അടുത്ത 7 ദിവസം മഴപ്പെയ്ത്ത്


കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ്‌ 19ഓടു കൂടി കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴിയും ലക്ഷദ്വീപിലേക്ക് ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു.

തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം  ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 19 ന് അതിശക്തമായ മഴയ്ക്കും മെയ്‌ 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മഴ സാധ്യതയെത്തുടർന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

19ന് ചില ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യത ലഭിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *