കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണൻ ( മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ -92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മാവൂർ റോഡ് സ്മൃതിപഥത്തിൽ നടക്കും.
1932 ആഗസ്റ്റ് 20 ന് പൊന്നാനിയിൽ ആണ് അദ്ദേഹം ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനിയിലും കോഴിക്കോട്ടും തൃശൂരിലുമായി ആദ്യകാല വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. 1973 ൽ കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നത് വരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന ചുരുക്കം ചില തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളാണ് എം ജിഎസ് പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ചരിത്രത്തിലെ കേരള ചരിത്രത്തിലെ പണ്ഡിതനാണ് അദ്ദേഹം.
ഇന്ത്യാ ചരിത്രപരിചയം, കേരള ചരിത്രത്തിൻ്റെ അടിസ്ഥാന ശിലകൾ, സാഹിത്യാപരാധങ്ങൾ, കോഴിക്കോടിൻ്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, സെക്കുലർ ജാതിയും സെക്കുലർ മതവും, കേരളത്തിൻ്റെ സമകാല വ്യഥകൾ എന്നിവയാണ് പ്രധാന മലയാള ഗ്രന്ഥങ്ങൾ.
പരേതരായ ഡോ. കെ പി ഗോവിന്ദമേനോൻ്റെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: വി സി പ്രേമലത. മക്കൾ: എൻ വിജയകുമാർ(വിങ് കമാൻഡർ, ഇന്ത്യൻ എയർഫോഴ്സ്), എൻ വിനയ(നർത്തകിയും മോഹിനിയാട്ടം ഗവേഷകയും).

