നവകേരള സദസിലൂടെ മണ്ഡലങ്ങളില്‍ അനുവദിച്ച പദ്ധതികളുടെ പ്രവൃത്തി പുരോഗതി വികസന സമിതി പരിശോധിക്കും
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗം. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സമഗ്രമായ അന്വേഷണം യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ തീപിടുത്ത സാധ്യത തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ ഇതിനായി പരിശോധനകള്‍ നടക്കത്തണമെന്നും യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പുതിയ സ്റ്റാന്‍ഡിലെ തീപ്പിടുത്തത്തില്‍ സമയോചിതമായും കാര്യക്ഷമമായും ഇടപെട്ട ചുമട്ടു തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, ഫയര്‍ ഫോഴ്‌സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരെ ജില്ലാ വികസന സമിതി അഭിനന്ദിച്ചു.
നവകേരള സദസില്‍ ഉയര്‍ന്നുവന്ന പദ്ധതികളുടെ നടത്തിപ്പിലേക്കായി ഓരോ നിയമസഭ മണ്ഡലത്തിനുമായി അനുവദിച്ച ഏഴ് കോടി രൂപ സംബന്ധിച്ച് പ്രവര്‍ത്തികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് വികസന സമിതിയില്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ആവശ്യപ്രകാരമാണ് നടപടി. പ്രവൃത്തി ചുമതലയുള്ള വകുപ്പുകളുടെ യോഗം അടിയന്തരമായി ചേരും. തുടര്‍ന്നുവരുന്ന വികസന സമിതിയില്‍ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ മുഴുവനും പൂര്‍ത്തിയാക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. നേരത്തെ എത്തിയ കാലവര്‍ഷം ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കാലാവര്‍ഷക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്നും അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും വികസന സമിതിയില്‍ ആവശ്യപ്പെട്ടു.
കനാല്‍ സിറ്റി പ്രവൃത്തി പുരോഗതി സംബന്ധിച്ച തടസ്സങ്ങള്‍ പരിശോധിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു. 2026 ജനുവരിയോടെ പ്രവൃത്തി അരംഭിക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടി കിടക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ ആവശ്യമായനടപടികള്‍ ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു.
മലയോര ഹൈവെയുടെ പേരാമ്പ്ര നാദാപുരം റീച്ചിന് ഇറിഗേഷന്‍ എന്‍ ഒ സി അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പാലം നിര്‍മിക്കാന്‍ ഇറിഗേഷന്‍, കെആര്‍എഫ്ബി എന്നിവരുമായി ധാരണ ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചു. ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പണികള്‍ നടന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തത് ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നതായി യോഗത്തില്‍ ടിപി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ജല വിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി ഇത് പാരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട് ചങ്ങാരോത്ത് തുടങ്ങിയ വിളേജുകളിലെ പട്ടയ പ്രശ്‌നങ്ങള്‍ ലിസ്റ്റ് ചെയ്ത് പരിഹാരം കണ്ടെത്താന്‍ വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ലിന്റോ ജോസഫ് എംഎല്‍എയാണ് ആവശ്യപ്പെട്ടത്. കയ്യേറ്റങ്ങള്‍ കണ്ടെത്തി അതത് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സഹായത്തോടെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. വിവിധ ആദിവാസി സങ്കേതങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് സ്വീകരിക്കുന്ന മനോഭാവം തിരുത്തി പോകണമെന്നും അംബേദ്കര്‍ ഗ്രാമം പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കണമെന്നും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ച വികസന സമിതിയില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ മാരായ ടിപി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പിടിഎ റഹീം, ഇ കെ വിജയന്‍, ലിന്റോ ജോസഫ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ് വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സ്ഥാപനങ്ങളില്‍ അഗ്നിസുരക്ഷ പരിശോധന നടത്തണം: ജില്ലാ വികസന സമിതി

