‘മാനവമൈത്രിസംഗമം’ നവംബര്‍ 4-ന് കോഴിക്കോട്ട്

കോഴിക്കോട്: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘മാനവമൈത്രിസംഗമം’  നവംബർ 4-ന് ഉച്ചയ്ക്ക് 2.30 മുതൽ  സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. “വിശ്വാസം, മൈത്രി, മാനവികത” എന്ന വിഷയത്തെ ആസ്പദമാക്കി ആത്മീയ നേതാക്കളും പണ്ഡിതരും പങ്കെടുക്കുന്ന വിപുലമായ സംവാദ പരിപാടിയായാണ് ഇത് സംഘടിപ്പിക്കുന്നത്.
മനുഷ്യർക്കിടയിൽ ഭിന്നതയും വെറുപ്പും സൃഷ്ടിക്കുന്ന വർഗീയതയ്‌ക്കെതിരെ, യഥാർത്ഥ മതവിശ്വാസങ്ങൾ മുന്നോട്ടുവയ്ക്കുന്ന മൈത്രിയുടെയും മാനവികതയുടെയും മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുക എന്നതാണ് ഈ സാംസ്കാരിക ഇടപെടലിന്റെ ലക്ഷ്യം. എല്ലാ മതങ്ങളും മനുഷ്യരെ ഒന്നിപ്പിക്കാനും സ്നേഹം പടർത്താനുമാണ് ശ്രമിച്ചിട്ടുള്ളതെന്ന സന്ദേശം വീണ്ടെടുക്കേണ്ടതുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

നവോത്ഥാന സമരങ്ങളുടെ ചരിത്രഭൂമിയും തളി മഹാദേവ ക്ഷേത്രം, കുറ്റിച്ചിറ മിശ്കൽപള്ളി, മാനാഞ്ചിറ ക്രിസ്ത്യൻ ചർച്ച് എന്നിവ സഹവർത്തിക്കുന്ന സാംസ്കാരിക ഭൂമികയുമായ കോഴിക്കോടാണ്  പരിപാടിക്ക് വേദിയാകുന്നത്.
ഉച്ചയ്ക്ക് 2.30 ന് നവോത്ഥാനഗീതത്തോടെ പരിപാടികൾ ആരംഭിക്കും. 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ചലച്ചിത്ര ഗാനരചയിതാവുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ് സംഗമം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി (പ്രസിഡന്റ്, എസ്.വൈ.എസ് കേരള), ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ (സി.എസ്.ഐ. ഡയോസീസ് ഓഫ് മലബാർ), ഖുർആൻ പണ്ഡിതൻ സി.എച്ച്. മുസ്തഫ മൗലവി, രാമകൃഷ്ണ ശാരദാമിഷൻ സെക്രട്ടറി പ്രവ്രാജിക രാധാ പ്രാണ മാതാജി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

പ്രഭാഷണങ്ങൾക്കൊപ്പം ഡോ. വാഴമുട്ടം ചന്ദ്രബാബു ഒരുക്കുന്ന മതമൈത്രി സംഗീതാർച്ചന, മാനവ സംഗീതിക സംഘം ഒരുക്കുന്ന മാനവ ഗീതങ്ങൾ, ലൗലി ജനാർദ്ദനൻ ഒരുക്കുന്ന മതസൗഹാർദ്ദ ഗാനം എന്നിവയും അരങ്ങേറും. വൈകുന്നേരം 5 മണി മുതൽ 7 മണി വരെ കേരളീയ രംഗകലകളും ഡിജിറ്റൽ ദൃശ്യസാധ്യതകളും സമന്വയിപ്പിക്കുന്ന ‘നമ്മളൊന്ന്’ എന്ന സാംസ്കാരിക ദൃശ്യപാഠവും ഉണ്ടായിരിക്കും.
മാനവമൈത്രിസംഗമം വൻവിജയമാക്കാൻ എല്ലാവരുടെയും സഹകരണം സംഘാടകസമിതിക്കുവേണ്ടി ചെയർമാൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയും  കൺവീനർ ഡോ. സത്യനും  അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *