കോഴിക്കോട്: എസ്‌എഫ്‌ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം ജൂൺ 27, 28, 29, 30 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ആതിഥ്യമരുളുന്ന സമ്മേളനം ചരിത്രവിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
പ്രതിനിധി സമ്മേളനം 27ന് കോഴിക്കോട് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ പലസ്തീൻ –സോളിഡാരിറ്റി നഗറിലെ സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിൽ രാവിലെ 10 ന് മാധ്യമപ്രവർത്തകൻ ശശികുമാർ, തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ എം കെ റൈന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 519 പ്രതിനിധികളും 184 നിരീക്ഷകരും 80 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. മുൻകാല ഭാരവാഹികളുടെ സംഗമം 28ന് പ്രതിനിധി സമ്മേളന ഹാളിൽ ചേരും.
നാലുനാൾ നീളുന്ന സമ്മേളനം അരലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിദ്യാർഥി റാലിയോടെ 30ന് സമാപിക്കും. ഫ്രീഡം സ്‌ക്വയറിലെ കെ വി സുധീഷ് നഗറിൽ ചേരുന്ന പൊതുസമ്മേളനം പകൽ11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
20ന് രാജ്യവ്യാപകമായി പതാക ദിനം ആചരിക്കും. മുഴുവൻ സംഘടനാ ഘടകങ്ങളിലും പതാക ഉയർത്തും. രക്തസാക്ഷികളുടെയും കുടുംബങ്ങളിൽ നിന്നും സ്മൃതി മണ്ഡപങ്ങളിൽ നിന്നും പതാകകൾ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചരിത്ര വർത്തമാനങ്ങളും ഉൾപ്പെടുത്തിയ എക്‌സിബിഷൻ 23ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഹാളിൽ ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവ പ്രസാദ്, സ്വാഗതസസംഘം ട്രഷറർ എം മെഹബൂബ്, പി താജുദ്ദീൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുത്തു.

