എം ടി കാലം, കാഴ്ച ഫോട്ടോപ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായരുടെ സാഹിത്യപന്ഥാവിലെയും സാംസ്‌കാരികമേഖലയിലെയും വ്യക്തിജീവിതത്തിലെയും അപൂര്‍വനിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോകളുടെ പ്രദര്‍ശനം ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.

സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയാണ് മലയാളത്തിന്റെ സുകൃതമായി മണ്‍മറഞ്ഞ എം ടിയുടെ അസുലഭ ഫോട്ടോകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 22വരെ പ്രദര്‍ശനം ഉണ്ടാവും. പത്രഫോട്ടോഗ്രാഫര്‍മാരും പുനലൂര്‍ രാജനെപോലുള്ള ഫോട്ടോഗ്രാഫി രംഗത്തെ പ്രശസ്തരും പകര്‍ത്തിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.  35 ഫോട്ടോഗ്രാഫര്‍മാരുടെ നൂറിലേറെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.   പ്രശസ്ത ഫോട്ടോഗ്രാഫർ പി മുസ്തഫയുടെ നേതൃത്വത്തിൽ ഒരു സംഘം ന്യൂസ് ഫോട്ടോഗ്രാഫർമാരാണ് പ്രദർശനം ഒരുക്കിയത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ എം ടിയുടെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്ന നിരവധി ചിത്രങ്ങളുണ്ട്. തകഴി, ബഷീര്‍, കെ ടി മുഹമ്മദ്, പി വത്സല എന്നിവരോടൊപ്പം നര്‍മം പങ്കിടുന്ന എം ടിയെയും ഗൗരവമായി സാഹിത്യം ചര്‍ച്ച ചെയ്യുന്ന എഴുത്തുകാരനെയും ഇവിടെ കാണാം. കോവിലന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ഡി വിനയചന്ദ്രന്‍ എന്നിവരോടൊപ്പമുള്ള ചിത്രവും ഉണ്ട്. സുകുമാര്‍ അഴീക്കോട്, യു എ ഖാദര്‍ എന്നിവരുമായുള്ള സംവാദത്തിന്റെ നിമിഷങ്ങളും ക്യാമറ ഒപ്പിയെടുത്തതില്‍പെടും.

ഗസല്‍ ഗായകന്‍ ഗുലാം അലി, വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍, ബംഗാളിലെ എഴുത്തുകാരന്‍ സുനില്‍ ഗംഗോപാധ്യായ എന്നിവരൊപ്പമുള്ള എം ടി ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകം പകരുന്നതാണ്. ചിരകാല സുഹൃത്തായ എന്‍ പി മുഹമ്മദിനൊപ്പം കുളത്തിന്റെ കല്‍പടവില്‍ ഇരുന്ന് നടത്തുന്ന ചര്‍ച്ചയുടെ നിമിഷങ്ങള്‍ വൈകാരിക പ്രതീതി സൃഷ്ടിക്കുന്നതാണ്.
സുഹൃത്തായ തിക്കോടിയന്‍, കോഴിക്കോട്ടെ ഉത്തരായനം കാലത്തെ സുഹൃത്തുക്കളായ പട്ടത്തുവിള കരുണാകരന്‍, ആതാടി ദാമോദരന്‍, അരവിന്ദന്‍ എന്നിവരോടൊപ്പമുള്ള ചിത്രവും പ്രദര്‍ശനത്തില്‍ സ്ഥാനം നേടിയിരിക്കുന്നു.  തുഞ്ചന്‍പറമ്പില്‍ നിന്നുള്ള ചിത്രങ്ങളും ഉണ്ട്.  നവതി ആഘോഷവേളയില്‍ ഭാര്യ സരസ്വതി ടീച്ചര്‍ക്കൊപ്പം ഇരിക്കുന്ന എം ടിയുടെ പാദങ്ങളില്‍ നമസ്‌കരിക്കുന്ന നടന്‍ വിനീതിന്റെ ചിത്രവും കാണാം.
കൂടല്ലൂര്‍ എന്ന സ്വന്തം ഗ്രാമത്തില്‍ മൂത്തമകള്‍ സിത്താരയോടൊപ്പം എം ടി നില്‍ക്കുന്ന പടവും ഉണ്ട്.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രം ഏറെ ഹൃദ്യമാണ്. മമ്മൂട്ടി എം ടിയുടെ പടം എടുക്കുന്ന ചിത്രവും മോഹല്‍ലാല്‍ എം ടിയെ കാണുന്ന ചിത്രവും മനോഹരമാണ്.

സിനിമാരംഗത്തെ പ്രശസ്തരമായ സഹപ്രവര്‍ത്തകര്‍ എം ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും കാണാം. ഹരിഹരന്‍, ഐ വി ശശി തുടങ്ങിയവര്‍ ഫോട്ടോകളില്‍ തെളിയുന്നു. ചെറുപ്പകാലത്തെ വായനക്ക് ഇടം നല്‍കിയ അക്കിത്തം, കഥാകൃത്ത് ടി പത്മനാഭന്‍ എന്നിവരുടെ കൂടെയുള്ള ചിത്രങ്ങളും കാണാം. പുരസ്‌കാരങ്ങള്‍ക്കും മെമന്റോകള്‍ക്കും നടുവില്‍ നിസ്സംഗതയോടെ ഇരിക്കുന്ന എം ടിയും ഇവിടെയുണ്ട്. പള്ളിപ്പുറം കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന എം ടിയെയും ക്യാമറ പകര്‍ത്തിയിട്ടുണ്ട്.
എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ഒ വി വിജയന്റെ സമീപം നില്‍ക്കുന്ന എം ടിയെയും കാണാം. ഇരുട്ടിന്റെ ആത്മാവ്, നിര്‍മ്മാല്യം തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് വേളയും ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു.  ഫോറം ജില്ലാ പ്രസിഡന്റ് പി പി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, വൈസ് പ്രസിഡന്റ് ഹരിദാസന്‍ പാലയില്‍,  ജില്ലാ സെക്രട്ടറി എം സുധീന്ദ്രകുമാര്‍, ട്രഷറർ സി പി എം സെയ്ദ്, സി എം കെ പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *