺഗ്രസിന് താനുൾപ്പെട്ട ഭൂരിപക്ഷ ലാറ്റിൻ ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കാനാവില്ല എന്നും സെബാസ്റ്റ്യൻ പോൾ. കമ്യൂണിസ്റ്റ് മാർപ്പാപ്പ എന്നു ചിലരൊക്കെ സംബോധന ചെയ്തിരുന്ന ദിവംഗതനായ ഫ്രാൻസിസ് മാർപ്പാപ്പ ജനിച്ചു വളർന്ന ലാറ്റിൻ അമേരിക്കയിൽ നിന്നുയർന്നുവന്ന വിമോചന ദൈവശാസ്ത്രത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട് അദ്ദേഹം. ഇസ്ലാമും കൃസ്ത്യാനിറ്റിയും അതിൻ്റെ അടിസ്ഥാന വിമോചന ആശയങ്ങൾ അന്വേഷിക്കുന്നത് മതത്തിനകത്തെ ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പു മാത്രമല്ല, സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വീകരിച്ച് ഭൂരിപക്ഷ ഫാഷിസത്തിനെതിരെയുള്ള അണിചേരലിന് സ്വയം സന്നദ്ധമാക്കലും കൂടിയാണ്.ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു കൂടി ഈ ബാധ്യതയുണ്ട് എന്ന് നേരത്തേ സൂചിപ്പിച്ചു കഴിഞ്ഞതുമാണ്.

അത്യന്തം മതാത്മകവും അതിലുപരി ജാതീയത പിരിമുറുക്കിയതുമായ സമൂഹമാണ് ഇന്ത്യയിലെന്നതിനാൽ ഈ മാർക്സിസ്റ്റ് വൽക്കരണം അതീവ ദുഷ്കരമെന്ന് ഡോ.ഫസൽ ഗഫൂർ പറയുമ്പോൾ മതന്യൂനപക്ഷ വിഷയം ചർച്ച ചെയ്യുന്ന വേദിയിലും ജാതി ചർച്ച ഒഴിവാക്കാനാവില്ല എന്ന ഉണർത്തലിലേക്ക് വേദി എത്തിച്ചേരുന്നുണ്ട്. പിന്നാലെ സംസാരിച്ച കെ.ഇ.എൻ കുഞ്ഞഹമ്മദിനും സൈദ്ധാന്തികമായി ജാതിയെ നിരാകരിച്ച മതങ്ങൾക്കകത്തെ സവർണ അവർണ ജാതീയതയെപ്പറ്റി പറയാനുണ്ടായിരുന്നു. മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യവാദികൾക്കും ജാതിയിൽ നിന്ന് പുറത്തു കടക്കാനായിട്ടില്ല. മതപരിവർത്തന ശേഷവും വിട്ടുമാറാത്ത ബാധയായി അതു നിലനിൽക്കുന്നതിനാൽ ഇസ്ലാമിൽ അഷ്റഫ്, അജ്ലഫ് എന്ന സവർണരും അർസൽ എന്ന അടിത്തട്ടുകാരുമുണ്ടായി. വടക്കേയിന്ത്യയിലെപ്പോലെ പ്രബലമല്ലെങ്കിലും കേരളത്തിലും ചില വിഭാഗങ്ങൾ ‘തറവാട്ടുകാരല്ലാതെ’യുണ്ടായിരുന്നു ഈയടുത്ത കാലം വരെ. ഒരു പക്ഷേ ഗൾഫ് പണത്തിൻ്റെ സ്വാധീനം ഈ ജാതി അസ്പൃശ്യതയെ മറികടക്കാൻ അവരെ സഹായിച്ചിട്ടുണ്ട്. അത് പ്രത്യയശാസ്ത്രപരമായി ഇസ്ലാമിൽ ജാതിയില്ലാത്തതു കൊണ്ടായിരിക്കാം. ക്രിസ്ത്യൻ സമുദായത്തിലെ പ്രബലർക്ക് കേരളത്തിൽ ആദ്യ നൂറ്റാണ്ടുകളോളം പഴക്കമുള്ളതിനാൽത്തന്നെ ബ്രാഹ്മണിസം വന്നപ്പോഴും അവർ അവരുടെ സ്ഥാനം സവർണർക്കൊപ്പമുറപ്പിച്ചിരുന്നു. പിന്നീടുണ്ടായ റോമൻ കത്തോലിക്കരിലെ കീഴാള മതപരിവർത്തനക്കാർ  ദളിത് കൃസ്ത്യാനികളായിത്തന്നെ ഇന്നും സാംസ്കാരികമായ അവശതയനുഭവിക്കുന്നതിനു കാരണവും ആ പരമ്പരാഗത മേൽക്കോയ്മയുടെ സ്വാധീനത്താൽ തന്നെ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സെമറ്റിക് മതങ്ങളിലെ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് വിദ്യാഭ്യാസ- ജോലി സംവരണം ലഭിക്കുമ്പോൾ, വടക്കേ ഇന്ത്യയിൽ ഇന്നും അതില്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ടും (2006) സംസ്ഥാന ഭരണാധികാരികളാൽ അവഗണിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബഹുമാന്യനായ അമർത്യാസെൻ പ്രതീചി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹായത്തോടെ പശ്ചിമബംഗാൾ മുസ്ലിങ്ങളെപ്പറ്റി വിശദമായ ഒരു സാമൂഹ്യ സ്റ്റാറ്റിസ്റ്റിക് പഠനം 2012-2013ൽ നടത്തിയത്. ദളിതരെപ്പോലെയോ അതിലും താഴെയോ ദാരിദ്ര്യാവസ്ഥയിലും ദയനീയമായ സാമൂഹ്യാവസ്ഥയിലും അവർക്കു കഴിയേണ്ടി വരുന്നതിന് പൊതുവേ പറഞ്ഞു കേൾക്കുന്ന പോലെ മതപരമായ യാഥാസ്ഥിതികത്വമല്ല, അവസര നിഷേധങ്ങൾ (Othering of Muslims) തന്നെയാണ് കാരണമെന്ന് അദ്ദേഹം പഠന റിപ്പോർട്ട് ഉദ്ധരിച്ചു പറയുന്നു. മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽ സ്കൂളുകൾ, ആശുപത്രികൾ, കുടിവെള്ള സംവിധാനങ്ങൾ, ഓടകൾ, തൊഴിൽ സാധ്യതകൾ തുടങ്ങി പ്രാഥമിക സൗകര്യങ്ങളെല്ലാം പരിമിതമായിരിക്കുന്ന അവസ്ഥ! പഠിക്കാൻ താൽപ്പര്യമുള്ളവരെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നവരും പഠിച്ചിട്ടെന്തു കാര്യം, വീണ്ടും അവഗണിക്കപ്പെടുകയല്ലേ മുസ്ലിങ്ങൾ എന്ന ഭയം പേറുന്നവരും ഏറെ. 80 ശതമാനത്തോളം മുസ്ലിം കുടുംബങ്ങളുടെ മാസവരുമാനം 5000 രൂപയോ അതിൽ താഴെയോ ആണത്രെ! അമർത്യാസെൻ ചൂണ്ടിക്കാണിക്കുന്നത് കേരളത്തെയാണ്, അവസരങ്ങൾ ലഭിച്ചാൽ മുസ്ലിങ്ങൾക്ക് വിദ്യാഭ്യാസപരമായും സാംസ്കാരികമായും എത്ര മുന്നോട്ടു വരാനാവും എന്നതിന് ഉദാഹരണമായി. കേരളത്തിലെത്തുന്ന ബംഗാളി തൊഴിലാളി മാസത്തിൽ ലഭിക്കുന്ന 12000 രൂപ വലിയ വരുമാനമായി കരുതി ആഹ്ലാദിക്കുന്നതിൻ്റെ പശ്ചാത്തലമിതാണ്. പശ്ചിമ ബംഗാളിലെ ദരിദ്ര ഗ്രാമങ്ങളിൽ നിന്നെത്തുന്ന ഈ പാവങ്ങളിലെ മുസ്ലിം പേരുകാരെ ബംഗ്ലാദേശികളാക്കാനുള്ള നീക്കങ്ങളും ഇന്നു നാം കാണുന്നു.

