കോഴിക്കോട്: ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ യുവജനങ്ങളിൽ എച്ച്ഐവി/എയ്ഡ്സ് അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റൺ മാരത്തൺ മത്സരം കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ടൗൺ സർക്കിൾ ഇൻസ്പെക്ടർ ജിതേഷ് പി ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സ്വപ്ന കെ വി അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ദുരന്തനിവാരണ നോഡൽ ഓഫീസർ ഡോ. നവീൻ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർമാരായ ഷാലിമ ടി, ഡോ. മുഹസിൻ കെ ടി, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം ജോർജ്, ഡാറ്റാ മോണിറ്ററിങ് ഇവാലുവേഷൻ ഓഫീസർ പ്രിയേഷ് എൻ ടി എന്നിവർ സംസാരിച്ചു. സുരക്ഷാ പ്രൊജക്റ്റ്, ഐ സി ടി സി, ജില്ലാ ടി ബി കേന്ദ്രം, ജില്ലയിലെ ആരോഗ്യ വകുപ്പ് എന്നിവയിലെ ജീവനക്കാർ ചേർന്ന് മത്സരം നിയന്ത്രിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകൾ, ഹയർ സെക്കൻഡറി, സ്കൂളുകൾ, പോളിടെക്നിക്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള 17 നും 25 നും ഇടയിൽ പ്രായമുള്ള 150 ഓളം യുവജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. പുരുഷ, വനിത, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ക്യാഷ് പ്രൈസും സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിലേക്കുള്ള യോഗ്യതയും നേടി. യുവജനങ്ങൾക്കിടയിൽ എച്ച്ഐവി/എയ്ഡ്സ്, ലഹരി മരുന്നുകളുടെ ദുരുപയോഗം എന്നിവ തടയുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, ഫ്ലാഷ് മോബ് മത്സരം എന്നിവയും കൂടി യൂത്ത് ഫെസ്റ്റ് പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്.

