വയനാട്ടില്‍ ഭൂമികുലുക്കം?

പ്രദേശവാസികളോട് ഒഴിയാൻ ആവശ്യപ്പെട്ട് അധികൃതർ

കോഴിക്കോട്: വയനാട്ടില്‍ പലയിടത്തും ചെറിയ തോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍. ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു.

കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. കോഴിക്കോട് കൂടരഞ്ഞിയിലും മുഴക്കമുണ്ടായതായി റിപ്പോർട്ടുണ്ട്.

മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണു. അമ്പലവയല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. എടയ്ക്കല്‍ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂള്‍. അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയല്‍ പ്രദേശങ്ങളില്‍ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നെന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ ആര്‍എആര്‍എസ് പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉള്‍പ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *