ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം -മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പരമ്പരാഗതമായി കളിമൺ പാത്ര നിർമ്മാണം നടത്തുന്ന കുംഭാര സമുദായത്തിന് ദേവസ്വം ബോർഡ് നിയമനങ്ങളിൽ പ്രത്യേക തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ യുക്തമായ തീരുമാനമെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
2015 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചട്ടങ്ങൾ പ്രകാരം മറ്റ് ഹിന്ദു പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്ന സംവരണത്തിന് മാത്രമേ കുംഭാരൻ സമുദായത്തിന് അർഹതയുള്ളൂവെന്ന റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജുനാഥിന്റെ ഉത്തരവ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്.
കുംഭാരൻ സമുദായത്തിന് 70 വർഷമായി യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിൽ ദേവസ്വം ബോർഡ് നിയമനങ്ങളിലെങ്കിലും തങ്ങളെ പരിഗണിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.
ദേവസ്വം നിയമനങ്ങളിൽ മറ്റ് ഹിന്ദു പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ കുംഭാരൻ സമുദായത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ലാസ്റ്റ് ഗ്രേഡ് സർവീസിലേക്ക് 9 ശതമാനവും ലാസ്റ്റ് ഗ്രേഡ് അല്ലാത്ത സർവീസിലേക്ക് 6 ശതമാനവും സംവരണം ലഭിക്കുന്നുണ്ട്. കുംഭാര സമുദായത്തിന് മാത്രമായി ദേവസ്വം നിയമനങ്ങളിൽ സംവരണ നിരക്ക് കൂട്ടാനോ കുറയ്ക്കാനോ റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം ആനമങ്ങാട് സ്വദേശി ശിവദാസൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

