ലോക കേൾവി ദിനം ആചരിച്ചു

കോഴിക്കോട്: ലോക കേൾവി ദിനത്തോട് അനുബന്ധിച്ച് ദേശീയ ബധിര നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലാതല കേൾവി ദിന പരിപാടികൾ കോഴിക്കോട് ജനറൽ ആശുപത്രിയിൽ സബ് കലക്ടർ ഹർഷിൽ ആർ മീണ ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കേൾവി കുറവ് നേരത്തേ കണ്ടെത്തുന്നതിനാവശ്യനായ വിപുലമായ പരിപാടികൾ വിദ്യാലയ തലങ്ങളിൽ ആസൂത്രണം ചെയ്യണമെന്ന് സബ് കലക്ടർ അഭിപ്രായപ്പെട്ടു. നേരത്തേയുള്ള കണ്ടെത്തൽ ചികിൽസ രീതികൾ ഫലപ്രദവും വേഗത്തിലും ആക്കുന്നതിനും സഹായകമാകും.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗവും പൊതു ശബ്ദ മലിനീകരണങ്ങളും പുതിയ കാലത്തെ കേൾവി കുറവിൻ്റെ പ്രധാന കാരണങ്ങളാണ്. 2025 കഴിയുന്നതോടെ പത്തിൽ ഒരാൾക്ക് കേൾവി പ്രശ്നം ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഭാവിയിൽ ഇതൊരു പൊതുജനാരോഗ്യ പ്രശ്നമായി തീർന്നേക്കാം.

ചിന്താഗതികൾ മാറ്റുക, കാതിൻ്റെയും കേൾവിയുടെയും സംരക്ഷണം എല്ലാവരിലും സാധ്യമാക്കാൻ സ്വയം പ്രാപ്തരാക്കുക എന്ന പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് 2025 വർഷത്തെ ദിനാചരണം.

ദേശീയ ബധിര നിയന്ത്രണ പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. ടി എൻ സുരേഷ് വിഷയാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ഡി പി എം ഡോ. സി കെ ഷാജി, ആർ എം ഒ ഡോ. ഭാഗ്യരൂപ, ഇ എൻ ടി മെഡിക്കൽ കൺസൾട്ടൻ്റ് ഡോ. പി ജി ധന്യ, ലേ സെക്രട്ടറി എ ജയരാജൻ, സിന്ധു ഡി നായർ എന്നിവർ സംസാരിച്ചു. ഗവ. ജനറൽ ആശുപത്രി മെഡിക്കൽ കൺസൾട്ടൻ്റ് ഡോ. ഷാജഹാൻ സ്വാഗതവും ദേശീയ ബധിരനിയന്ത്രണ പദ്ധതി ഓഡിയോ മെട്രിക് അസിസ്റ്റൻ്റ് നീതു എറാങ്കോട്ട് നന്ദിയും പറഞ്ഞു.

ദിനാചരണത്തോടനുബന്ധിച്ച് കേൾവി വിഷയത്തിൽ നിരവധി അവബോധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *