‹

പി എ മുഹമ്മദുകോയ അനുസ്‌മരണം:നവംബർ 26 ന് വിവിധ പരിപാടികൾ

‘ബാബുക്കയുടെ ഇ‍ൗണങ്ങൾ’ സംഗീത സന്ധ്യയും

കോഴിക്കോട്‌: സാഹിത്യകാരനും പത്രപ്രവർത്തകനും സ്‌പോർട്‌സ്‌ ലേഖകനും തിരക്കഥാകൃത്തും ഫുട്‌ബോൾ കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദുകോയയുടെ ചരമവാർഷികദിനമായ നവംബർ 26 ന് സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ടൗൺ ഹാളിൽ വൈകിട്ട്‌ 4.30നു ചേരുന്ന അനുസ്‌മരണ സമ്മേളനം ആലങ്കോട്‌ ലീലാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. പി എയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച്‌ ഡോ. എൻ പി ഹാഫിസ്‌ മുഹമ്മദ്‌ പ്രഭാഷണം നടത്തും.

കോഴിക്കോട്ടെ മുസ്‌ലിങ്ങളുടെ ചരിത്രം പശ്ചാത്തലമാക്കി 1971ൽ രചിച്ച സുൽത്താൻ വീട്‌ എന്ന നോവലാണ്‌ പി എയുടെ കൃതികളിൽ ഏറ്റവും പ്രധാനം. അറബിക്കല്യാണത്തിന്റെ സാമൂഹിക പ്രശ്‌നങ്ങൾ മനുഷ്യസ്‌നേഹത്തിന്റെ കണ്ണിലൂടെ അവതരിപ്പിച്ച സുറുമയിട്ട കണ്ണുകൾ എന്ന നോവലാണ്‌ പിന്നീട്‌ അതേ പേരിൽ സിനിമയായത്‌. പി എ തന്നെ അതിന്‌ തിരക്കഥയുമെഴുതി. മലയാളത്തിൽ സ്‌പോർട്‌സ്‌ റിപ്പോർട്ടിങ്‌ എന്ന ശാഖക്ക്‌ തുടക്കമിട്ടത്‌ പി എ ആയിരുന്നു. മുഷ്‌താഖ്‌ എന്ന തൂലികാനാമത്തിൽ അദ്ദേഹമെഴുതിയ സ്‌പോർട്‌സ്‌ വിശകലനങ്ങൾ ഏറെ ശ്രദ്ധ നേടി.

സുൽത്താൻവീട്‌ ടിവി സീരിയലിന്റെ ഏതാനും ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട്‌ ഉച്ചക്കുശേഷം 3.30ന്‌ പരിപാടികൾ ആരംഭിക്കും. അനുസ്‌മരണ സമ്മേളനത്തിൽ നടക്കാവ്‌ മുഹമ്മദുകോയ (മുഷ്‌താഖ്‌ എന്ന സ്‌പോർട്‌സ്‌ ലേഖകൻ), സുൽത്താൻവീട്‌ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തുന്ന പി ജെ മാത്യു, സുൽത്താൻ വീട്‌ ടി വി പരമ്പര തയാറാക്കിയ കെ പി വിജയകുമാർ, കലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ്‌ ദീപക്‌ ധർമ്മടം എന്നിവരും സംസാരിക്കും.
അനുസ്‌മരണ സമ്മേളനത്തിന്റെ തുടർച്ചയായി മാത്തോട്ടം മുസ്‌തഫയും സംഘവും ‘ബാബുക്കയുടെ ഇ‍ൗണങ്ങൾ’ എന്ന സംഗീത സന്ധ്യ അവതരിപ്പിക്കും. പി എയുടെ കുടംബാംഗങ്ങളുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000