കോഴിക്കോട്: മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നിൽക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മളെ പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ 76 -ാമത് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയം ലോകത്തിനു സംഭാവന നൽകിയത് ഇന്ത്യയാണ്. എല്ലാ വൈജാത്യങ്ങൾക്കും അതീതമായി ഇന്ത്യക്കാരായി നിലനിൽക്കുന്നത് ഭരണഘടനയിൽ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉൾക്കൊള്ളുന്നതിനാലാണ്. വൈവിധ്യപൂർണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ആശയത്തിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഇന്ത്യൻ ഭരണഘടന. ഏവരും തുല്യരാണെന്നും രാജ്യത്തിന്റെ ഭരണത്തിൽ പങ്കാളിത്തമുണ്ടെന്നും ഭരണഘടന നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മാനവിക മൂല്യങ്ങളാണ് നമ്മുടെ കരുത്ത്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമ്പോഴാണ് രാജ്യം വികസിക്കുന്നത്.
പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന വിശാലമായ മാനവികമൂല്യങ്ങളിൽ ഉറച്ചുനിന്നു വേണം മുന്നോട്ടു പോകാനെന്നും മന്ത്രി പറഞ്ഞു.
പ്രൗഢ ഗൗഭീരമായാണ് 76-ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ ആഘോഷിച്ചത്. രാവിലെ 8.50 തോടെ പൊലീസ് അകമ്പടിയോടെ മൈതാനിയില്‍ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിങ്ങും ജില്ലാ പൊലീസ് മേധാവി ടി നാരായണനും കോഴിക്കോട് ജില്ല റൂറൽ പൊലീസ് മേധാവി കെ ഇ ബൈജുവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വേദിയില്‍ രാവിലെ ഒമ്പതിന് മന്ത്രി ദേശീയ പതാക ഉയര്‍ത്തി. ശേഷം, തുറന്ന ജീപ്പില്‍ സഞ്ചരിച്ച് മന്ത്രി പരേഡ് പരിശോധിച്ച് 28 പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു.
ഫറോക് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തും ജില്ലാ പൊലീസ് ആസ്ഥാനത്തെ ആർഎസ്ഐ കെ സുജിത് കുമാറും പരേഡിന് നേതൃത്വം നല്കി. പൊലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, സ്കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
പരേഡില്‍ സേന വിഭാഗത്തിൽ കോഴിക്കോട് സിറ്റി ആസ്ഥാനത്തെ ആർഎസ്ഐ ടി കോയ നേതൃത്വം നൽകിയ പ്ലാറ്റൂൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ എസ്പിസി ഗേൾസ് കോഴിക്കോട് റൂറൽ നന്മണ്ട എച്ച്സിലെ എം തന്മയ നയിച്ച പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി.
ഭരണഘടനയുടെ അന്തഃസത്ത കാക്കാൻ ഒറ്റക്കെട്ടായി നിൽക്കണം