പക്ഷേ, മാർക്സിയൻ ആശയങ്ങൾ സാധാരണ ജനങ്ങളിലേക്ക്, ന്യൂനപക്ഷസമുദായാംഗങ്ങളിലേക്ക് എത്തുന്നില്ല എന്നതിനെ എങ്ങനെ മറികടക്കും? മാർക്സിയൻ തത്വശാസ്ത്രങ്ങളെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുക.
വർത്തമാന ഫാഷിസ്റ്റ് ഭരണത്തിലെ മുസ്ലിം അപരവൽക്കരണത്തെപ്പറ്റി തൻ്റെ പ്രസിദ്ധമായ ഞാൻ മുസ്ലിം എന്ന കവിത ചൊല്ലിക്കൊണ്ടാരംഭിച്ച കെ.സച്ചിദാനന്ദൻ്റെ ഗഹനമായ പ്രഭാഷണത്തിനിടയിൽ അദ്ദേഹം മറ്റൊരു ഉർദു കവിയുടെ വരികൾ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ –

ഇതാണ് വിരോധാഭാസം –

നിങ്ങൾ ഒരിക്കലും ഞങ്ങളെ നിങ്ങളിലൊരാളായി കരുതിയില്ല സ്വന്തം, സ്വന്തം എന്നു പറഞ്ഞ് നിങ്ങൾ ഞങ്ങളെ അപരരാക്കി’

ഇതൊരു പ്രരോദനമായി കരുതേണ്ടതില്ല. സമുദ്രത്തിനടിയിൽ ചിറകുമായി കാത്തിരിക്കുന്ന മൈനാകത്തെപ്പറ്റി, കോമ്രേഡ് മൈനാകത്തെപ്പറ്റിയല്ലേ കെ.ഇ.എൻ.പ്രതീകാത്മകമായി നമ്മോടു പറഞ്ഞത്!

ഇന്ന് ധാരാളം മുസ്ലിം സുഹൃത്തുക്കൾ ദേശീയ മാനവിക വേദിയിലുണ്ട്. സ്ത്രീയവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയിൽ എന്തുകൊണ്ട് സ്ത്രീകൾ ഇത്രമാത്രം എന്നാരും ചോദിക്കാറില്ല. പക്ഷേ,വർഗീയ ഫാസിസത്തിനെതിരെ മാനവികമായി പ്രവർത്തിക്കുന്ന ഒരു മൂവ്മെൻറിൽ ഇരകളാക്കപ്പെടാവുന്നവരുടെ എണ്ണക്കൂടുതൽ എന്തുകൊണ്ടോ ചിലരെയൊക്കെ അസ്വസ്ഥരാക്കുന്നതായി കണ്ടിട്ടുണ്ട്. അവരോട് പറയാനുള്ളത്, മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും  പ്രശ്നമാവാനല്ല, ദളിത്-ആദിവാസി വിഭാഗങ്ങളെപ്പോലെ രാഷ്ട്രത്തിൻ്റെ രോഗാവസ്ഥയുടെ പ്രതിവിധിയുടെ ഭാഗമാവാനുള്ള സാധ്യതയാണ് ഇന്നുള്ളത് എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *