രജിസ്‌ട്രേഷനില്ലാതെ 18 ഏക്കറില്‍ പ്ലോട്ട് വികസനം: ‘റിയലൈന്‍ പ്രോപര്‍ട്ടീസിന്’ നോട്ടീസ്


കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയ്ക്കായി വില്ല-അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ വികസിപ്പിക്കുന്ന ‘റിയലൈന്‍ പ്രോപര്‍ട്ടീസ്’ എന്ന പ്രൊമോട്ടര്‍ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ പതിനെട്ടോളം ഏക്കറില്‍ ‘ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി’  എന്ന പേരില്‍ വികസിപ്പിക്കുന്ന വില്ല പദ്ധതിയും അപാര്‍ട്ട്‌മെന്റ് പദ്ധതിയും റിയലൈന്‍ പ്രോപര്‍ട്ടീസ് ഫെയ്‌സ്ബുക്കില്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

റെറയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്നുള്ള യൂണിറ്റുകള്‍ വില്പനയ്ക്കായി പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. റെറ നിയമം സെക്ഷന്‍ 59(1) പ്രകാരം പിഴയീടാക്കാതിരിക്കാനായി കെ-റെറ മുമ്പാകെ മതിയായ കാരണം ബോധിപ്പിക്കാന്‍ അറിയിച്ചു കൊണ്ടാണ് പ്രൊമോട്ടര്‍ക്ക് നോട്ടീസ് അയച്ചത്. കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം പദ്ധതികളില്‍ നിന്ന് പ്ലോട്ടോ വില്ലയോ അപാര്‍ട്ട്‌മെന്റോ വാങ്ങിയാല്‍ ഭാവിയില്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കെ-റെറ ചെയര്‍മാന്‍ പിഎച്ച് കുര്യന്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *