‹

സംരംഭകർക്ക് പലിശ സബ്സിഡി നൽകി

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സംരംഭകർക്ക് പലിശ സബ്‌സിഡി പദ്ധതി പ്രകാരം ധനസഹായ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. അർഹരായ 38 ഗുണഭോക്താക്കൾക്കാണ് ധനസഹായ വിതരണം നൽകിയത്.

സംരംഭകർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അവരുടെ സരംഭത്തിനായി എടുത്ത വായ്‌പയുടെ പലിശയുടെ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ അതായത് പരമാവധി 60000 രൂപ മുതൽ 80000 രൂപ വരെ പലിശ ഇനത്തിൽ ധനസഹായമായി നൽകുന്നതാണ് പദ്ധതി. ജില്ലയിൽ 18 ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമായി 38 ഗുണഭോക്താക്കൾ ധനസഹായത്തിന് അർഹരായിട്ടുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ പുത്തൻ പുരക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ ടി ആനന്ദകുമാർ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000