വിവരാവകാശ നിയമം മാധ്യമങ്ങൾക്ക് വാർത്തയ്ക്കുള്ള ഉറവിടം

കോഴിക്കോട്: വിവരാവകാശ നിയമം മാധ്യമങ്ങൾക്ക് വാർത്തകൾ സൃഷ്ടിക്കാനുള്ള നിയമാനുസൃതമായ ഉറവിടമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ ടി.കെ രാമകൃഷണൻ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വിവരാവകാശ നിയമവും മാധ്യമങ്ങളും’ എന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന വിവരങ്ങളും രേഖകളും വിശകലനം ചെയ്തു ധാരാളം ന്യൂസ് സ്റ്റോറികൾ ഉണ്ടാക്കാൻ കഴിയും. മാധ്യമ സ്ഥാപനങ്ങളിൽ ഇതിനായി ആർ ടി ഐ സെൽ രൂപീകരിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണാത്മക പത്രപ്രവർത്തനത്തിനും വികസന പത്രപ്രവർത്തനത്തിനും വിവരാവകാശ രേഖകളും വിവരങ്ങളും ആധികാരിക രേഖകളായി ഉപയോഗിച്ച് ധാരാളം വാർത്തകൾ സൃഷ്ടിക്കാൻ കഴിയും. ഇത്തരം വാർത്തകൾ അഴിമതി ഇല്ലാതാക്കാനും ഭരണ മേഖലയിൽ സുതാര്യത ഉറപ്പാക്കാനും ഉത്തരവാദിത്വബോധം വളര്‍ത്താനും സഹായിക്കും. ആർടിഐ നിയമം വരുന്നതിനു മുമ്പ് തന്നെ അഴിമതി പുറത്തു കൊണ്ടുവരാൻ പത്ര പ്രവർത്തകർ അന്വേഷണാത്മക പത്രപ്രവർത്തനത്തി – നൽകിയിരുന്നു. ഇന്ന് വിവരാവകാശം നിലവിൽ ഉണ്ടായിട്ടും അതിനെ വാർത്താ സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമം മാധ്യമങ്ങൾ കാര്യക്ഷമമായി നടത്തുന്നില്ല. ഈ നിയമത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഉദ്യോഗസ്ഥ മേഖലയിലുള്ള അഴിമതിയും സ്വജനപക്ഷവാദവും ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ക്ലബ്ബ് പ്രസിഡൻറ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡൻ്റ് ആയിരുന്ന വിവരാവകാശ കമ്മീഷണർക്ക് സ്വീകരണവും നൽകി. കമാൽ വരദൂർ , ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി പി കെ സജിത്ത് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രേഷ്മ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *