കല്ലായിപ്പുഴയും ആദ്യത്തെ പാലവും

മലബാറിലെ പുഴകളിൽ കേവലം ചെറിയൊരു പുഴയാണ് കല്ലായിപ്പുഴ. വെറും 22 കിലോമീറ്റർ ദൈർഘ്യം. ചെറുകുളത്തൂരിൽനിന്ന് ഉത്ഭവിക്കുന്ന ഈ പുഴ ആദ്യം ‘ മാമ്പുഴ ‘യായും തുടർന്ന് കല്ലായിപ്പുഴയായും മാറുന്നു. ഇതിനെ മനുഷ്യനിർമിതമായ ചെറുപുഴ വഴി ചാലിയാറുമായും കനോലി കനാൽ വഴി കോരപ്പുഴയുമായും ബന്ധിപ്പിച്ചിട്ടുണ്ട്. കല്ലായിയിൽ വെച്ചാണ് ഈ പുഴ അറബിക്കടലിൽ ചേരുന്നത്.
ചരിത്രമുഹൂർത്തങ്ങൾ ഒരു പാട് കണ്ടതാണ് കല്ലായിക്കടവ്. പണ്ട് സാമൂതിരി രാജാവ് അരിയിട്ടു വാഴ്ചയ്ക്കായി നെടിയിരിപ്പിൽ പോയി കാരണവന്മാരുടെ അനുഗ്രഹം തേടി മടങ്ങിയെത്തുമ്പോൾ പൗരമുഖന്മാർ കല്ലായിക്കടവത്തായിരുന്നുവത്രെ അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. ഒരു മുസ്ലിം സ്ത്രീയിൽനിന്ന് താംബൂലം സ്വീകരിക്കുന്ന ചടങ്ങ് കടവത്ത് അരങ്ങേറാറുണ്ടായിരുന്നുവത്രെ. അക്കാലത്തൊന്നും കല്ലായിക്കടവത്ത് പാലമുണ്ടായിരുന്നില്ല. ബ്രീട്ടീഷ് ഭരണം മലബാറ്റിൽ ആരംഭിച്ചതോടെയാണ് കല്ലായിക്കടവത്ത് പാലം വേണമെന്ന് അവർക്ക് തോന്നിയത്. തോന്നുക മാത്രമല്ല ആശയം നടപ്പാക്കുകയും ചെയ്തു. ഏറനാട്ടിലെ സ്വർണ ഖനനം ഇതിനവരെ പ്രോത്സാഹിപ്പിച്ചു എന്നതാണ് വാസ്തവം.

1813 ലാണ് കല്ലായിക്കടവത്ത് പാലമുയരുന്നത്. പക്ഷേ, 1833 ൽ മലബാർ കലക്ടറായിരുന്ന ക്ലമന്റ് സ്റ്റണും എക്സിക്യൂട്ടീവ് എഞ്ചിനീയറായുന്ന റോസും തമ്മിൽ നടത്തിയ ചില എഴുത്തുകുത്തുകളിൽ നിന്നാണ് കല്ലായിപ്പാലത്തിന്റെ ചരിത്രം ചുരുളഴിയുന്നത്. 1832 ൽ കല്ലായിപ്പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നായിരുന്നു എഴുത്തുകുത്തുകൾ. കോഴിക്കോട് തഹസിൽ കലക്ടർക്ക് ഒരു റിപ്പോർട്ട് അയച്ചത് ഇങ്ങനെ: ” കല്ലായിപ്പാലത്തിന് കാര്യമായ കേടുപാടുകൾ പറ്റിയിരിക്കുന്നു. ജനങ്ങൾ ഇതുമൂലം വളരെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എത്രയും പെട്ടെന്ന് കല്ലായിപ്പാലം നന്നാക്കിയേ പറ്റൂ.”
കത്ത് കിട്ടിയപ്പോൾ മലബാർ കലക്ടർ എന്തുകൊണ്ടാണ് കല്ലായിപ്പാലം തകരാറിലായതെന്നും അതോടൊപ്പം കല്ലായിപ്പാലത്തിന്റെ ചരിത്രം എന്തെന്നും തന്നെ അറിയിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പട്ടു.
എഞ്ചിനീയറുടെ മറുപടിയിൽ നിന്ന് നമുക്ക് ഈ ചരിത്രം കേൾക്കാം: ” സർ, കല്ലായിക്കടവത്തൊരു പാലം കെട്ടുന്നത് മലബാറിൽ നമ്മൾ അധികാരത്തിൽ വന്നതിനു ശേഷമാണ്, കൃത്യമായി പറഞ്ഞാൽ 1813 ൽ. അക്കാലത്ത് തലശ്ശേരിയിൽ തമ്പടിച്ചിരുന്ന നമ്മുടെ പട്ടാളക്കാർ ഊണും ഉറക്കവും കളഞ്ഞാണ് ഈ പാലം നിർമിച്ചിട്ടുള്ളത്. മിലിട്ടറിയുടെ സാപ്പേഴ്സ് ആൻഡ് മൈനേഴ്സ് എന്ന വിഭാഗമാണ് പാലമുണ്ടാക്കിയത്. അക്കാലത്ത് നിർമാണച്ചെലവിനായി നമുക്ക് 10,410 രൂപ പത്തണ ചെലവായി. തുടർന്ന് പാലം ഉപയോഗിക്കുന്നവരിൽ നിന്ന് നാം ടോൾ പിരിച്ചിരുന്നു. ചുരുങ്ങിയ സമയംകൊണ്ടുതന്നെ എല്ലാ ചെലവുകളും കഴിഞ്ഞ് 20,000 രൂപ ലാഭം കിട്ടിയിരുന്നു. എന്നാൽ അതേവർഷം തന്നെ പാലത്തിന്റെ ചില കാലുകൾ ഒഴുകിപ്പോയി. 1817 ലും ഇതാവർത്തിച്ചു. 3443 ഉറുപ്പിക 14 അണ മൂന്ന് പൈ ചെലവാക്കി നാമിത് നന്നാക്കിയെടുത്തു. ഒഴുക്കിന്റെ ശക്തി താങ്ങാൻ കഴിയാത്തതു കൊണ്ടും അറ്റകുറ്റപ്പണികൾ അതതു സമയം ചെയ്യാതിരിക്കുന്നതു കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. 1828 ൽ വീണ്ടും തൂണുകൾ ഒഴുകിപ്പോയി. ഇത്തവണ നമുക്ക് 700 ഉറുപ്പിക 11 അണ രണ്ട് പൈ ചെലവായി. തുടർന്ന് കഴിഞ്ഞവർഷം വരെ തകരാറൊന്നും പാലത്തിനുണ്ടായില്ല. എന്നാൽ ഇക്കുറി കനത്ത നാശനഷ്ടം വരെ ഉണ്ടായിരിക്കുന്നു. പാലത്തിന്റെ തൂണുകൾ കല്ലുകൊണ്ട് നിർമിക്കേണ്ടിയിരിക്കുന്നു “. ഈ എഴുത്തിൽനിന്ന് കല്ലായിപ്പാലത്തിന്റെ ആദ്യ രൂപത്തെക്കുറിച്ച് മനസ്സിലായിക്കാണുമല്ലൊ. ഏറെക്കുറെ ഇതൊരു മരപ്പാലമായിരുന്നു.

1833 ൽ കേടുപാടുകൾ തീർത്തുകൊണ്ട് കൽത്തൂണുകളുമായി കല്ലായിപ്പാലം പണിതീർന്നു. 1888 ൽ റെയിൽവേ ഗതാഗതം കോഴിക്കോട്ടേക്ക് നീട്ടിയപ്പോൾ കല്ലായിപ്പുഴക്ക് കുറുകെ റെയിൽവേക്കുവേണ്ടി ഇരുമ്പുപാലം നിലവിൽ വന്നു. പിന്നീട് സമാന്തരമായി മറ്റൊരു റെയിൽവേ പാലം നിർമിച്ചപ്പോൾ ഇരുമ്പുപാലം റോഡ് ഗതാഗതത്തിനായി വിട്ടു കൊടുത്തു. പിൽക്കാലത്ത് റോഡ് ഗതാഗതത്തിന് പുതിയ കോൺക്രീറ്റ് പാലം നിർമിച്ചതോടെ ഇരുമ്പുപാലം ഉപയോഗിക്കാതായി. റെയിൽവേ പാലം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഇരുമ്പുപാലം റെയിൽവേ പൊളിച്ചുമാറ്റി പുതിയ പാലം നിർമിച്ചു.

( ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *